28 May Thursday

ഇരട്ടപ്പൂട്ടിൽ സ്വയം പ്രതിരോധിച്ച്‌ ഈ നാട്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
കാസർകോട്‌
കോവിഡ്‌ 19  സമൂഹ വ്യാപനമാകുന്നത്‌ തടയാൻ ഇരട്ടപ്പൂട്ടിൽ സ്വയം പ്രതിരോധിച്ച്‌ കാസർകോട്‌. രാജ്യത്തെ പ്രധാന കോവിഡ്‌ ബാധിത കേന്ദ്രമായി പ്രഖ്യാപിച്ച കാസർകോട്‌  സംസ്ഥാന സർക്കാരിന്റെ  നിർദേശപ്രകാരം പൊലീസ്‌ നടപ്പാക്കിയ ഡബിൾ ലോക്ക്‌ഡൗണുമായി ജനങ്ങൾ നല്ല നിലക്കാണ്‌ പ്രതികരിക്കുന്നത്‌. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിച്ച കാസർകോട്‌ നഗരസഭ, പള്ളിക്കര, ഉദുമ, ചെമ്മനാട്‌,  ചെങ്കള, മധൂർ,  മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിലാണ്‌ ഇരട്ടപ്പൂട്ട്‌. ഇവിടങ്ങളിൽ ആരും പുറത്തിറങ്ങാൻ പാടില്ല. വീട്ടുകാർക്ക്‌ സാധനങ്ങൾ പൊലീസ്‌ എത്തിക്കുന്നു. സാധനങ്ങളുടെ പട്ടിക പൊലീസിന്റെ നിശ്ചിത വാട്ട്‌സ്‌ആപ്പിൽ നമ്പറിൽ  അയച്ചാൽ പിറ്റേദിവസം പൊലീസ്‌ എത്തിക്കും ഇതിനായുള്ള വാഹനങ്ങൾ പൊലീസിന്‌ കൈമാറിയിട്ടുണ്ട്‌. കോവിഡ്‌ പ്രതിരോധ കാലത്ത്‌ രാജ്യത്ത്‌ ആദ്യമായാണ്‌ പൊലീസിന്റെ ഇത്തരത്തിലുളള ദൗത്യം. നേരത്തെയുള്ള നിയന്ത്രണങ്ങൾക്ക്‌ പുറമെ കൂടുതൽ ബന്തവസാണ്‌ ഇവിടങ്ങളിൽ. പൊലീസ്‌ കാവലും പരിശോധനയും ശക്തമാണ്‌. സമ്പർക്കത്തിലൂടെ രോഗം പകരാതിരിക്കാനാണ്‌ കഠിനമായ നിയന്ത്രണം. 
      സദാജാഗരൂകരായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നല്ല പരിശ്രമത്തിലാണ്‌.  പരിയയിൽ കേന്ദ്ര സർവകലാശാലയിൽ സജ്ജമാക്കുന്ന ലാബിന്റെ പ്രവർത്തനം തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഇതിന്റെ ട്രയൽ നടക്കുകയാണ്‌. ഇതോടെ ആലപ്പുഴുയിലും കോഴിക്കോടും കൊണ്ടുപോയുള്ള പരിശോധന ഇവിടേക്ക്‌ മാറ്റും. വേഗത്തിൽ പരിശോധന ഫലം അറിയുന്നത്‌ കോവിഡ്‌ നിയന്ത്രണത്തിന്‌ കൂടുതൽ സഹായിക്കും. ഉക്കിനടുക്കയിൽ നിർമാണം നടക്കുന്ന കാസർകോട്‌ മെഡിക്കൽ കോളേജിൽ തിങ്കളാഴചയോടെ കോവിഡ്‌ കെയർ സെന്റർ പ്രവർത്തനമാരംഭിക്കും. നിർമാണം പൂർത്തിയായ അക്കാദമിക്ക്‌ ബ്ലോക്കാണ്‌ കോവിഡ്‌ കേന്ദ്രമാക്കുക. ഊർജിതമായാ പ്രവർത്തനങ്ങളാണ് ജില്ലാതലത്തിലും ബ്ലോക്ക്‌ തലത്തിലും  നടക്കുന്നത്‌. സ്പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ്മ, കലക്ടർ ഡോ. ഡി സജിത്ത് ബാബു,  ഡിഎംഒ ഇൻ ചാർജ്‌ ഡോ. എ വി രാമദാസ്, ഡോ മനോജ്‌ എ ടി, ഡോ. രാമൻ സ്വാതി വാമൻ  എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നു. ഉർജ്ജിതമായ ഫീൽഡ് തല പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ബ്ലോക്ക്‌, പിഏച്ച്സി തലത്തിലുള്ള മെഡിക്കൽ ഓഫീസർമാരുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്‌. സ്റ്റാഫ്‌ നേഴ്‌സ്‌, ഹെൽത്ത്‌  സൂപ്പർവൈസർമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ജെഎച്ച്‌ഐമാർ, പിഎച്ച്‌എൻമാർ, ജെപിഎച്ച്‌എൻമാർ, ആശ വർക്കർ എന്നിവരാണ് താഴെതട്ടിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ   നടപ്പാക്കുന്നത്‌. 
  ജനജാഗ്രത സമിതികളുടെ അംഗങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള   ഗൃഹസന്ദർശനം നടക്കുന്നു. വീടുകളിൽ നീരിക്ഷണത്തിൽ കഴിയുന്നവർക്കാവശ്യമായ നിർദേശങ്ങൾ നൽകുന്നു. ആരോഗ്യസ്ഥിതി നീരിക്ഷിച്ച്‌ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് മരുന്നുകൾ ലഭ്യമാക്കുന്നു.  മതിയായ ബോധവൽക്കരണം നീരിക്ഷണത്തിൽ കഴിയുന്നവർക്കും അവരുടെ ബന്ധുക്കൾക്കും നൽകുന്നു. സമ്പർക്ക പട്ടിക തയ്യാറാക്കൽ, ടെലിഫോൺ കൗൺസിലിങ്, വയോജന പരിപാലനം, അതിഥി സംസ്ഥാന തൊഴിലാളികൾ ഇടയിലുള്ള ബോധവൽക്കരണം, ഗർഭിണികളുടെ ആരോഗ്യപരിപാലനം, കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ,  പൊതുഇടങ്ങൾ ശുചികരണം , കോവിഡ് പ്രവർത്തനം ഏകോപിപ്പിക്കൽ, റിപ്പോർട്ടുകൾ യഥാസമയം കൈമാറൽ തുടങ്ങിയ  നിരവധി പ്രവർത്തനങ്ങളിലാണ് ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ.
പ്രധാന വാർത്തകൾ
 Top