11 August Tuesday

രാജ്യത്തെ ആദ്യ മാതൃകാ പദ്ധതി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം യാഥാർഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
കാസർകോട്‌
എൻഡോസൾഫാൻ ദുരിതബാധിതരുടെ സമഗ്ര സാമൂഹിക വികസനത്തിന്‌ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം യാഥാർഥ്യമാകുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം ശനിയാഴ്‌ച ഓൺലൈനിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർവഹിക്കും. വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കൽ റീഹാബിലിറ്റേഷൻ, തൊഴിൽ പരിശീലനം, വ്യക്ത്യാധിഷ്ഠിതമായ ശാരീരിക മാനസിക വികസനത്തിനുള്ള കോഴ്സുകൾ, ഹൃസ്വ താമസം തുടങ്ങിയ കാര്യങ്ങൾ ഇവിടെയുണ്ടാകും. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന്‌  രാജ്യത്തിലാദ്യമായി ഒരുങ്ങുന്ന മാതൃക പദ്ധതിയാണിത്‌. കഴിഞ്ഞ മാർച്ച്‌ 14ന്‌ നിശ്ചയിച്ച ഉദ്‌ഘാടനം കോവിഡ്‌ 19 വ്യപാനത്തെ തുടർന്ന്‌ മാറ്റുകയായിരുന്നു. എൻഡോസൾഫാൻ കീടനാശിനി ദുരന്തം വിതച്ച 11 പഞ്ചായത്തുകളിലുള്ളവർക്ക്‌ വേഗത്തിൽ എത്താവുന്ന മുളിയാർ പഞ്ചായത്തിലെ മുതലപ്പാറയിൽ 25.12 ഏക്കർ സ്ഥലത്താണ്‌ ഗ്രാമം. കാസർകോട്‌ നഗരത്തിൽ നിന്ന്‌ 13 കിലോമീറ്റർ ദൂരമുണ്ട്‌. പത്ത്‌ വർഷത്തിലധികമായി കടലാസിലൊതുങ്ങിയിരുന്ന ഗ്രാമം എൽഡിഎഫ്‌ സർക്കാർ 58.75 കോടി രൂപ ചെലവഴിച്ചാണ്‌ സാക്ഷാത്‌കരിക്കുന്നത്‌. പ്ലാന്റേഷൻ കോർപറേഷനിൽ നിന്നാണ്‌ ഭൂമി വാങ്ങിയത്‌. 14, 11.12 ഏക്കർ വരുന്ന രണ്ട്‌ ഭാഗങ്ങളിലായാണ്‌ ഗ്രാമം.  സാമൂഹ്യ സുരക്ഷാ മിഷനാണ് പ്ലാൻ തയ്യാറാക്കിയത്. നാലുഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുക. ആദ്യഘട്ടത്തിലെ നിർമാണത്തിന്‌ കാസർകോട് വികസന പാക്കേജിൽ അഞ്ച് കോടി അനുവദിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റിഹാബിലിറ്റേഷനാണ്‌ സാങ്കേതിക സഹായം നൽകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ‐ -ഓപറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുക.
 പുനരധിവാസ ഗ്രാമത്തിൽ 18 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക സംവിധാനമുണ്ടാകും. 12 പേർക്ക് വരെ താമസിക്കാവുന്ന 10 യൂണിറ്റുകളുണ്ടാവും. ഓരോ യൂണിറ്റിലും പ്രത്യേക കിടപ്പ് മുറി, അടുക്കള, റിക്രിയേഷൻ റൂം, രണ്ട് ലൈബ്രറി, വൊക്കേഷണൽ റിഹാബിലിറ്റേഷൻ ഫെസിലിറ്റി, പൂന്തോട്ടം, നാല് ഫിസിയോതെറാപ്പി റൂം, സ്‌കിൽ ഡവലപ്‌മെന്റ്‌ കേന്ദ്രങ്ങൾ, ഡോക്ടർ കൺസൾട്ടിങ് റൂം എന്നീ സൗകര്യങ്ങളുണ്ടാവും. സ്ത്രീകൾക്ക് പ്രത്യേക പരിചരണം നൽകും. തൊഴിൽ പരിശീലനം നൽകും.
പുതുതായി എത്തുന്ന ഭിന്നശേഷികാർക്ക്‌  ഹാഫ് വേ ഹോംസ് സ്ഥാപിക്കും. ഇതിൽ കിടപ്പു മുറി, ശൗചാലയം, ജീവനക്കാരുടെ  സ്ഥലം തുടങ്ങിയവയുണ്ടായിരിക്കും മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, വിൻഡ്‌ മിൽ, മഴവെള്ള സംഭരണി, ജൈവകൃഷി, ഔഷധസസ്യങ്ങളുടെ പൂന്തോട്ടം തുടങ്ങിയ  സൗകര്യങ്ങളും  ഗ്രാമത്തിലുണ്ടാകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top