07 August Friday
വഖഫ് സ്വത്ത്‌ തട്ടിപ്പ്‌

മറുപടിയില്ലാതെ ലീഗ്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കാസർകോട്‌

വഖഫ് സ്വത്ത്‌ തട്ടിയെടുത്ത സംഭവം ന്യായീകരിക്കാനെത്തിയ  മുസ്ലീംലീഗ്‌ നേതാക്കളായ ജനപ്രതിനിധികൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മുന്നിൽ മറുപടിയില്ലാതെ വിയർത്തു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ മറുപടി പറയാനെത്തിയ എം സി ഖമറുദീൻ എംഎൽഎ, ജില്ലാ പഞ്ചയത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീർ, വലിയപറമ്പ പഞ്ചായത്ത്‌  പ്രസിഡന്റ്‌ എം ടി ജബ്ബാർ എന്നിവരാണ്‌ വാർത്താസമ്മേളനത്തിൽ കുഴഞ്ഞത്‌. സിപിഐ എം ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും  മറുപടി പറയാൻ ഇവർക്കായില്ല. പകരം സിപിഐ എമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി തങ്ങളുടെ തെറ്റിനെ മറച്ച് വെക്കാനായിരുന്നു ശ്രമം. 
? ഇ അഹമ്മദ്‌ സഹമന്ത്രിയായിരുന്ന യുപിഎ സർക്കാരാണ്‌  2013ൽ 1995 ലെ കേന്ദ്ര വഖഫ്‌ നിയമം ഭേദഗതി ചെയ്‌തത്‌. ഇതുപ്രകാരം തൃക്കരിപ്പൂർ ജാമിഅ സഅദിയയുടെ സ്വത്ത്‌ വഖഫ്‌ ബോർഡിന്റെ കീഴിൽ വരുന്നതാണ്‌. ശരീഅത്ത്‌ പ്രകാരം ഭൂമി കൈമാറിയത്‌ ശരിയെന്ന്‌ പറയുമ്പോൾ 2013 ലെ നിയമം ശരീഅത്ത്‌ വിരുദ്ധമാണോ. സ്വത്ത്‌ വഖഫിൽ ഉൾപ്പെടുന്നതല്ലേ.  
മറുപടി: നിയമം ശരിഅത്ത്‌ വിരുദ്ധമല്ല. ജാമിഅ സഅദിയയുടെ സ്വത്ത്‌ വഖഫ്‌ ഭൂമിയാണെന്ന്‌ അറിഞ്ഞിരുന്നില്ല. പ്രശ്‌നമായ സ്ഥിതിക്ക്‌ തിരിച്ചു കൊടുക്കുകയാണ്‌. 
? വസ്‌തു വിൽക്കാൻ ജാമിഅ സഹദിയ കമ്മിറ്റി യോഗം ചേർന്ന്‌ തീരുമാനിച്ചുവോ. 1600 ചതുരശ്ര അടി വിസ്‌തീർണമുള്ള ഇരുനില കെട്ടിടവും രണ്ട്‌ ഷെഡും പള്ളിയും രജിസ്‌റ്റർ ചെയ്‌ത ആധാരത്തിലില്ല. 700 ചതുരശ്ര വിസ്‌തീർണമുള്ള കെട്ടിടം മാത്രമാണുള്ളത്‌.
 =  യോഗം ചേർന്നതായി അറിയില്ല. അവരോട്‌ ചോദിക്കണം. പള്ളി വാങ്ങിയിട്ടില്ല. 
?  വസ്‌തുകളുടെ യഥാർഥ സ്‌റ്റാമ്പ്‌ ഡ്യൂട്ടി 30 ലക്ഷത്തോളം രൂപ വരും. മൂന്ന്‌ ലക്ഷം മാത്രമാണ്‌ കാണിച്ചിരിക്കുന്നത്‌. ജനപ്രതിനിധികൾ സംസ്ഥാന സർക്കാരിന്‌ 27 ലക്ഷം രൂപയോളം  രൂപ നഷ്ടമുണ്ടാക്കിയത്‌ അഴിമതിവിരുദ്ധ നിയമപ്രകാരം തെറ്റല്ലേ. 
=  വിപണി വില അത്രയൊന്നും വരില്ല. യഥാർഥ വില രജിഷ്‌ട്രേഷനിൽ കാണിക്കാറില്ല.
? 30 ലക്ഷം രൂപ കൈമാറിയിട്ടുണ്ടന്ന്‌ പറയുന്നതല്ലാതെ ആർക്ക്‌ ആര്‌ എങ്ങനെ നൽകിയെന്ന്‌ പറയുന്നില്ല. ചെക്കിന്റെ നമ്പറോ കൈമാറിയയാളുടെ അക്കൗണ്ട്‌ നമ്പറോ പറയുന്നില്ല. യഥാർഥത്തിൽ പണം കൈമാറിയിട്ടില്ലേ. 
= പണം നൽകിയിട്ടുണ്ട്‌. അത്‌ അവർ പറയും. രേഖപ്പെടുത്താൻ ശ്രദ്ധിച്ചില്ല.
?:  വഖഫ്‌ സ്വത്ത്‌ എപ്പോഴാണ്‌ തിരിച്ചു കൊടുക്കുക. ദാനാധാരമായിട്ടോ, വിൽപന ആധാരമായിട്ടോ, വഖഫ്‌ആധാരമായിട്ടോ.
= അത്‌ പിന്നെ പറയാം. 
? സ്വത്ത് വിൽപന രാത്രിയിൽ ഒരു വീട്ടിൽ വെച്ച്‌ നടത്തിയത്‌ ദുരൂഹതയല്ലേ. രോഗിയാണെന്ന്‌ പറഞ്ഞയാളുടെ വീടിന്‌ പകരം ദൂരത്തുള്ള മറ്റൊരാളുടെ വീട്ടിലല്ലേ രജിഷ്‌ട്രേഷൻ നടത്തിയത്‌. 
= അത്‌ സാധാരണ നടപടി ക്രമം മാത്രമാണ്.
? ജ്വല്ലറിയിൽ ചെറുവത്തൂർ കാടങ്കോട്‌ മുസ്ലീം ജമഅത്ത്‌ കമ്മിറ്റി 20 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്‌. ഈ തുക തിരിച്ച്‌ കൊടുത്തുവോ. മഅല്ല്‌ കമ്മിറ്റിയുടെ വഖഫ്‌ തുക ജ്വല്ലറിയിൽ നിക്ഷേപിച്ചത്‌ ശരിയാണോ.
= അതിനെ കുറിച്ചൊന്നും പറയുന്നില്ല. പലർക്കും നിക്ഷേപമുണ്ട്‌. 
? ജാമിഅ സഅദിയയുടെ ചെയർമാനും ജ്വല്ലറി ഗ്രൂപ്പിന്റെ എംഡിയും ഒരാളാണല്ലൊ.ഇയാളെ മുസ്ലീം ലീഗ്‌ ജില്ലാ പ്രവർത്തക സമിതിയിലേക്ക്‌ നാമനിർദേശം ചെയ്യുകയായിരുന്നു. ഇത്‌ കൂട്ടു കച്ചവടമല്ലേ. 
= അതിലൊന്നും പറയാനില്ല.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top