കാസർകോട്
തീരദേശ പരിപാലന നിയമം പ്ലാൻ അന്തിമമാക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമായി കലക്ടറേറ്റിൽ പൊതു തെളിവെടുപ്പ് നടത്തി. സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി മെമ്പർ സെക്രട്ടറി സുനീൽ പമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തെളിവെടുപ്പ് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ് എന്നിവർ സംസാരിച്ചു.
ഓൺലൈനിലൂടെ 16 പരാതിയും തത്സമയം 151 പരാതിയും അടക്കം 167 പരാതികൾ തീരദേശ പരിപാലന അതോറിറ്റിക്ക് മുമ്പാകെ ലഭിച്ചു. വലിയപറമ്പ പഞ്ചായത്തിൽ നിന്നാണ് കൂടുതൽ പേർ തെളിവെടുപ്പിന് എത്തിയത്. തീരദേശ പരിപാലന നിയമം മൂലം ഏറെ പ്രയാസമനുഭവിക്കുന്ന മേഖലയാണിത്. പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ അടക്കമുള്ള ജനപ്രതിനിധികളും ആശങ്കകൾ പങ്കുവച്ചു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി സി ഇസ്മയിൽ , കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത എന്നിവരും പരാതി ഉന്നയിച്ചു.
വിദഗ്ധ അംഗങ്ങളായ ഡോ. രവിചന്ദ്രൻ, ഡോ. റിച്ചാർഡ് സ്‌കറിയ, സത്യൻ മേപ്പയൂർ, പരിസ്ഥിതി എൻജിനീയർ കലൈശരൻ, അമൃത സതീശൻ, കാസർകോട് ടൗൺ പ്ലാനർ ലി ലിറ്റി, ഡോ.റജി എന്നിവരും പങ്കെടുത്തു. അതോറിറ്റി ജോയിന്റ് സെക്രട്ടറി പി സി സാബു സ്വാഗതം പറഞ്ഞു.
വലിയപറമ്പ്, പടന്ന ഗ്രാമ പഞ്ചായത്തുകളും നീലേശ്വരം നഗരസഭയിലെ അഴിത്തല പ്രദേശങ്ങളും തീരദേശ പരിപാലന നിയമം മൂലം ഏറെ പ്രയാസം നേരിടുകയാണ്. വലിയ പറമ്പ പഞ്ചായത്തിലെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കാരണം വികസന പ്രവൃത്തികൾ നടപ്പാക്കാനാവുന്നില്ല. ടൂറിസം പ്രാധാന്യമുള്ള മേഖലയിൽ, നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാക്കി തീരദേശ ജനങ്ങളെ സംരക്ഷിക്കണം
എം രാജഗോപാലൻ എംഎൽഎ
മീൻപിടുത്തം ഉപജീവനമാർഗമായി സ്വീകരിച്ച ജനത തീരദേശ പരിപാലന നിയമം മൂലം വീട് നിർമിക്കാനാവാതെ പലായനം ചെയ്യേണ്ട അവസ്ഥയിലാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ വീതി കുറഞ്ഞ പഞ്ചായത്തായ ഇവിടെ ലൈഫ് മിഷൻ പദ്ധതിയിൽ വീടിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ് പലരും. ലൈഫ് പദ്ധതി ആശ്വാസമാവുമ്പോഴും അനുമതി കിട്ടാത്ത സാഹചര്യമാണ്.
വി വി സജീവൻ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്
പരാതികൾ കൃത്യമായി പരിഗണിക്കും. തുടർ പഠനങ്ങൾ ഉണ്ടാകും. കമ്മിറ്റി കൂടിയാലോചിച്ച് നൽകാവുന്ന നിർദേശങ്ങൾ നൽകും. മാപ്പിൽ ആവശ്യമായ തിരുത്തലുകൾ ഉണ്ടാവും. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ പരിധിയിൽ നിന്ന് പരാതികൾ പരിഗണിച്ച് കേന്ദ്ര പരിസ്ഥിതി വകുപ്പിന് സമർപ്പിക്കും. ജില്ലയിൽ 21 പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് തീരദേശപരിപാലന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്. ഏഴ് പഞ്ചായത്തുകൾ തീരദേശ പരിപാലന നിയമം കാറ്റഗറി മൂന്നിൽ നിന്ന് കൂടുതൽ ഇളവുകൾ ലഭിക്കുന്ന തരത്തിൽ കാറ്റഗറി രണ്ടിലേക്ക് മാറിയിട്ടുണ്ട്.
അമൃതാ സതീശൻ, തീരദേശ പരിപാലന അതോറിറ്റി ലീഗൽ എക്സ്പേർട്ട് അംഗം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..