28 May Thursday

ക്ഷേമപെൻഷൻ കുരുങ്ങില്ല; കരുതലോടെ ട്രഷറി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കാസർകോട്‌

ലോക്ക്‌ഡൗൺ ജില്ലയിലെ ട്രഷറി പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. ധനമന്ത്രി പ്രഖ്യാപിച്ച മാർച്ച് 27ന്  കൃത്യമായി രണ്ട് മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ തുക സഹകരണ ബാങ്കുകൾക്ക് നൽകി ജില്ലാ ട്രഷറിയിലെ ജീവനക്കാർ.  സബ് ട്രഷറികൾ പ്രവർത്തി നടത്താതിരുന്നതിനാൽ മുഴുവൻ തുകയും നൽകിയത് ജില്ലാ ട്രഷറിയിൽ നിന്നായിരുന്നു.  കഴിഞ്ഞ 27ന് തന്നെ 8.75 കോടി രൂപ വിവിധ സഹകരണ ബാങ്കുകളിലേക്കായി എത്തി കഴിഞ്ഞിരുന്നു. 
അഞ്ച് മാസത്തെ സാമൂഹ്യക്ഷേമ പെൻഷനുകൾ ഏപ്രിൽ എട്ട് മുതൽ വിതരണം ചെയ്യണമെന്നിരിക്കെ അതിനായുള്ള തിരക്കിട്ട പ്രവർത്തനങ്ങളിലാണ് ജീവനക്കാർ. സാമ്പത്തിക വർഷാരംഭത്തിന്റെ തിരക്കുകൾക്കൊപ്പം പകർച്ചവ്യാധികൂടി ആയപ്പോൾ ജോലിഭാരം ഇരട്ടിച്ചെങ്കിലും സേവനം ഉറപ്പുനൽകുന്നതിൽ ട്രഷറി ജീവനക്കാർ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. വാർധക്യ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയവയുടെ ഏപ്രിൽ മാസത്തെ വർധിപ്പിച്ച പെൻഷൻ തുകയടക്കം അഞ്ച് മാസത്തെ പെൻഷൻ തുകയായി 6100 രൂപയാണ് ഓരോരുത്തർക്കും ലഭിക്കുക. ഏപ്രിൽ മാസത്തെ പെൻഷൻ മുൻകൂട്ടി ലഭിക്കും. 
35 ജീവനക്കാർ ജോലി നോക്കി വരുന്ന ജില്ലാ ട്രഷറിയിലെ ജോലിക്കാരെ മൂന്ന് ഷിഫ്റ്റുകളാക്കി തിരിച്ചാണ് നിലവിൽ ട്രഷറി പ്രവർത്തനം.  20 പേരെ പ്രതിനിധീകരിച്ച് ഒരാൾ എന്ന കണക്കിൽ ആളുകൾ ട്രഷറിയിൽ എത്തിയാൽ മതിയെന്ന നിർദേശം ഫലം കണ്ടെന്ന് ജില്ലാ ട്രഷറി സൂപ്രണ്ട് ഒ ടി ഗഫൂർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top