06 December Friday

കൗൺസിൽ യോഗത്തിനെത്താതെ 2 വർഷം ലീഗ്‌ അംഗത്തിനെതിരെ നടപടിയെടുക്കാതെ നഗരസഭ

കെ സി ലൈജുമോൻUpdated: Thursday Jul 4, 2019

 

കാസർകോട്‌ 
രണ്ടുവർഷത്തോളം കൗൺസിൽ യോഗത്തിനെത്താത്ത മുസ്ലിംലീഗ്‌ അംഗത്തിനെതിരെ നടപടിയെടുക്കാതെ കാസർകോട്‌ നഗരസഭാ അധികൃതർ. മൂന്ന്‌ മാസത്തിനുള്ളിൽ ചേരുന്ന മൂന്ന്‌ സാധാരണ കൗൺസിൽ യോഗത്തിൽ തുടർച്ചയായി ഹാജരാകാതിരുന്നാൽ അംഗത്വം സ്വമേധയാ നഷ്ടപ്പെടും. ഇത്തരത്തിൽ എത്താതിരുന്ന തെരുവത്ത്‌ 22‐ാം വാർഡ്‌ കൗൺസിലർ കെ വിശ്വനാഥനാണ്‌ മുനിസിപ്പൽ ചട്ടപ്രകാരം സ്വയമേവ അയോഗ്യനായത്‌. ജനപ്രതിനിധി മരിക്കുകയോ അയോഗ്യനാവുകയോ ചെയ്‌താൽ ആറ്‌ മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ നിയമത്തിലുള്ളത്‌. എന്നാൽ വിശ്വനാഥൻ അയോഗ്യനായി രണ്ടുവർഷത്തോളമായിട്ടും തെരഞ്ഞെടുപ്പ്‌ കമീഷന്‌ രേഖകൾ കൈമാറാതെ നഗരസഭാ അധികൃതർ പൂഴ്‌ത്തിവച്ചു. 
2010 ജനുവരി പത്തിന്‌ ചേർന്ന കൗൺസിൽ യോഗത്തിൽ വിശ്വനാഥൻ സ്വമേധയാ അയോഗ്യനാകുന്ന വിവരം ചർച്ച ചെയ്‌തിരുന്നു. തുടർനടപടികൾക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. പിറ്റേന്നു തന്നെ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ഈ വിവരം കൈമാറിയ സെക്രട്ടറി ഇതുവരെ അനുബന്ധ രേഖകൾ കൈമാറിയില്ല. ഇതാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനമിറങ്ങാതിരിക്കാൻ കാരണം. "താങ്കൾ അയോഗ്യത ആർജിച്ചതായി' ചൂണ്ടിക്കാട്ടി അംഗത്തിന്‌  രേഖാമൂലം കത്ത്‌ നൽകിയ ശേഷം ഇതിന്റെ പകർപ്പ്‌ ഉൾപ്പെടെ കമീഷന്‌ കൈമാറണം. ഇതുൾപ്പെടെയുള്ള അനുബന്ധ രേഖകൾ നഗരസഭാ അധികൃതർ കൈമാറിയിട്ടില്ലെന്നാണ്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസിൽനിന്ന്‌ അറിയുന്നത്‌. എന്നാൽ ഇത്തരത്തിൽ രേഖകൾ കൈമാറണമെന്ന്‌ മുനിസിപ്പൽ ചട്ടത്തിലില്ലെന്നും അംഗം അയോഗ്യനാകുന്ന വിവരം മാത്രം തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിച്ചാൽ മതിയെന്നുമാണ്‌ ചട്ടത്തിലുള്ളതെന്നുമാണ്‌ നഗരസഭാ സെക്രട്ടറി വി സജികുമാറിന്റെ വിശദീകരണം.
പട്ടികജാതി സംവരണമായതിനാൽ തെരുവത്ത്‌ വാർഡിൽ മുസ്ലിംലീഗ്‌ സ്ഥാനാർഥിയായി തൊട്ടടുത്ത വാർഡുകാരനായ വിശ്വനാഥനെ നിർത്തുകയായിരുന്നു. കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നാല്‌ വർഷത്തിനുള്ളിൽ നാലോ അഞ്ചോ യോഗത്തിൽ മാത്രമാണ്‌ പങ്കെടുത്തത്‌. മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ച്‌ പ്രവർത്തിക്കാൻ വിസമ്മതിച്ചതോടെ രാജിവയ്‌പ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. രാജിക്ക്‌ തയ്യാറാകാത്ത വിശ്വനാഥൻ ഭരണസമിതിയുമായി ഇടഞ്ഞ്‌ പിന്നീട്‌ കൗൺസിലിൽ പങ്കെടുക്കാൻ തയ്യാറായില്ല. തുടർന്ന്‌ ഏറെക്കാലം ബംഗളൂരുവിലായിരുന്നു.

 

പ്രധാന വാർത്തകൾ
 Top