കാസർകോട്
മുന്നണിയുടെ പേരിൽ ലീഗിലെ അഴിമതിക്കാരെ ചുമക്കേണ്ട ഗതികേടിൽ കോൺഗ്രസ്. അഴീക്കോട് മണ്ഡലത്തിലെ ജനങ്ങൾ തള്ളിയ മുസ്ലിം ലീഗ് നേതാവ് കാസർകോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്ത പരന്നതോടെ ലീഗിലെന്നപോലെ കോൺഗ്രസിലും കടുത്ത പ്രതിഷേധം ഉയരുന്നു. മൂന്ന് പതിറ്റാണ്ടായി ഒരാളെപോലും ജില്ലയിൽ നിന്ന് നിയമസഭയിലേക്ക് അയക്കാൻ കഴിയാത്ത കോൺഗ്രസ് പ്രവർത്തകർ ഇഞ്ചികൃഷിയിലുടെ പ്രസിദ്ധനായ ലീഗ് നേതാവിന് വേണ്ടി വോട്ട് ചോദിക്കേണ്ടിവരുന്നതിന്റെ നാണക്കേടിലാണ്.
സ്കൂൾ അനുവദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന, അവിഹിത സംബാദ്യവും ഉണ്ടാക്കിയതിന് അന്വേഷണം നേരിടുന്ന കെ എം ഷാജി കാസർകോട് വിജയിക്കുകയും മുന്നണി അധികാരത്തിൽ വരികയും ചെയ്താൽ മന്ത്രിയാവാമെന്ന് സ്വപ്നം കണ്ടാണ് കാസർകോട് തെരഞ്ഞെടുത്തിരിക്കുന്നത്.
എംഎൽഎസ്ഥാനം ഉറപ്പാക്കിയാൽ പുതിയ സാഹചര്യത്തിൽ ജില്ലയിലെ ലീഗ് നേതൃത്വം തന്റെ കൈയിൽ പോരുമെന്ന് ഷാജിക്കറിയാം. ഇത് ജില്ലയിലെ ലീഗ് നേതാക്കൾക്ക് മാത്രമല്ല കോൺഗ്രസിനും ദോഷമായി ഭവിക്കും. പൊതുവെ ദുർബലയായ കോൺഗ്രസിന്റെ അടിത്തറ തോണ്ടാതെ ഷാജി മടങ്ങില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്.
ജില്ലക്ക് പുറത്തു നിന്ന് എത്തിയ ഒരു ജനപ്രതിനിധി പാർടിയിലുണ്ടാക്കുന്ന പ്രശ്നങ്ങളിൽ പെട്ടു ഉഴലുന്ന കോൺഗ്രസിന് യുഡിഎഫ്മുന്നണിയിലെപ്രധാന പാർടിയുടെ മറ്റൊരു നേതാവിനെ കൂടി ഇനി സഹിക്കാനാവില്ല. എ ഐ വിഭാഗത്തിനുള്ളിൽ പോലും ഭിന്നിപ്പുണ്ടാക്കാൻ ജില്ലക്ക് പുറത്തുനിന്ന് എത്തിയ ജനപ്രതിനിധിക്ക് സാധിച്ചു. ഡിസിസി പ്രസിഡന്റിനെ മാറ്റാനുള്ള സഖ്യമുണ്ടാക്കാനും ഒപ്പ് ശേഖരിച്ചു കോൺഗ്രസ് നേതൃത്വത്തിന് എത്തിക്കാൻ കഴിഞ്ഞതും ചെറിയകാര്യമല്ല. പുതിയ അതിഥി കൂടി എത്തിയാൽ ഒക്കച്ചങ്ങാതിമാരായി എന്തൊക്കെ ചെയ്യുമെന്ന് കണ്ടുതന്നെ അറിയണമെന്നാണ് മുതിർന്ന ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..