കാസർകോട്
മുളിയാറിലെ ബാലസഭാ അംഗങ്ങൾക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. ഏറെ കൊതിച്ച വിമാനയാത്ര സാധ്യമായതിന്റെ സന്തോഷത്തിലാണിവർ. മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തേക്ക് വിമാനത്തിൽ പറക്കുകയാണ് കുടുംബശ്രീ മുളിയാർ സിഡിഎസിലെ 11 ബാലസഭാംഗങ്ങൾ. ‘ആകാശത്തൊരു കുട്ടിയാത്ര’ എന്ന പേരിൽ തെരഞ്ഞെടുത്ത കുട്ടികൾ ബുധൻ പകൽ മൂന്നിന് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഒമ്പതിന് സെക്രട്ടറിയറ്റ് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. കുടുബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കിന് ബാലസഭ തയ്യാറാക്കിയ ഭാവി പ്രവർത്തന റിപ്പോർട്ട് കൈമാറും. 748 കുട്ടികളാണ് മുളിയാർ ബാലസഭയിലുള്ളത്. വിമാനയാത്ര ചെയ്യാൻ ആഗ്രഹമുള്ള അംഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ച് പൊതുവിഷയത്തിൽ പരീക്ഷ നടത്തി വിജയിച്ചവരെയാണ് യാത്രക്ക് തെരഞ്ഞെടുത്തത്. 11 പേരിൽ അഞ്ച് പേർ സംവരണ വിഭാഗത്തിൽനിന്നാണ്. 26 അപേക്ഷകളാണ് ലഭിച്ചത്. വിശ്രുത് പ്രഭാകരൻ, കെ കൃഷ്ണേന്തു, സി കെ പി സനിത്ത്, വിമായ, കെ ആർ ശിവരാജ്, ആദിത്യ സത്യൻ, ടി പ്രജ്വൽ, ബി ശിവകൃഷ്ണ, വിധു വിജയ്, ഹൃഷികേഷ്, ദീക്ഷ എന്നിവരാണ് കുട്ടിയാത്രക്കാർ. യാത്രക്കുള്ള ചെലവ് സംഭാവനയായാണ് കണ്ടെത്തിയത്. വിമാനയാത്രക്കുള്ള പരിശീലനം സി എച്ച് ഇക്ബാൽ നൽകി. എട്ടിന് രാവിലെ 10ന് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി ഫളാഗ് ഓഫ് ചെയ്യും. വാർത്താസമ്മേളനത്തിൽ കുട്ടികൾക്കൊപ്പം കുടുംബശ്രീ ജില്ലാ മിഷൻ എംഡി എം സി പ്രകാശൻ പാലായി, ഖൈറുന്നീസ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..