Deshabhimani

ഇനിയും ഇഴയരുത്‌ റാണിപുരം വികസനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 10:16 PM | 0 min read

രാജപുരം
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായിട്ടും റാണിപുരം വികസന പദ്ധതികൾ പലതും നടപ്പിലാവാതെ കിടക്കുന്നു. ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടെ പല പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിച്ച സ്ഥിതിയിലാണ്‌. സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികളുടെ  പ്രവൃത്തി ആരംഭിച്ചെങ്കിലും വർഷങ്ങൾ  കഴിഞ്ഞിട്ടും പൂർത്തിയായില്ല.  
വിനോദ സഞ്ചാര വികസനത്തിന്‌ സംസ്ഥാന സർക്കാർ കോടികൾ അനുവദിക്കുമ്പോഴും ഇവ യാഥാർഥ്യമാകുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്ക്. റാണിപുരത്ത്  ട്രെക്കിങ്ങിന് പോകാൻ കഴിയാത്ത കുട്ടികൾക്കും പ്രായമായവർക്കും വിനോദത്തിനായി മറ്റു സൗകര്യങ്ങളൊന്നും  ഇവിടെയില്ല. 2021 ഫെബ്രുവരിയിൽ  പ്രവൃത്തി ഉദ്ഘാടനം ചെയ്ത 99 ലക്ഷം രൂപയുടെ  പദ്ധതി  കല്ലിൽ  ഒതുങ്ങി. കുട്ടികളുടെ പാർക്ക്, നീന്തൽ കുളം, ആയൂർവേദ സ്പാ എന്നിവയുടെ നിർമാണവും  ആരംഭിച്ചില്ല. മൂന്ന് വർഷം മുമ്പ്  മണ്ണ് നീക്കി തറ ഒരുക്കിയെങ്കിലും ഇപ്പോഴും അവിടെ തന്നെ. 
ഡിടിപിസി റിസോർട്ട് നവീകരണവും പൂർത്തിയാക്കാനായില്ല.  ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.  വർഷം നാല്‌ കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനാൽ നിർമിതി കേന്ദ്രത്തിന് നൽകിയ കരാർ റദ്ദ്  ചെയ്തു. 
തുടർന്ന് എസ്റ്റിമേറ്റും നവീകരണ പ്രവൃത്തികളും പുതുക്കി 96 ലക്ഷത്തിന്റെ രണ്ട് നിർമാണമായി കെൽ, സിൽക് കമ്പനികൾക്ക് ടെണ്ടർ നൽകി. എന്നിട്ടും പദ്ധതി പൂർത്തിയായില്ല.  അറ്റകുറ്റപ്പണികൾക്കായി  ഡിടിപിസി റിസോർട്ടിലെ പ്രധാന കെട്ടിടം അടച്ചിട്ട് ഒരു വർഷം കഴിഞ്ഞു. 
റിസോർട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് താമസിക്കാൻ രണ്ടു ക്വാർട്ടേഴ്‌സും പ്രധാന കെട്ടിടത്തിൽ എട്ട്‌ മുറികളുള്ള കെട്ടിടവും ഇപ്പോഴും അറ്റകുറ്റ പണിയുടെ പേരിൽ അടച്ചിട്ടിരിക്കുകയാണ്. ഓരോ വർഷവും സഞ്ചാരികളിൽനിന്നും നല്ല  വരുമാനമായിരുന്നു ടൂറിസം വകുപ്പ് കിട്ടുന്നത്.  അറ്റകുറ്റപണിയുടെ പേരിൽ  ക്വാർട്ടേഴ്‌സുകളും അനുബന്ധ സൗകര്യങ്ങളും  അടഞ്ഞു കിടക്കുന്നതോടെ ടൂറിസം വകുപ്പിന്  കോടികളുടെ വരുമാനം നഷ്ടപ്പെടുകയാണ്.   
 


deshabhimani section

Related News

View More
0 comments
Sort by

Home