ചെറുവത്തൂർ
ജില്ലയെ പൊന്നണിയിച്ച് അനുപ്രിയയും അഖിലാ രാജുവും പാർവണ ജിതേഷും. സംസ്ഥാന സ്കൂൾ കായികമേളയിലാണ് ജില്ലയുടെ അഭിമാന താരങ്ങളായി ഈ മിടുക്കികൾ തിളങ്ങിയത്. മയിച്ചയിലെ കെ സി ഗിരീഷിന്റെ കെ സി ത്രോ അക്കാദമയിൽ ലഭിക്കുന്ന മികച്ച പരിശീലനവും കുട്ടികളുടെ പരിശ്രമവുംകൂടി ചേർന്നപ്പൊൾ മുമ്പെങ്ങുമില്ലാത്ത വിധം ജില്ല പൊന്നണിഞ്ഞു.
ജൂനിയർ ഷോട്ട് പുട്ടിൽ ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഹയർ സെക്കൻഡറിയിലെ വി എസ് അനുപ്രിയ 15.73 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് തന്നെ മാറ്റിയെഴുതി. ഇളമ്പച്ചിയിലെ
കെ ശശിധരന്റെയും വി രജനിയുടേയും മകളാണ്. പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്. 11ാം വയസു മുതൽ ഷോട്ട് പുട്ടിൽ പരിശീലനം നേടി. ജില്ലാ താരമായിരുന്ന അമ്മയാണ് ആദ്യ ഗുരു. പിന്നീട് കെ സി ത്രോസിലെ ഗിരീഷിന്റെ കീഴിലായി പരിശീലനം.
സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ അഖില എറിഞ്ഞത് 43:40 മീറ്ററാണ്. ഇതും റെക്കോഡ് നേട്ടമാണ്. ഷോട്പുട്ട് മത്സരത്തിലും അഖില തിളങ്ങ ; രണ്ടാമത്തെ സ്വർണവും കഴുത്തിലണിഞ്ഞു. ഗുവാഹത്തിയിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലും സ്വർണം നേടിയിരുന്നു. ചീമേനി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. കരിവെള്ളൂർ പെരളം കിണർമുക്കിലെ ടി എം രാജുവിന്റെയും എം ആർ സിന്ധുവിന്റെയും മകളാണ്.
ആദ്യമായി സംസ്ഥാന മേളയിൽ മത്സരിക്കാനെത്തിയാണ് കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പാർവണ ജിതേഷ് നേട്ടം കൈവരിച്ചത്. സബ്ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണമെഡൽ സ്വന്തമാക്കി. ഷോട്ട്പുട്ട് മത്സരത്തിലും പുതിയ ദൂരം തീർത്ത് റെക്കോഡ് കുറിച്ച് സ്വർണ മെഡൽ സ്വന്തമാക്കാൻ എട്ടാം തരം വിദ്യാർഥിക്ക് സാധിച്ചു. ജിതേഷിന്റെയും സി വി ബിന്ദുവിന്റെയും മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..