07 June Sunday

ഉക്കിനടുക്കയിൽ അതിനൂതന കോവിഡ് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020

 

കാസർകോട്‌
പത്ത്‌ ദിവസത്തിനുള്ളിൽ കാസർകോട്‌ അതിനൂതന കോവിഡ് കെയർസെന്റർ സംവിധാനങ്ങളൊരുക്കാൻ അനുമതി നൽകിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഐസൊലേഷൻ വാർഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളും സജ്ജമാക്കും. ഉക്കിനടുക്കയിൽ കാസർകോട്‌ മെഡിക്കൽ കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെയാണ് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ്  നൽകിയ നിർദേശത്തിന്‌  സർക്കാർ അടിയന്തരമായി അനുമതി നൽകി. അടിയന്തര ചികിത്സയ്ക്കുള്ള ആശുപത്രി ഉപകരണങ്ങൾക്കായി 4.21 കോടി രൂപയും കിടക്കകൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾക്കായി 78.1 ലക്ഷം രൂപയും മരുന്നുകൾക്കും മറ്റുമായി 2 കോടി രൂപയും ഉൾപ്പെടെ ഒന്നാം ഘട്ടത്തിൽ 7 കോടിയുടെ അനുമതിയാണ് നൽകിയത്‌. 
താഴത്തെ നില,  ഒന്നാം നില, രണ്ടാം നില എന്നിവയാണ് ഒന്നാംഘട്ടത്തിൽ ചികിത്സയ്ക്കായി സജ്ജമാക്കുന്നത്. ഐസിയു യൂണിറ്റുകൾ, ഐസൊലേഷൻ വാർഡുകൾ, ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള ഡ്യൂട്ടി റൂം,  സ്‌റ്റോർ, ഫാർമസി എന്നിവ  താഴത്തെ നിലയിൽ സജ്ജമാക്കും. രോഗം സ്ഥിരീകരിച്ചവരേയാണ് ഇവിടെ ചികിത്സിക്കുക. നിരീക്ഷണത്തിലുള്ള രോഗികളെ ഒന്നാം നിലയിലാണ് ചികിത്സിക്കുന്നത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ജോലി സമയത്തിന് ശേഷം വിശ്രമത്തിനായി രണ്ടാം നില ഉപയോഗിക്കും. 
ശേഷിക്കുന്ന സ്ഥലങ്ങൾ സിവിൽ, ഇലക്ട്രിക്കൽ  പ്രവൃത്തി പൂർത്തിയാക്കി ഘട്ടംഘട്ടമായി ഉപയോഗിക്കകും.  ഒന്നാം നിലയിൽ 14 കിടക്കകളുള്ള ഐസിയു, 129 കിടക്കകളുള്ള ഒമ്പത്‌ ഐസൊലേഷൻ വാർഡ്, രണ്ട് കിടക്കകൾ വീതമുള്ള 5 ഐസൊലേഷൻ മുറികൾ എന്നിവയുണ്ട്‌. ഫാർമസി, ഇസിജി റൂം, സ്റ്റോർ മുതലായവ സജ്ജമാക്കും. 75 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകളും സജ്ജമാക്കും. അഞ്ച്‌  ദിവസത്തിനകം ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കി വൈദ്യുതി ലഭ്യമാക്കാൻ കിറ്റ്‌കോയെ ചുമതലപ്പെടുത്തി. ആശുപത്രി ഉപകരണങ്ങൾ കെഎംഎസ് സിഎൽ വഴി ഉടൻ ലഭ്യമാക്ക‌ും. 20 ഐസിയു, 
5 വെന്റിലേറ്റർ, 3 വെന്റിലേറ്റർ നോൺ ഇൻസേവ്, തുടങ്ങിയ 41 തരം ആശുപത്രി ഉപകരണങ്ങൾ സജ്ജമാക്കും. 200 ആശുപത്രി കട്ടിലുകൾ, 200 മെത്തയും തലയിണയും, 1000 ബെഡ്ഷീറ്റും തലയിണകവറും, 200 ഐവി  സ്‌റ്റാൻഡ്‌, വീൽച്ചെയർ, സ്ട്രക്ച്ചർ ട്രോളി തുടങ്ങിയ 14 തരം ആശുപത്രി ഫർണിച്ചറുകൾ ഒരുക്കും. 
മാർച്ച് 14ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി തുടങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരവേയാണ് കോവിഡ് ബാധയെത്തിയത്. തുടർന്നാണ് ഉദ്‌ഘാടനം മാറ്റിവച്ച് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. ഭാവിയൽ കോവിഡ് ചികിത്സാ കേന്ദ്രത്തിനായി സജ്ജമാക്കുന്നവ മെഡിക്കൽ കോളേജിന് ഉപയോഗപ്പെടുത്താം ‐ മന്ത്രി  പറഞ്ഞു.
പ്രധാന വാർത്തകൾ
 Top