കാസർകോട്
കേരളത്തിന്റെ സാമൂഹ്യ ഭൂപടത്തിൽ പുതിയചരിത്രം തീർത്ത വികസനങ്ങളുടെ ഭൂമികയിലൂടെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിലുള്ള ‘നേരറിവുകൾ’ കലാജാഥ പ്രചരണം തുടരുന്നു. നവകേരളത്തിനായുള്ള എൽഡിഎഫ് സർക്കാരിന്റെ വികസന, ക്ഷേമപദ്ധതികളുടെ നേരും നന്മയും പങ്കുവെക്കുകയാണ് ജാഥ. സംസ്ഥാന സർക്കാരിന്റെ ജനകീയ ബദലുകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ കൊള്ളരുതായ്മയും തുറന്നുകാട്ടുന്നു.
കലാജാഥയിൽ രണ്ട് സംഗീത ശിൽപം, ഒരു സ്കിറ്റ്, ഒരു തെരുവുനാടകം എന്നിവയുണ്ട്. സുരേഷ് ബാബു ശ്രീസ്ഥ, രാധാകൃഷ്ണൻ പേരാമ്പ്ര, അജയകുമാർ അന്നശേരി എന്നിവരാണ് രചന നിർവഹിച്ചത്. മനോജ് നാരായണനാണ് സംവിധാനം. ഒ പി ചന്ദ്രൻ, പ്രകാശൻ ചന്തേര, എം ബാബു, പി പി സുനിത, എം അനിത, എ ലസിത, കെ എസ് ശ്രീലാൽ, അഖിൽ എരവിൽ, പി വി സതീശൻ, കെ സുരാഗ്, എസ് ഒ ധന്യ, പി വി മഹേഷ്കുമാർ വേഷമിടുന്നു. പി വി മഹേഷ് കുമാർ ക്യാപ്റ്റനും കെ വി രമേശൻ മാനേജറുമാണ്.
ജാഥ ബുധനാഴ്ച സീതാംഗോളിയിൽ നിന്നാരംഭിച്ച് ബോവിക്കാനത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറി കെ പി ഗംഗാധരൻ, കെ വി രമേശൻ, എം എസ് ജോസ്, കെ മനോജ്, കെ മണികണ്ഠൻ, പി ഡി രതീഷ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച ഉദുമ, പെരിയ, ഹൊസ്ദുർഗ് സിവിൽ സ്റ്റേഷൻ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..