ചെറുവത്തൂർ
അരങ്ങിനെ ആത്മാവിന്റെ ഭാഗമായി കരുതിയവരായിരുന്നു അവർ നാലുപേർ. അരങ്ങിനെ ഉണർത്തിയ അതേ ഊർജത്തിൽ നാടിനെയും ഉണർത്തിയ പ്രശസ്‌തരായ നാലുസംഘാടകരായിരുന്നു കണ്ണാടിപ്പാറയിൽ നടക്കുന്ന ലൈബ്രറി കൗൺസിൽ സംസ്ഥാന അമച്വർ നാടകോത്സവ സംഘാടക സമിതി ഓഫീസ് ഉദ്‌ഘാടനം ചെയ്‌തത്.
മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, മുൻ ജില്ലാബാങ്ക് പ്രസഡിന്റ് എം വി കോമൻ നമ്പ്യാർ, നാടക രചയിതാവ് വാസു ചോറോട്, നാടക ഗാനരചയിതാവ് കൊടക്കാട് രാഘവൻ എന്നിവരാണവർ. നിരവധി നാടകങ്ങളിൽ അഭിനയിച്ച കോമൻ നമ്പ്യാർ ചെറുപ്പംമുതലേ നാടകരംഗത്തും സജീവമായിരുന്നു. അഴീക്കോടന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടൊരുക്കിയ ‘ഇരുട്ടിന്റെ സന്തതികൾ’ നാടകത്തിൽ പ്രധാനനടനായി. പെരുമ്പള യുവജന കലാസമിതിയുടെ നിരവധി നാടകങ്ങളിലും വേഷമണിഞ്ഞു. സ്‌കൂൾ നാടങ്ങളിൽ നടനായും നാടകോത്സവങ്ങളുടെ മുഖ്യസംഘാടകനായും സജീവമായിരുന്നു കെ കുഞ്ഞിരാമൻ. നിരവധി നാടങ്ങൾ രചിച്ച് നിരവധി അംഗീകാരങ്ങൾ നേടിയ വാസുചോറോട് സാംസ്‌കാരിക രംഗത്ത് സംഘാടകനായും തിളങ്ങി. വിവിധ സമിതികളിൽ നാടകത്തിൽ വേഷമിടുന്നതോടൊപ്പം നിരവധി നാടക ഗാനങ്ങൾ രചിക്കുകയും ചെയ്‌തയാളാണ് കൊടക്കാട് രാഘവൻ.
കണ്ണാടിപ്പാറ ഗ്രാമീണ ഗ്രന്ഥാലയത്തിൽ ഒരുക്കിയ സംഘാടക സമിതി ഓഫീസ് നാലുപേരുംചേർന്ന് ഉദ്‌ഘാടനം ചെയ്‌തു. ഇ കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, പി വി ചന്ദ്രൻ, പി പ്രമീള, പി പി സുകുമാരൻ, കെ ലളിത എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..