20 April Tuesday

പ്രിയചങ്ങാതി പോവുകയാണ്‌; 
യാത്രയാക്കാൻ ഇടറും മനസ്സ്‌ മാത്രം

രജിത് കാടകംUpdated: Thursday Apr 8, 2021

കാസർകോട് ചൈൽഡ് ഹോമിൽ നിന്ന് ദത്തെടുത്ത കുട്ടിയെ കൊണ്ടുപോകാനായി ഒരുക്കുന്ന വിദേശദമ്പതികൾ

പരവനടുക്കം 
നാളിതുവരെ ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്ന  പ്രിയ കൂട്ടുകാർക്ക്‌ കണ്ണീരടക്കാൻ കഴിഞ്ഞില്ല. ചങ്ങാതിക്ക്‌ നല്ലതുവരുമ്പോൾ, കരയേണ്ടനിമിഷമല്ല ഇതെന്ന്‌ എല്ലാവർക്കും അറിയാം. എന്നിട്ടും വിങ്ങലടക്കാനവർക്കായില്ല.  കാസർകോട് പരവനടുക്കത്തെ ചൈൽഡ് ഹോമിൽ ബുധനാഴ്ച ഉച്ച തിരിഞ്ഞ് സന്തോഷവും സങ്കടവും ചേർന്നുള്ള  വൈകാരിക നിമിഷമായിരുന്നു. അവരുടെ പ്രിയപ്പെട്ട ഏഴു വയസ്സുകാരൻ ചങ്ങാതി പുതുജീവിതത്തിലേക്ക് കടക്കുകയാണ്‌.  യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ നിന്നെത്തിയ ഹെർബെർട്- മാർസെലിൻ പുതുവസ്ത്രമണിയിക്കുന്ന തിരക്കിലും.   പ്രിയ കൂട്ടുകാരും ജീവനക്കാരും ശിശുക്ഷേമ പ്രവർത്തകരും അവനെ  നോക്കി ഇരിപ്പാണ്.  സന്തോഷത്തിലും പിരിയുന്ന സങ്കടത്തിലും.  
കാസർകോട് കാടകം സ്വദേശിയായ കുട്ടി അമ്മ നഷ്ടപ്പെട്ടപ്പോൾ തളിപ്പറമ്പ് പട്ടുവത്തെ ചൈൽഡ്‌ ഹോമിലെത്തി. അഞ്ചു വയസ്സായതോടെ കാസർകോടേക്ക് മാറ്റി. യൂറോപ്യൻ ദമ്പതികൾ നിയമപരമായി കുട്ടിയെ ഏറ്റുവാങ്ങി തളിപ്പറമ്പിലേക്ക് തിരിച്ചു. മാൾട്ടയിൽ സഹോദരങ്ങൾ, അമ്മാവൻ, അമ്മായി, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ കാത്തിരിക്കുകയാണെന്ന്‌  ദത്തെടുത്ത അമ്മ മാർസെലിൻ പറഞ്ഞു. നല്ലൊരു വീടുണ്ട്. ഞങ്ങളുടെ സ്നേഹനിധി എത്തുന്നതോടെ അത് അർഥപൂർണമാകും. മാർസെലിൻ പറഞ്ഞു.  വ്യാഴാഴ്ച വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാൾട്ടയിലേക്ക് പറക്കും.
കുട്ടിയെ  കൈമാറുന്ന ചടങ്ങ് ജില്ലാ വനിതാ ശിശുക്ഷേമ വികസന ഓഫീസർ കവിതാറാണി രഞ്ജിത്ത് ഉദ്ഘാടനം ചെയ്‌തു. സിഡബ്ല്യൂസി ചെയർമാൻ അഡ്വ മണിയമ്മ അധ്യക്ഷയായി. സി എ ബിന്ദു, എം ആർ ശിവപ്രസാദ്, ഡോ. നാരായണ നായക് എന്നിവർ സംസാരിച്ചു. സൂപ്രണ്ട് ടി കെ ഉസ്‌മാൻ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top