30 October Friday

തട്ടിപ്പുവലകളുമായി എട്ടോളം നേതാക്കൾ

പി മഷൂദ്‌Updated: Friday Oct 2, 2020
തൃക്കരിപ്പൂർ
എം സി ഖമറുദ്ദീന്റെ പേരാണ്‌ മുന്നിലെങ്കിലും എട്ടോളം മുസ്ലിം ലീഗ് നേതാക്കളാണ്‌  പലവിധ തട്ടിപ്പു വലകളുമായി ചുരുങ്ങിയ കാലയളവിൽ ജില്ലയിൽ ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിയത്‌. പാർടിയെ സ്‌നേഹിക്കുന്നവരെ ഉപയോഗപ്പെടുത്തി കോടികളാണ്‌ ഇവർ കൈകാര്യം ചെയ്‌തത്‌.  മണലാരണ്യത്തിൽ പൊള്ളുന്ന ചൂടിൽ കഠിനധ്വാനം ചെയ്‌തുണ്ടാക്കിയ പലരുടെയും സമ്പത്ത്‌ മേലനങ്ങാതെ ഇവർ സ്വന്തമാക്കി.  അതിന്‌ അവർ സമുദായത്തെയും കൂട്ടുപിടിച്ചു. തട്ടിപ്പിന്റെ മുന്നിലും പിന്നിലുമുള്ളവരെല്ലാം നേതൃത്വത്തിന്റെ സ്വന്തക്കാരായതിനാൽ എതിർശബ്ദമുണ്ടായില്ല. അണികൾ എതിർത്താലും അവരുടെ വായ അടപ്പിച്ചു ഭാരവാഹി സ്ഥാനത്തേക്കും ജനപ്രതിനിധി സ്ഥാനത്തേക്കും കെട്ടിയിറക്കും. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത്‌ കണ്ടത്‌ അതാണ്‌. മണ്ഡലത്തിലുള്ളവർ പാണക്കാട്‌ വരെ എതിർപ്പുമായി പോയെങ്കിലും ഖമറുദ്ദീൻ സ്ഥാനാർഥിയായി എത്തിയത്‌ മുതിർന്ന നേതാക്കളുടെ ചുമലിലേറിയാണ്‌.  ജ്വല്ലറിനിക്ഷേപ  പ്രശ്‌നം കൊടുമ്പിരി കൊള്ളുമ്പോഴായിരുന്നു മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വമെന്നതും ശ്രദ്ധേയം.
ആശുപത്രി നിക്ഷേപം പുകയുന്നു
 ജ്വല്ലറി  ജ്വല്ലറി തട്ടിപ്പ്‌ പുറത്തുവന്നുവെങ്കിലും ലീഗണികളിൽ പുകയുന്ന ഒന്നാണ്‌  മംഗളൂരുവിലെ ആശുപത്രി നിക്ഷേപ തട്ടിപ്പ്‌. ജില്ലാ ഭാരവാഹിയും സംസ്ഥാന കൗൺസിൽ അംഗവുമായ മുതിർന്ന നേതാവ് 10 വർഷം മുമ്പാണ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയുടെ പേരിൽ 50 പേരിൽ നിന്നും 25 ലക്ഷം രൂപ തോതിൽ പിരിച്ചെടുത്തത്. പത്ത് കോടിയിലേറെ സമാഹരിച്ച നേതാവ്  ഈ തുക നിക്ഷേപിച്ചു ആശുപത്രിഡയരക്ടർമാരിലൊരാളായി. ഡയറക്ടർ എന്ന നിലയിൽ മാസം  വിഹിതം കൈപറ്റുന്നുണ്ടങ്കിലും പണം നൽകിയവർക്ക്‌ ഒരു രൂപ പോലും ലാഭ വിഹിതം കിട്ടിയില്ല. മംഗളൂരുവിൽ  വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ ലാഭവിഹിതം ചോദിച്ചാൽ  നഷ്ടത്തിന്റെ കണക്ക് നിരത്തി  നിക്ഷേപകരുടെ വായ അടപ്പിക്കും .ജ്വല്ലറി, കോളേജ് തട്ടിപ്പിലും പണം നിക്ഷേപിച്ചവർ പൊലീസിലും നേതൃത്വത്തിലും പരാതി നൽകി തുടങ്ങിയതോടെയാണ് ആശുപത്രി നിക്ഷേപ വഞ്ചനയും പുകയുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top