25 April Thursday
കുടിവെള്ളം, ജലസേചനം, പിന്നെ യാത്ര

തേജസ്വിനി കാത്തിരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

നീലേശ്വരം നഗരസഭയെയും കയ്യൂർ ‐ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഏഴര മീറ്റർ വീതിയിലും 227 മീറ്റർ നീളത്തിലുമുള്ള നിർദിഷ്ട ഷട്ടർ കം ബ്രിഡ്ജ്. 1957ലെ ഇ എം എസ് സർക്കാരിന്റെ സ്വപ്നപദ്ധതികൂടിയായിരുന്നു ഇത്. അന്ന് മന്ത്രിയായിരുന്ന വി ആർ കൃഷ്ണയ്യർ പാലത്തിന്റെ സാധ്യത കാണാൻ  ഇവിടെയെത്തിയിരുന്നു.  പാലായി പാടശേഖര സമിതി 1998ൽ അന്നത്തെ സ്ഥലം എംഎൽഎ  കെ പി സതീഷ്‌ ചന്ദ്രൻ മുഖേന മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 2011ൽ നഗരസഭ അധ്യക്ഷയായിരുന്ന വി ഗൗരി പ്രസിഡന്റും ടി കുഞ്ഞിക്കണ്ണൻ സെക്രട്ടറിയുമായി  ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി വി എസ്‌ സർക്കാരിന്റെ കാലത്ത്‌  കെ കുഞ്ഞിരാമൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് പാലത്തിന് 65 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അപ്രോച്ച്‌ റോഡിന്റെ സ്ഥലം മുഴുവൻ ലഭ്യമല്ലാത്തത്‌ തടസ്സമായി. അതൊക്കെ നീക്കിയാണ്‌ ഇപ്പോൾ തേജസ്വിനിക്കാർ കാത്തിരുന്ന ഷട്ടർ കം ബ്രിഡ്‌ജ്‌ വരുന്നത്‌. പി കരുണാകരൻ എംപി, എം രാജഗോപാലൻ എംഎൽഎ, സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ തുടങ്ങിയവരുടെ  ഇടപെടൽ പ്രധാനമാണ്‌. 

താങ്കൈ കടവിൽ നിർമിക്കുന്ന പാലം 17 സ്‌പാനുകളിലായി നീണ്ടുകിടക്കും.  227 മീറ്റർ നീളവും 8.10 മീറ്റർ വീതിയുമുണ്ടാകും.  ഏഴര മീറ്റർ വീതിയിൽ ഗതാഗതസൗകര്യമുണ്ടാകും. 14 സ്പാനുകൾക്ക് 12 മീറ്റർ നീളമുണ്ടാകും. രണ്ട് സ്പാനുകൾ ഏഴര മീറ്ററിലാണ് നിർമിക്കുക. ബോട്ടുകൾ കടന്നുപോകുമ്പോൾ ഓട്ടോമാറ്റിക്കായി തുറക്കുകയും അടയുകയും ചെയ്യുന്ന ലോക്ക് ചേമ്പറുമുണ്ടാകും. ഇതിന് 12 മീറ്ററാണ് നീളം. ഈ പദ്ധതിയിൽതന്നെ വാട്ടർ അതോറിറ്റി പല പദ്ധതികളും  വിഭാവനം ചെയ്യുന്നുണ്ട്. 65 കോടി രൂപയാണ് നിർമാണച്ചെലവ്. എറണാകുളം പൗലോസ് ജോർജ്‌ ആൻഡ്‌ കമ്പനി ലിമിറ്റഡിനാണ്‌  പാലം നിർമാണ ച്ചുമതല. ഗുജറാത്തിലെ ഇൻസാബ്‌ ഇൻഫ്രാസ്ട്രക്ചർ കമ്പനി  ഷട്ടർ നിർമാണം ഏറ്റെടുത്തു. ‌ 4800 ഹെക്ടർ സ്ഥലത്ത് കാർഷികാവശ്യത്തിന് പദ്ധതി ഉപകാരപ്പെടും. ഹൊസ്ദുർഗ് താലൂക്കിലെ പകുതിയോളം സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കാനുമാകും. നീലേശ്വരം നഗരസഭ, കിനാനൂർ‐ കരിന്തളം, കയ്യൂർ‐ചീമേനി, മടിക്കൈ, ചെറുവത്തൂർ പഞ്ചായത്തുകളിലെ കാർഷികാവശ്യങ്ങൾക്കും കുടിവെള്ളക്ഷാമത്തിനും പദ്ധതി പ്രയോജനമാകും. നാവിക അക്കാദമി, പെരിങ്ങോം സിആർപിഎഫ്‌ ക്യാമ്പ് എന്നിവിടങ്ങളിലേക്കും  ഇവിടെനിന്ന് കുടിവെള്ളമെത്തിക്കും. 
പാലത്തിന്റെ നിർമാണ പ്രവൃത്തി 11ന് പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ ചെയർമാനും നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ വർക്കിങ്‌ ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top