28 May Thursday
അതിർത്തി തുറന്നില്ല

രോഗികൾ കാത്തിരുന്ന്‌ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കാസർകോട്‌

മംഗളൂരുവിലേക്കുള്ള രോഗികളെ കടത്തിവിടുമെന്ന്‌ കർണാടക സർക്കാർ കേരള സർക്കാരിനെ അറിയിച്ചിട്ടും വാക്ക്‌പാലിച്ചില്ല. നിരവധി രോഗികൾ ചൊവ്വാഴ്‌ച രാവിലെ മുതൽ തലപ്പാടി ദേശീയപാത ചെക്ക്‌പോസ്‌റ്റിൽ എത്തി. എന്നാൽ ഉത്തരവ് കിട്ടിയിട്ടില്ലെന്നും കടത്തിവിടില്ലെന്നുമായിരുന്നു  കർണാടക പൊലീസിന്റെ നിലപാട്‌. പരിശോധനയ്‌ക്ക്‌ കർണാടകയുടെ മെഡിക്കൽ സംഘം ഉണ്ടാകുമെന്ന്‌ അറിയിച്ചിട്ടും ആരുമുണ്ടായില്ല. 
ആംബുലൻസിലെത്തിയ കണ്ണൂർ മൊറാഴയിലെ സി എൻ മോഹനന്റെ മകൻ ആദിത്‌ ഗോവിന്ദ്‌, കാറിലെത്തിയ പയ്യന്നൂർ അന്നൂരിലെ ശാന്ത എന്നിവർ കാത്തുനിന്ന്‌ മടുത്ത്‌ വൈകിട്ട്‌ നാലോടെ മടങ്ങി. കാസർകോട്‌ ജില്ലയിൽനിന്നുള്ളവരും രോഗികളുമായി എത്തിയിരുന്നു. തുടർചികിത്സയ്‌ക്കായാണ്‌ ഇവരൊക്കയും മംഗളൂരുവിലെ ആശുപത്രികളിലേക്ക്‌ പോകാൻ ശ്രമിച്ചത്‌.
കർണാടക, കേരള ചീഫ്‌ സെക്രട്ടറിമാരുടെ ചർച്ചയിലുണ്ടായ ധാരണയിൽ സുപ്രീംകോടതി രാവിലെ കേസ്‌ തീർത്തിരുന്നു. വൈകിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയുടെ ഉത്തരവ്‌ വാർത്താസമ്മേളനത്തിൽ വായിക്കുകയും ചെയ്‌തു. എന്നാൽ ബംഗളൂരുവിൽ ഇറങ്ങിയ ഉത്തരവ്‌ ദക്ഷിണ കന്നഡ ജില്ലയിൽ കിട്ടിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം. രാത്രിയായിട്ടും രോഗികൾക്കായി അതിർത്തി തുറന്നിട്ടില്ല. രോഗികളെ കടത്തിവിടാനുള്ള കടുത്ത നിബന്ധനകൾ വലിയ പ്രയാസമുണ്ടാക്കും. കേരളത്തിൽനിന്നുള്ള രോഗികൾക്ക്‌ പരമാവധി ചികിത്സ നിഷേധിക്കാനുള്ള  രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമാണിത്‌.
അതിർത്തി കടക്കാൻ കർശന നിബന്ധന
മംഗളൂരു
കേരളത്തിൽനിന്നുള്ള രോഗികൾക്ക് കർണാടക അതിർത്തി കടക്കാൻ കർശന നിബന്ധനകൾ. സുപ്രീംകോടതി നിർദേശ പ്രകാരം അതിർത്തിയായ തലപ്പാടി വഴി കേരളത്തിൽനിന്നുള്ള ആംബുലൻസ് കടത്തിവിടാനുള്ള ഉത്തരവിറക്കുന്നത് ചൊവ്വാഴ്‌ച രാത്രിവരെ ദക്ഷിണ കന്നഡ ഭരണകൂടം വൈകിച്ചു. 
അത്യാസന്ന നിലയിലുള്ള രോഗികൾ, റോഡ് അപകടങ്ങളിൽപെട്ടവർ എന്നിവരെ മാത്രമേ മംഗളൂരു ആശുപത്രിയിലേക്ക് കടത്തിവിടു. രോഗികൾ സർക്കാർ ആംബുലൻസിലേ വരാൻപാടുള്ളു. ഈ രോഗികളെ കേരളത്തിൽനിന്നുള്ള സർക്കാർ ഡോക്ടർ പരിശോധിച്ച് കോവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തുകയും അതത് ദേശത്ത് ചികിത്സ ലഭ്യമാകാത്തതു കാരണമാണ് മംഗളൂരുവിലേക്ക് വരുന്നതെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തണം. രോഗിയുടെ കൂടെ ഒരു സഹായി, ഒരു പാരാമെഡിക്കൽ സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർ എന്നിങ്ങനെ മൂന്നുപേരെ മാത്രമേ കടത്തിവിടൂ. അതിർത്തി കടക്കുംമുമ്പ് ആംബുലൻസ് അണുവിമുക്തമാക്കണം. അതിർത്തിയിലുള്ള കർണാടക മെഡിക്കൽ സംഘം ഈ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന്‌  പരിശോധിച്ചശേഷമെ കടത്തിവിടൂ. നിബന്ധനകളുടെ ലിസ്റ്റ് കാസർകോട് കലക്ടർക്ക് കൈമാറിയിയെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ചൊവ്വാഴ്‌ചയും തലപ്പാടിയിൽ കേരളത്തിൽനിന്നുള്ള ആംബുലൻസ് തടഞ്ഞിരുന്നു.--
പ്രധാന വാർത്തകൾ
 Top