24 October Thursday
മാന്യ കെസിഎ ക്രിക്കറ്റ്‌ സ്‌റ്റേഡിയം ക്രമക്കേട്‌

‘സ്‌റ്റംപ്‌ ’തെറിച്ച്‌ ക്രിക്കറ്റ്‌ അസോസിയേഷൻ

കെ സി ലൈജുമോൻUpdated: Tuesday Sep 3, 2019

കാസർകോട്‌

ക്രിക്കറ്റ്‌ സ്‌റ്റേഡിയം നിർമിക്കാൻ ബേള വില്ലേജിലെ മാന്യ മുണ്ടോട്‌ സർക്കാർ ഭൂമി കൈയേറിയതിനെതിരെ നടപടി സ്വീകരിക്കാൻ കലക്ടർ ഡോ. ഡി സജിത്‌ബാബു ഉത്തരവിട്ടതോടെ കേരള ക്രിക്കറ്റ്‌ അസോസിയേഷനും ജില്ലാ കേരള ക്രിക്കറ്റ്‌ അസോസിയേഷനും പ്രതിസന്ധിയിൽ. സ്‌റ്റേഡിയവും ഗ്രൗണ്ടും സർക്കാർ ഭൂമി നികത്തിയ സ്ഥലത്താണെന്ന് 2018 സെപ്തംബറിൽ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.  ഇതേ തുടർന്ന് റവന്യു അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തോട് നികത്തിയതായി ബോധ്യപ്പെട്ടു. ഇതിന്റെയടിസ്ഥാനത്തിൽ അനധികൃതമായി കൈയേറിയ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാനും തോട്‌ പൂർവസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട്‌ ക്രിക്കറ്റ്‌ അസോസിയേഷന്‌ പഞ്ചായത്ത്‌ സെക്രട്ടറി നോട്ടീസുമയച്ചു. ഇത്‌  അവഗണിച്ച്‌ സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ്‌  അസോസിയേഷൻ സ്വീകരിച്ചത്‌. ഭൂസംരക്ഷണ നിയമപ്രകാരം അഞ്ചുവർഷം തടവും രണ്ടുലക്ഷം രൂപയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിവർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയത്‌. ഭാരവാഹികളുടെ കെടുകാര്യസ്ഥത മൂലം ജില്ലയ്‌ക്ക്‌ ലഭിച്ച മികച്ച സ്‌റ്റേഡിയം ഇല്ലാതാകുമോയെന്ന ആശങ്കയിലാണ്‌ ക്രിക്കറ്റ് പ്രേമികളും കളിക്കാരും ക്ലബ്ബുകളും. പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്നതാണ്‌ ആശങ്കയുടെ അടിസ്ഥാനം.
കഴിഞ്ഞ സെപ്‌തംബറിൽ ചേർന്ന താലൂക്ക്‌ സഭാ യോഗത്തിൽ  ബേള വില്ലേജിലെ മാന്യയിൽ 32 സെന്റ്‌ സ്ഥലം കൈയേറിയതായി വില്ലേജ്‌ ഓഫീസർ കെ  എ നോയൽ റോഡ്രിഗ്‌സ്‌ തഹസിൽദാർക്ക്‌ റിപ്പോർട്ട്‌ നൽകിയിരുന്നു.  അന്വേഷണം ആവശ്യപ്പെട്ട്‌ സിപിഐ എം കാസർകോട്‌ ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫയും ഏരിയാകമ്മിറ്റി അംഗം എം കെ രവീന്ദ്രനും കലക്ടർക്ക്‌ പരാതി നൽകിയിരുന്നു. ഇതിൽ  റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിലാണ്‌ കൈയേറ്റം കണ്ടെത്തി തുടർനടപടിക്ക്‌ കലക്ടർ ഉത്തരവിട്ടത്‌. 
ഗ്രൗണ്ടിന്‌ നടുവിലൂടെ ഒഴുകിയിരുന്ന തോടാണ്‌ ഗതിമാറ്റിയത്‌. തോട്‌ കടന്നുപോകുന്ന  ഭൂമി വാങ്ങുമ്പോൾ  നിയമോപദേശം തേടുകയോ  ഭൂമി വിൽപന  നിയമങ്ങളോ പാലിച്ചില്ലെന്ന്‌ കെസിഎ നിയോഗിച്ച അന്വേഷണകമ്മിറ്റിയും കണ്ടെത്തിയിരുന്നു. കെസിഎയുടെ ഇന്നത്തെ ട്രഷററും അന്നത്തെ സ്ഥിരം ക്ഷണിതാവുമായിരുന്ന കെ എം അബ്ദുൾറഹ്മാൻ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കി നൽകിയത്‌. ഈ റിപ്പോർട്ട്‌ ക്രിക്കറ്റ്‌ അസോസിയേഷൻ ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ്‌ വി രാംകുമാറും ശരിവച്ചു. സ്‌റ്റേഡിയം നിർമാണത്തിന്റെ മറവിൽ  കോടിക്കണക്കിന്‌ രൂപയുടെ തിരിമറിയാണ്‌ നടന്നത്‌. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ്‌ സൂചന.
പ്രധാന വാർത്തകൾ
 Top