22 September Sunday
വീട് നിർമാണം

ചെയർമാനും ഒപ്പം ചേർന്നു; തൊഴിലാളികൾക്ക്‌ ആവേശം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

മേലടുക്കത്തെ സതി ‐- അശോകൻ ദമ്പതികളുടെ വീട് നിർമാണത്തിൽ കോൺക്രീറ്റ് ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ.

കാഞ്ഞങ്ങാട്

നഗരഭരണത്തോടൊപ്പം കോൺക്രീറ്റ് പണിയും  വഴങ്ങുമെന്ന് തെളിയിച്ച് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ. രോഗം തളർത്തിയ ഭാര്യ സതിക്കൊപ്പം പ്ലാസ്റ്റിക് കൂരയിൽ കഴിയുന്ന മേലടുക്കത്തെ  അശോകന് നിർമിക്കുന്ന വീടിന്റെ കോൺക്രീറ്റ് ജോലിക്കാണ് ചെയർമാൻ തൊഴിലാളികൾക്കൊപ്പം ചേർന്നത‌്. ലുങ്കിയും  ഷർട്ടുമായി കൂടെ കൂടിയപ്പോൾ തൊഴിലാളികൾക്കും ആവേശം.  ഒരു ചാക്ക് സിമന്റിന് അഞ്ചു ചട്ടി  ജില്ലിയും മൂന്നുചട്ടി എംസാന്റും എന്ന അനുപാതത്തിൽ  കോൺക്രീറ്റ് കൂട്ട് ഉണ്ടാക്കുന്നതിൽ തൊട്ട് ഷൗവ്വൽ ഉപയോഗിച്ച് കോരിയെടുക്കുന്നതിലും കമ്പി വിരിച്ച സ്ലാബിനു മുകളിൽ കയറി ഇരുമ്പു ദണ്ഡു കൊണ്ട് മിശ്രിതം കുത്തി നിറയ്ക്കുന്നതിലും ചെയർമാൻ ഇടപെട്ടു. . അമുദാബി ഗ്ലോബൽ  ചാരിറ്റബിൾ  ഡ്രൈവിന്റെ ഭാഗമായി ഭാരതീയ വിദ്യാഭവന്റെ  കീഴിൽ പ്രവർത്തിക്കുന്ന  പ്രൈവറ്റ് ഇന്റർനാഷണൽ ഇംഗ്ലീഷ് സ്കൂൾ വൈസ് പ്രിൻസിപ്പൽ വി സുരേഷും ഫിസിക്കൽ ട്രെയിനർ ഷിജിനയുമാണ് അര ലക്ഷം രൂപ ചെലവിൽ   കോൺക്രീറ്റിനാവശ്യമായ  സിമന്റും മറ്റും ഇറക്കിക്കൊടുത്തത്.
കുടുംബത്തിന് കൂടി അവകാശമുണ്ടായിരുന്ന ഭൂമിയിൽ വീട് വയ‌്ക്കുന്നതിന് സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബാണ് ഭാരിച്ച സംഖ്യ ചെലവഴിച്ച് അശോകന്റെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്ത് കൊടുത്തത്. സാങ്കേതിക  തടസ്സം നീങ്ങിയതോടെ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ പൈരടുക്കം പ്രിസം ആർട്സ് ആൻഡ‌് സ്പോർട്സ് ക്ലബ‌് പ്രവർത്തകർ നാട്ടുകാരുടെ  സഹകരണത്തോടെ വീട് നിർമാണം തുടങ്ങി.
അരയി വൈറ്റ് ആർമി  പ്രവർത്തകരാണ്  2000 മണിക്കൂർ അധ്വാനം സേവനമായി നൽകി  തറയുടെയും  ഭിത്തിയുടെയും നിർമാണം പൂർത്തിയാക്കിയത്. രാവിലെ നടന്ന കോൺക്രീറ്റ് ജോലിക്ക‌് കൗൺസിലർ കെ ലത,  വി സുരേഷ്, വേണു പെരളം,  കൊടക്കാട് നാരായണൻ, ജി ജയൻ, സാലു പാർക്കോ എന്നിവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top