11 August Thursday
ബിജെപി

നടപടിയെടുത്താൽ പണി കിട്ടും; കുഴഞ്ഞ്‌ സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
കാസർകോട്‌
ജില്ലയിൽ ബിജെപിയിലെ പ്രശ്‌നം പരിഹരിക്കാനാകാതെ സംഘ പരിവാർ കുഴയുന്നു.  പലതവണ യോഗങ്ങൾ ചേർന്നിട്ടും തീരുമാനമെടുക്കാനാകുന്നില്ല. ജില്ലാ കമ്മിറ്റി ഓഫീസ്‌ അടച്ചിട്ട്‌ ഉപരോധം നടത്തുന്നവർ ആവശ്യപ്പെടുന്നവർക്കെതിരെ നടപടിയെടുക്കാൻ അശക്തരാണ്‌ പരിവാർ നേതൃത്വം. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അടുത്തയാളുകളായ സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്‌, നേതാക്കളായ സുരേഷ്‌കുമാർ ഷെട്ടി, കെ മണികണ്‌ഠ റൈ എന്നിവർക്കെതിരെയാണ്‌ നടപടി ആവശ്യപ്പെടുന്നത്‌. ഇവർക്കെതിരെ നടപടിയെടുത്താൽ പാർടിക്ക്‌ പണി കിട്ടുമെന്നാണ്‌ നേതാക്കളുടെ അഭിപ്രായം. തങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഇവർ നേതൃത്വത്തെ വെല്ലുവിളിക്കുന്നുണ്ട്‌. തെറ്റ്‌ ചെയ്യാത്തതിനാൽ ഭയമില്ലെന്നാണ്‌ ഇവരുടെ വാദം. ഉപരോധം പതിവ്‌ നാടകമായി അവസാനിക്കും. ജില്ലാ പ്രസിഡന്റ്‌ രവീശ തന്ത്രിയുടെ കഴിവില്ലായ്‌മയാണ്‌ പാർടിയിലെ പ്രശ്‌നങ്ങൾ ആളിക്കത്താൻ കാരണം. കുമ്പളയിലെ സംഘടനാ പ്രശ്‌നം കെ ശ്രീകാന്ത്‌ ജില്ലാ പ്രസിഡന്റായ സമയത്തല്ല ഉയർന്നതെന്നാണ്‌ അദ്ദേഹത്തിന്റെ കൂടെയുള്ളവർ പറയുന്നത്‌. സംഘടനാ പ്രശ്‌നങ്ങൾ കൈകകാര്യം ചെയ്യുന്നതിൽ പുതിയ ജില്ലാ കമ്മിറ്റി കാണിച്ച വീഴ്‌ചയാണ്‌ ഇത്തരത്തിലെത്തിച്ചത്‌. 
പ്രശ്‌നങ്ങൾ കെ ശ്രീകാന്ത്‌ വരുത്തിവച്ചതെന്ന്‌
കഴിഞ്ഞ ജില്ലാ കമ്മിറ്റി വരുത്തിയ സംഘടനാ പ്രശ്‌ങ്ങളാണ്‌ ഇപ്പോൾ തലവേദനയായി മാറിയിരിക്കുന്നതെന്ന്‌ രവീശ തന്ത്രിയുടെ കൂടെയുള്ളവർ പറയുന്നത്‌. കെ സുരേന്ദ്രൻ, കെ ശ്രീകാന്ത്‌ എന്നിവർക്കെതിരാണ്‌ ഇവരുടെ രോഷം. സംഘടനാ പ്രശ്‌നങ്ങൾ തീർക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം കൂട്ടാക്കുന്നില്ല. ജില്ലയിൽ സംഘടനയിൽ ഒരു പ്രശ്‌നവുമില്ലെന്നാണ്‌ കാസർകോടെത്തിയ കെ സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട്‌ പരസ്യമായി പറഞ്ഞത്‌. ഇത്‌ പ്രവർത്തകരെയും ഒരു വിഭാഗം നേതാക്കളെയും പ്രകോപിപ്പിച്ചു. തുടർന്നാണ്‌ കെ ശ്രീകാന്തിന്റെ ചിത്രമുള്ള ബോർഡിൽ ചെരുപ്പ്‌ മാലയിട്ട്‌ പരസ്യമായി പ്രദർശിപ്പിച്ചത്‌. പ്ലക്കാർഡുകളുമായി രാത്രിയിൽ കാസർകോട്‌ നഗരത്തിൽ പ്രതിഷേധവും നടത്തി.

ജില്ലാ കമ്മിറ്റി ഓഫീസ്‌ 
ഉപരോധിച്ചവർക്കെതിരെ നടപടിയില്ലേ

ജില്ലാ കമ്മിറ്റി ഓഫീസ്‌ കൈയേറി ഉപരോധിച്ചിട്ടും കെ സുരേന്ദ്രനെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചിട്ടും  വിമത വിഭാഗത്തിനെതിരെ നടപടിയെടുക്കാത്തതിൽ കെ ശ്രീകാന്ത്‌ വിഭാഗം ജില്ലാ പ്രസിഡന്റിനെ കുറ്റപ്പെടുത്തുന്നു. കാസർകോട്‌ നഗരസഭാ കൗൺസിലർ പി രമേശൻ, മുൻ കൗൺസിലർ കെ ശങ്കരൻ, പാർടിയുടെ പൈവളികെ പഞ്ചാത്ത്‌ പ്രസിഡന്റായിരുന്ന ലോകേഷ്‌ നോഡ എന്നിവരാണ്‌ വിമത വിഭാഗത്തിന്‌ നേതൃത്വം നൽകുന്നത്‌. എന്തിനും തയ്യാറായ ചില പ്രവർത്തകരുടെ ബലത്തിൽ പാർടിയെ ഭയപ്പെടുത്തിയുള്ള വിമത പ്രവർത്തനത്തിന്‌ സംഘടന വലിയ വില നൽകേണ്ടി വരുമെന്നാണ്‌ ജില്ലാ പ്രസിഡന്റിനെ എതിർക്കുന്നവർ പറയുന്നത്‌. സംഘടനാ പ്രശ്‌നങ്ങളിൽ ജനറൽ സെക്രട്ടറിമാരായ എ വേലായുധൻ, വിജയ്‌ റൈ എന്നിവർ മൗനം പാലിക്കുന്നതിനാൽ രവീശ തന്ത്രി ഒറ്റപ്പെട്ടിരിക്കുകയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top