26 May Tuesday

"ഞങ്ങളുടെ ജീവിതം ഈ സർക്കാരിനോട്‌ കടപ്പെട്ടതാണ്‌, ഒരിക്കലും മറക്കില്ല ഈ കൈത്താങ്ങ്‌"

കെ സി ലൈജുമോൻUpdated: Friday Apr 3, 2020

അക്ഷയ്‌കുമാറും ഭാര്യ സ്‌മിതയും കുഞ്ഞുമായി

കാസർകോട്‌ > "ഞങ്ങളുടെ ജീവിതം സർക്കാരിനോട്‌ കടപ്പെട്ടതാണ്‌. ഒരിക്കലും മറക്കാനാകാത്ത ഇടപെടൽ. ഈ കൈത്താങ്ങില്ലെങ്കിൽ ഇന്ന്‌ ഞങ്ങളുണ്ടാകില്ലായിരുന്നു' മഞ്ചേശ്വരം പഞ്ചായത്തിലെ ശാന്തിനഗർ അംഗടിപ്പദവിലെ അക്ഷയ്‌കുമാറിന്റെ വാക്കുകളിൽ സംസ്ഥാനസർക്കാരിനോടുള്ള തീർക്കാനാകാത്ത കടപ്പാട്‌. 
 
അക്ഷയ്‌കുമാറിന്റെ ഭാര്യ സ്‌മിതയുടെ പ്രസവചികിത്സക്ക്‌ ശേഷം ആശുപത്രി വിടണമെങ്കിൽ 24,900 രൂപ ആശുപത്രിയിൽ അടക്കണമായിരുന്നു. കർണാടകയിലെ തുണിക്കടയിൽ സെയിൽസ്‌മാനായ അക്ഷയ്‌കുമാർ ലോക്ക്‌ഡൗണിനെ തുടർന്ന്‌ ജോലിക്ക്‌ പോവാത്തതിനാൽ ഇത്രയും തുക കണ്ടെത്താനാകാതെ വിഷമത്തിലായി. ഈ തുക അടക്കാമെന്ന്‌ പട്ടികജാതി വികസന വകുപ്പ്‌ രേഖാമൂലം ആശുപത്രി അധികൃതരെ അറിയിച്ചതോടെയാണ്‌ ഇവർക്ക്‌ വീട്ടിലേക്ക്‌ മടങ്ങാനായത്‌. 
 
മംഗളൂരുവിലെ ആശുപത്രിയിലാണ്‌ സ്‌മിതയെ സ്ഥിരമായി കാണിച്ചിരുന്നത്‌. പ്രസവത്തിനായി മാർച്ച്‌ 29ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും തലപ്പാടിയിൽ കർണാടക പൊലീസ്‌ തടഞ്ഞ്‌ തിരിച്ചയച്ചു. ഒടുവിൽ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന്‌ വൈകിട്ട്‌ ശസ്‌ത്രക്രിയയിലൂടെ സ്‌മിത ആൺകുഞ്ഞിന്‌ ജന്മംനൽകി. രണ്ട്‌ ദിവസത്തിനുള്ളിൽ കൈയിലുണ്ടായിരുന്ന 7500 രൂപയും മരുന്നിനും മറ്റുമായി തീർന്നു.
 
ഏപ്രിൽ ഒന്നിന്‌ ഡിസ്‌ചാർജ്‌ ചെയ്യാമെന്നറിയിച്ചതോടെ ആശുപത്രിയിൽ അടക്കാൻ പണമില്ലാതായി. കലക്ടറെ വിളിച്ചാൽ എന്തെങ്കിലും സഹായം ലഭിക്കുമെന്നറിയിച്ച്‌  ആശുപത്രയിൽ നിന്ന്‌ ഒരാൾ ഫോൺനമ്പർ നൽകി. കലക്ടറെ കാര്യം ബോധ്യപ്പെടുത്തി നിമിഷങ്ങൾക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി അക്ഷയ്‌കുമാറിനെ വിളിച്ച്‌  സഹായം ലഭ്യമാക്കാമെന്നറിയിച്ചു.
 
പട്ടികജാതി–- വർഗ പിന്നോക്ക ക്ഷേമ വകുപ്പ്‌ മന്ത്രി എ കെ ബാലന്റെ ദുരിതാശ്വാസ നിധിയിൽനിന്നാണ്‌ തുക അനുവദിച്ചത്‌. വീട്ടിലെത്തിയ അക്ഷയ്‌കുമാറും ഭാര്യയും നന്ദിപറയുമ്പോൾ അത്‌  സർക്കാരിനുള്ള അംഗീകാരമായി മാറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top