03 June Wednesday
26 പേരടങ്ങുന്ന വിദഗ്ധ സംഘവുമെത്തി

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്‌ ഹൈടെക്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

കോവിഡ്‌ ആശുപത്രിയാക്കിയ കാസർകോട്‌ ഗവ. മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ കലക്ടർ ഡോ. ഡി സജിത്‌ബാബു വിലയിരുത്തുന്നു

കാസർകോട്‌
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള 26 പേരടങ്ങുന്ന വിദഗ്ധ സംഘവും എത്തിയതോടെ ഉക്കനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ്‌  കെയർ കേന്ദ്രം പൂർണസജ്ജമായി. തിങ്കളാഴ്‌ച മുതൽ രോഗികളെ പ്രവേശിച്ച്‌ തുടങ്ങും.  മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം നാലുദിവസം കൊണ്ടാണ് മെഡിക്കൽ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയത്‌. ആദ്യ ഘട്ടത്തിൽ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും തയ്യാറായി.  100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. ഏഴു കോടി രൂപയോളം രൂപ ചെലവിട്ടുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയത്‌. കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനായി കെഎസ്ഇബി പത്ത് കോടി രൂപ  നൽകും. 
ഡോക്ടർമാർ, ഹെഡ് നഴ്‌സ്, സ്റ്റാഫ് നേഴ്‌സ്‌,  നേഴ്‌സിങ്‌ അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയിലുണ്ടാകുക. 
മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയാക്കിയ അക്കാദമിക്‌ ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കിയത്‌. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന്‌ 11 ഡോക്ടർമാർ, പത്ത് സ്റ്റാഫ് നേഴ്‌സ്‌, അഞ്ച് അസിസ്റ്റന്റ്  നേഴ്‌സ്‌ എന്നിവരാണ് എത്തിയത്‌. ഇവർ കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും രോഗികളെ ചികിത്സിക്കുമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.  കോവിഡ്‌ രോഗികൾ ഏറ്റവും കൂടുതലുള്ള കാസർകോട് ജില്ലയിൽ അനുഭവപ്പെടുന്ന ആരോഗ്യ വിദഗ്ധരുടെ അഭാവം കണക്കിലെടുത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സ്വയം സന്നദ്ധരായാണ് മെഡിക്കൽ സംഘം എത്തിയത്‌. ഏത്‌ സാഹചര്യവും നേരിടാൻ മുൻക്കൂട്ടിയുള്ള വിപുലമായ സംവിധാനങ്ങളാണ്‌ ജില്ലയിൽ ഒരുക്കിയിരുക്കുന്നത്‌. കേന്ദ്ര സർവകലാശാലയിൽ ആരംഭിച്ച വൈറോളജി ലാബിന്റെ പ്രവർത്തനവും തിങ്കളാഴ്‌ച മുതൽ തുടങ്ങും. ദിവസവും 200 ലധികം സാമ്പിളുകൾ പരിശോധിക്കാനാകും. 
സ്വകാര്യ ആശുപത്രികളും കോളേജുകളും സ്‌കൂളുകളും മറ്റ്‌  സ്ഥാപനങ്ങളും അടക്കം നൂറോളം കേന്ദ്രങ്ങൾ കോവിഡ്‌ കെയർ പ്രവർത്തനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്‌. 
പ്രധാന വാർത്തകൾ
 Top