കാഞ്ഞങ്ങാട്
കോവളം– ബേക്കൽ ജലപാത പദ്ധതിയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ കോട്ടക്കടവ് മുതൽ അജാനൂർ പഞ്ചായത്തിലെ ചിത്താരിപുഴ വരെ നിർമിക്കുന്ന കൃത്രിമ ജലപാതയുടെ പ്രാരംഭപ്രവർത്തനം വിലയിരുത്താൻ ചൊവ്വാഴ്‌ച വിദഗ്‌ദ സംഘമെത്തും. ഉൾനാടൻ ജലഗതാഗത വകുപ്പ്, നഗരസഭ, കരാറുകാരൻ എന്നിവരാണ് രാവിലെ 10.30ന് കോട്ടക്കടവ് തൂക്കുപാലത്തിന് സമീപം എത്തുക.
നീലേശ്വരം, ചിത്താരി പുഴകൾക്കിടയിൽ 6.5 കിലോമീറ്റർ ദൂരത്തിലാണ് കനാൽ. ഇതിനുള്ള ഭരണാനുമതി ലഭിച്ചു. കനാൽ പാതയിലെ മൂന്ന് മീറ്ററിൽ കുറവ് ഉയരമുള്ള പാലമാണ് ആദ്യം പൊളിച്ചുനീക്കുന്നത്. കോട്ടക്കടവിലെ തൂക്കുപാലം പൊളിച്ച് ഇവിടെ അടുത്തയാഴ്ച മുതൽ ഇരുമ്പ് പാലം പണിയും. 1.5 കോടിയാണ് ചെലവ്. അള്ളംകോട് ചിത്താരിപുഴയിൽ അടുത്ത ഘട്ടത്തിൽ നിർമിക്കുന്ന പാലത്തിന്റെ ഡിസൈനായിട്ടുണ്ട്. കനാലിന്റെ ഇരുഭാഗത്തും റോഡും ആവശ്യമായ ഇടത്ത് മേൽപ്പാലവും ഉണ്ടാകും. ഇതിനുള്ള ഭൂമിയേറ്റെടുക്കൽ തുടങ്ങി.
നീലേശ്വരം– ചിത്താരി നദികളിലെ കൃത്രിമ കനാലിന് ഭൂമിയേറ്റെടുക്കാൻ 178 കോടി രൂപയാണ് അനുവദിച്ചത്. ഭൂമിയേറ്റെടുക്കുന്നത് ഉടമയിൽ നിന്നായതിനാൽ, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരമുള്ള നഷ്ടപരിഹാരമാണ് നൽകുന്നത്. കേരളത്തിലെ ജലഗതാഗതത്തിനും ചരക്കുനീക്കത്തിനും വിനോദ സഞ്ചാരമേഖലക്കും വലിയ സാധ്യതകൾ തുറന്നിടുന്ന പദ്ധതിക്ക് ആറായിരം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. പദ്ധതിക്കായി 2451.24 കോടി രൂപ കിഫ്ബി അനുവദിച്ചു കഴിഞ്ഞു.
കേരളത്തിന്റെ തെക്കു വടക്ക് നീണ്ടുകിടക്കുന്ന ടൂറിസം ഇടനാഴിയായും ഇതു മാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..