16 January Saturday

6 വരി ദേശീയപാത വികസനം കാസർകോട്ടെ ടെൻഡർ തുറന്നു; പ്രവൃത്തി ഒക്‌ടോബറിൽ

സ്വന്തം ലേഖകൻUpdated: Saturday Aug 8, 2020
കാസർകോട്‌
സംസ്ഥാനത്ത്‌ ആറുവരി ദേശീയപാത വികസനത്തിന്‌ സുപ്രധാന ചുവടുവെപ്പായി കാസർകോട്‌ ജില്ലയിലെ രണ്ട്‌ റീച്ചുകളിലെ  ടെൻഡർ വ്യാഴാഴ്‌ച തുറന്നു. തലപ്പാടി–- ചെങ്കള, ചെങ്കള–- നീലേശ്വരം റീച്ചുകളുടെ ടെൻഡറാണ്‌ തുറന്നത്‌. ഡൽഹിയിലെ ദേശീയപാത അതോറിറ്റി ഓഫീസിൽ  പരിശോധന പുരോഗമിക്കുന്നു. പ്രവൃത്തിക്കാവശ്യമായ 90 ശതമാനം ഭൂമി ലഭിക്കുന്നതോടെ ടെൻഡർ അനുവദിക്കുമെന്ന്‌ ദേശീയപാത വികസനം കോഴിക്കോട്‌ മേഖല പ്രൊജക്ട്‌ ഡയരക്ടർ നിർമൽ മനോഹർ സാഡെ പറഞ്ഞു. ഒക്‌ടോബറോടെ റോഡ്‌ പ്രവൃത്തി തുടങ്ങാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. കോവിഡ്‌ വ്യാപനം  മാർഗതടസമാകുന്നുണ്ട്‌. 
  തലപ്പാടി–- ചെങ്കള റീച്ച്‌ 1968.84 കോടി രൂപ ചെലവിട്ടാണ്‌ വികസിപ്പിക്കുന്നത്‌. ചെങ്കള–- നീലേശ്വരം റീച്ചിന്റെ ചെലവ്‌ 1107.56 കോടി രൂപയാണ്‌. തലപ്പാടി മുതൽ കാലിക്കടവ്‌ വരെയുള്ള  45 മീറ്റർ വീതിയിലുള്ള  87 കിലോമീറ്റർ ആറുവരി ദേശീയപാതക്കായി 94 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. ഇതിൽ 40 ഹെക്ടർ സ്വകാര്യ ഭൂമി  നഷ്ടപരിഹാരം നൽകി ഏറ്റെടുത്തു. ശേഷിക്കുന്ന ഭൂമിക്ക്‌ നഷ്ടപരിഹാരം നൽകുന്ന നടപടിക്രമം വേഗത്തിലാക്കി. കേന്ദ്ര, സംസ്ഥാന  സർക്കാരുകളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളും തുടരുന്നു.  നഷ്ടപരിഹാരത്തിൽ 75 ശതമാനം ദേശീയപാത അതോറിറ്റിയും  25 ശതമാനം സംസ്ഥാന സർക്കാരുമാണ്‌ നൽകുന്നത്‌. കാസർകോട്‌ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ തുക നഷ്ടപരിഹാരം ലഭിച്ചത്‌. 33 ഹെക്ടറിലെ നഷ്ടപരിഹാരമായി 681.96 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top