15 May Saturday

ബിജെപിയെ ജനം‌ കൈയൊഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കാഞ്ഞങ്ങാട്‌

ലഭിക്കുന്ന സന്ദർഭങ്ങളിലെല്ലാം വിശ്വാസത്തിന്റെ പേരിൽ മുതലെടുപ്പ്‌ നടത്തിയും തെരഞ്ഞെടുപ്പിൽ കൊടും വർഗീയത ഇളക്കിവിട്ടും നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക്‌ ജില്ലയിൽ പിടിച്ചു നിൽക്കാനായില്ല. സംഘ പരിവാര രാഷ്‌ട്രീയത്തെ ജനങ്ങൾ  നിരാകരിക്കുന്നുവെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നത്‌.  സംസ്ഥാനത്ത്‌ വേരോട്ടമുള്ള ജില്ലയായി ബിജെപി അവകാശപ്പെടുന്നതാണ് ‌കാസർകോട്.  അഞ്ച്‌ വർഷം മുമ്പ്‌ 21.25 ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ട്‌ ഇത്തവണ 21.21 ശതമാനമായി കുറഞ്ഞു. മഞ്ചേശ്വരം, കാസർകോട്‌ മണ്ഡലങ്ങളിലെ വോട്ടുകൊണ്ടുമാത്രമാണ്‌   നിലവിലുള്ള വോട്ട്‌ ശതമാനം  ഉറപ്പിച്ചത്‌. അല്ലെങ്കിൽ ബിജെപി വളർച്ചാഗ്രാഫ്‌ കുത്തനെ താഴുമായിരുന്നു. കേന്ദ്രഭരണത്തിന്റെ  സ്വാധീനവും  തൊട്ടടുത്ത്‌  ബിജെപി ഭരിക്കുന്ന കർണാടകത്തിൽ നിന്നുള്ള സഹായവും വേണ്ടത്ര ലഭിക്കുമ്പോഴാണ്‌  കേരളത്തിന്റെ വടക്കേ അതിർത്തിയിൽ ഉപ്പുവച്ച കലംപോലെ ബിജെപി ക്ഷയിക്കുന്നത്‌.  
ബിജെപിയെ ചെറുത്തത്‌ എൽഡിഎഫ്‌
ബിജെപിയെപോലെ മുസ്ലിംലീഗും ന്യൂനപക്ഷ വർഗീയ കാർഡിട്ടു കളിക്കുന്ന മണ്ഡലങ്ങളാണ്‌ മഞ്ചേശ്വരവും കാസർകോടും. ഇവിടെ മാത്രമാണ്‌ ബിജെപിക്ക്‌ പിടിച്ചുനിൽക്കാനായത്‌. ഇടതുപക്ഷത്തിന്‌ സ്വാധീനമുള്ള ഉദുമ, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ  കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടയിൽ ബിജെപിക്ക്‌ ഒരു ചലനവും സൃഷ്ടിക്കാനായില്ല എന്ന്‌  മാത്രമല്ല താഴോട്ടു പോവുകയാണുണ്ടായത്‌. ബിജെപി വർഗീയതയെ ചെറുക്കാൻ എൽഡിഎഫിന്‌ മാത്രമേ കഴിയുവെന്ന്‌ അടിവരയിടുന്നതാണ്‌  ഫലം. 
കാസർകോട്‌ ബിജെപിക്കും ലീഗിനും വോട്ട്‌ കുറഞ്ഞു
കാസർകോട്‌ മണ്ഡലത്തിൽ ബിജെപിക്കും യുഡിഎഫിനും, പ്രത്യേകിച്ച്‌ മുസ്ലിം ലീഗിനും ഒരു പോലെ വോട്ടു കുറഞ്ഞപ്പോൾ എൽഡിഎഫിന്‌ മാത്രമാണ്‌ വോട്ട്‌ വർധിച്ചത്‌. ബിജെപിക്ക്‌ 2016 നേ അപേക്ഷിച്ച്‌  5725 വോട്ട്‌ കുറഞ്ഞപ്പോൾ ലീഗിന്‌ കുറഞ്ഞത്‌ 4431 വോട്ടാണ്‌. അതേസമയം എൽഡിഎഫിന്‌ ഇവിടെ 6708 വോട്ട്‌ വർധിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി കെ വേലായുധൻ മത്സരിച്ച ഉദുമയിൽ ബിജെപിക്ക്‌ 2016 നെ അപേക്ഷിച്ച്‌  871 വോട്ട്‌ കുറഞ്ഞു. 20360 വോട്ടാണ്‌  ആകെ ലഭിച്ചത്‌.    ബിജെപി ജില്ലാ വൈസ‌് പ്രസിഡന്റും  കാഞ്ഞങ്ങാട‌് നഗരസഭാ കൗൺസിലറുമായ എം ബൽരാജ്‌ മത്സരിച്ച കാഞ്ഞങ്ങാട‌് മണ്ഡലത്തിൽ അഞ്ചു കൊല്ലത്തെ  വോട്ടു വർധന 466 മാത്രം. ആകെ ലഭിച്ചത്‌ 21570 വോട്ട്‌.
തൃക്കരിപ്പൂരിൽ 
അടിവേരിളകി
തൃക്കരിപ്പൂരിൽ അവരുടെ അടിവേരിളകിയെന്നാണ്‌ ഫലം കാണിക്കുന്നത്‌. അഞ്ചുവർഷത്തിനിടയിൽ  അവർക്കു കൂടുതലായി ലഭിച്ചത‌് 194 വോട്ട്‌‌. ആകെ ലഭിച്ചത്‌ 10,961 വോട്ട്‌ . ജയം വരെ പ്രവചിച്ച കാസർകോട്ട്‌,   ജില്ലാപ്രസിഡന്റ‌് കെ ശ്രീകാന്ത്‌ ദയനീയമായി പരാജയപ്പെട്ടു.   2016 ൽ രവീശതന്ത്രി കുണ്ടാറിനു ലഭിച്ച 56120 ന്‌ പകരം  ശ്രീകാന്തിനു ലഭിച്ചത‌് 50395 വോട്ട‌്. 
കർണാടകയിൽ നിന്നുള്ള സംഘപരിവാര നേതാക്കൾ ആളും പണവും ഇറക്കിയാണ്‌ മഞ്ചേശ്വരത്ത്‌  താമര വിരിയിക്കാനുള്ള തന്ത്രം പയറ്റിയത്‌. എന്നിട്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 2016 നേക്കാൾ പിറകോട്ടുപോയി. അന്ന് ‌89 വോട്ടിനാണ്‌ പരാജയപ്പെട്ടത്‌.   ഇത്തവണ എതിരാളി മുസ്ലിംലീഗിലെ എ കെ എം അഷറഫിന്റെ ഭൂരിപക്ഷം 745ൽ എത്തി. സുരേന്ദ്രന്‌ ഇവിടെ ലഭിച്ച വോട്ട്‌ 65013 ആണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top