23 September Wednesday

തൃക്കരിപ്പൂരിൽ ചട്ടംലംഘിച്ച്‌ കെട്ടിടം പുതുക്കിപ്പണിയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 തൃക്കരിപ്പൂർ

തിരക്കേറിയ  മെക്കാഡം റോഡിൽ നിന്നും അര മീറ്റർ പോലും അകലമില്ലാതെ സ്ഥിതി ചെയ്യുന്ന തകർന്നു വീഴാതായ കെട്ടിടം പുനർ നിർമിക്കാൻ ശ്രമം. ബസ് സ്റ്റാന്റിൽ നിന്നും വാഹനങ്ങൾ പ്രധാന പാതയിലേക്ക് ഇറങ്ങുന്ന വളവിലുള്ള എഴുപത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണ് അധികൃതരുടെ ഒത്താശയോടെ പുനർ നിർമാണ ശ്രമം നടക്കുന്നത്. തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിനോട് ചേർന്നുള്ളതാണ് ഇത്‌. 
പഴക്കത്തെ തുടർന്ന് വ്യപാര സ്ഥാപനങ്ങളും മുകളിലുള്ള ഓഫീസുകളും വർഷങ്ങൾക്ക് മുമ്പേ ഒഴിഞ്ഞിരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മാസങ്ങളായി പച്ചക്കറി കട പ്രവർത്തിച്ചിരുന്നുവെങ്കിലും കഴിഞ്ഞയാഴ്ച ഈ കെട്ടിടം ഭാഗികമായി കത്തി നശിച്ചിരുന്നു. ഇതേ തുടർന്നാണ് ഉടമ കെട്ടിടത്തിന്റെ ചുമർ കെട്ടുന്ന പ്രവൃത്തി തുടങ്ങിയത്‌. റോഡ് വികസനം വന്നപ്പോൾ റോഡും കെട്ടിടവും തമ്മിലുള്ള അകലമില്ലാതായി. ഈ ഭാഗത്ത്  നടപ്പാത പോലുമില്ലാത്തതിനാൽ കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്ന നിലയിലാണ്. കെട്ടിടം പുതുക്കിപ്പണിയാനാവശ്യമായ സ്ഥലം കെട്ടിടത്തിന് പിന്നിലില്ലാത്തതിനാൽ ഉടമക്ക് ഇതിന് കഴിയുന്നുമില്ല. തകർച്ചാ ഭീഷണിയിലുള്ള കെട്ടിടം ഇവിടെ സ്ഥിതി ചെയ്യുന്നത് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. 
കെട്ടിടം പുനർ നിർമിക്കുന്നത് തടയണമെന്നും സ്ഥലമുടമക്ക് നഷ്ട പരിഹാരം നൽകി സ്ഥലം പൊതുമരാമത്ത് വിഭാഗം ഏറ്റെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിന്റെയും ടൗണിന്റെയുംവികസനത്തിന് ഈ കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള മിൽമയുടെയും ഹരിത സംഘത്തിന്റെയും സ്റ്റാളുകൾ  പഞ്ചായത്ത്  പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചുള്ള ഈ അനധികൃത നിർമ്മാണ പ്രവർത്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top