07 July Tuesday

പ്രവാസികളുടെ വരവ്‌ ലീഗിന്റെ നുണ പണ്ടേപ്പോലെ ഫലിക്കുന്നില്ല

സ്വന്തം ലേഖകന്‍Updated: Saturday Jun 6, 2020
കാസർകോട്‌
പ്രവാസികളുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ നുണ പ്രചാരണവുമായി മുസ്ലീം ലീഗ്‌. ബിജെപി നേതാവിന്റെ  വായ്‌ത്താരി ഏറ്റെടുത്ത്‌ വിദേശത്ത്‌ നിന്ന്‌ പ്രവാസികളെ സംസ്ഥാന സർക്കാർ വരാൻ അനുവദിക്കില്ലെന്ന്‌ നുണ പ്രചരിപ്പിക്കുകയാണ്‌ ലീഗ്‌ നേതാക്കൾ. രോഗവ്യാപനം നിയന്ത്രിച്ചു കോവിഡിൽ നിന്ന്‌ കരകയറുകയാണ്‌ ജില്ല . ആ നിയന്ത്രണങ്ങളൊക്കെ  തകർക്കാനാണ്‌ യുഡിഎഫ്‌ നേതാക്കൾ സംസ്ഥാന വ്യാപകമായി ശ്രമിക്കുന്നത്‌. അതിന്റെ ഭാഗമാണ്‌  ജില്ലയിൽ പ്രവാസികളുടെ പേരിൽ ലീഗ്‌ നടത്തുന്ന മുതലക്കണ്ണീർ.
മൂന്നാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചവർ ഭൂരിഭാഗവും വിദേശത്ത്‌ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്‌.  മഹാരാഷ്‌ട്രയിൽ നിന്നെത്തിയവരാണ്‌ രോഗികൾ കൂടുതലും. വരുന്നവരെ കൃത്യമായി നിരീക്ഷിച്ച്‌  ക്വാറന്റൈനിൽ മാറ്റുന്നതുകൊണ്ടാണ്‌ രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കാത്തത്‌. അത്തരം നിയന്ത്രണങ്ങളൊന്നും പാടില്ല എന്നതാണ്‌ ലീഗ്‌ നേതാക്കളുടെ വാദം.നിയന്ത്രണങ്ങൾ പ്രവാസി കുടുംബങ്ങൾക്ക്‌ പ്രയാസമുണ്ടാക്കുമെന്നത്‌ സ്വാഭാവികമാണ്‌. അത്‌ മുതലെടുക്കാനാണ്‌ യുഡിഎഫും പ്രത്യേകിച്ച്‌ ലീഗും ശ്രമിക്കുന്നത്‌. ക്വാറന്റൈൻ ലംഘനം നടത്തിയാൽ  ബന്ധുക്കളും വേണ്ടപ്പെട്ടവരും തന്നെയാണ്‌ രോഗിയായി മാറുക എന്നറിയാത്തവരല്ല പ്രവാസി കുടുംബങ്ങൾ. എന്നാൽ പ്രവാസി ബന്ധുക്കളുടെ താൽകാലിക വികാരത്തെ ഊതിവീർപ്പിക്കാനുള്ള കുത്തിത്തിരിപ്പുകളാണ്‌  നടക്കുന്നത്‌. അതിനായാണ്‌ ലീഗിന്റെ സമരാഭാസങ്ങൾ.     
പ്രവാസികളെ വിമാനത്തിൽ കൊണ്ടുവരണമെന്ന്‌ ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവർത്തിച്ചുളള ആവശ്യം രാജ്യത്തിന്റെ പൊതുവികാരമായി മാറിയതോടെയാണ്‌ വിദേശത്ത്‌ നിന്നുള്ള വിമാന സർവീസുകൾ ആരംഭിച്ചത്‌. എല്ലാ വിമാനത്താവളങ്ങളിലും  ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌. അതനുസരിച്ച്‌ കാര്യങ്ങൾ സുഗമമായി നടക്കുന്നു. ഗർഭിണികളും കുട്ടികളും ഒഴിച്ചുള്ളവരെ ഏഴ്‌ ദിവസം  സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷിച്ച ശേഷമാണ്‌ വീട്ടിൽ നിരീക്ഷണത്തിലേക്ക്‌ വിടുന്നത്‌.  പ്രവാസികൾ കൃത്യമായി അതുപാലിക്കുന്നുമുണ്ട്‌. ആരോഗ്യ സുരക്ഷാ സജ്ജീകരണങ്ങളിൽ മതിപ്പ്‌ പ്രകടിപ്പിച്ചാണ്‌ തൊണ്ണൂറ്റൊമ്പത്‌ ശതമാനം പ്രവാസികളും  വീടുകളിലേക്ക്‌ മടങ്ങുന്നത്‌.   
സർക്കാരിനെ പ്രശംസിച്ച്‌ പ്രവാസി കുടുംബങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ  നടത്തുന്ന പ്രചാരണങ്ങളാണ്‌ രാഷ്‌ട്രിയതിമിരം ബാധിച്ച നേതാക്കളെ വിളറി പിടിപ്പിക്കുന്നത്‌.  സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലമാക്കുന്ന ലീഗ്‌ –-കോൺഗ്രസ്‌ നേതാക്കളെ   സ്‌ത്രീകൾ അടക്കമുള്ളവർ  പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്‌ ലീഗ്‌ ബന്ധുക്കളിലുണ്ടാക്കുന്ന സ്വീകാര്യതയും നേതൃത്വത്തിന്‌ ഉൾക്കിടലമുണ്ടാക്കുന്നു.
സർക്കാരിനെ ഇകഴ്‌ത്തികാണിക്കാനായി യുഡിഎഫ്‌ നേതാക്കൾ കാട്ടികൂട്ടിയ പേക്കുത്ത്‌ ജില്ലയിലെ ജനങ്ങൾ അടുത്ത നാളുകളിൽ കണ്ടതാണ്‌. അവഎത്രമാത്രം അപകടകരമാണെന്ന്‌ അവർക്ക്‌ ബോധ്യമില്ലെങ്കിലും ജനങ്ങൾ തി്രിച്ചറിയുന്നുണ്ട്‌. ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്നവരെ പാസില്ലാതെ കൊണ്ടുവരുവാനായി യുഡിഎഫ്‌ എംപിയും എംഎൽഎയും നടത്തുന്ന സമ്മർദം, തലപ്പാടി–- അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ ബഹളമുണ്ടാക്കൽ, പ്രവാസികളുമായി വിമാനത്താവളങ്ങളിൽ നിന്നെത്തുന്ന ബസുകൾ തടഞ്ഞ്‌  ബഹളം വയ്‌ക്കാൻ പ്രേരിപ്പിക്കൽ തുടങ്ങിയവ. അതൊന്നും ഫലിക്കാതെവന്നപ്പോൾ അവരുടെ ഇംഗിതത്തിന്‌ വഴങ്ങാത്ത ഉദ്യോഗസ്ഥരുടെ മേൽ കുതിരകയറുകയും രാവും പകലും ജോലി ചെയ്യുന്നവരെ അവഹേളിക്കുകയും ചെയ്യുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top