ചെറുവത്തൂർ
തിമിരി കോട്ടുമൂലയിൽ തിങ്കൾ വൈകിട്ടുണ്ടയ ഭക്ഷ്യ വിഷബാധയിൽ, വിവിധ ആശുപത്രികളിലായി ചികിത്സ തേടിയവരുടെ എണ്ണം 262 ആയി. കഴിഞ്ഞ ദിവസമാണ് വയറുവേദനയും ഛർദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികളടക്കം ചെറുവത്തൂർ ഗവ. ആശുപത്രിയിൽ ചികിത്സക്കെത്തിയത്.
കോട്ടുമൂലയിൽ നടന്ന ഉത്സവത്തിൽ പങ്കെടുത്തവരാണ് മുഴുവൻ പേരും. വിദ്യാർഥികളാണ് ആദ്യം ആശുപത്രിയിൽ എത്തിയത്. അതിന് പിന്നാലെ യുവാക്കളും പ്രായമായവരും ചികിത്സക്ക് എത്തി. ഉത്സവ സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ചവരാണ് മുഴുവൻ പേരും എന്നാണറിയുന്നത്. പുറത്ത് വിൽപന നടത്തിയ ഐസ്‌ക്രീം കഴിച്ചവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗം ഭക്ഷണങ്ങളുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു. ചികിത്സയിലുള്ളവരുടെ രക്തസാമ്പിളും അയച്ചു. പരിശോധനാ ഫലം വന്നാൽ മാത്രമേ അണുക്കൾ ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കൂവെന്ന് മെഡിക്കൽ ഓഫീസർ ഡി ജി രമേഷ് പറഞ്ഞു. എല്ലാവരും നിരീക്ഷണത്തിലാണെന്നും ഗുരുതരമായ അവസ്ഥയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ചെറുവത്തൂർ ആശുപത്രിയിൽ അഞ്ച്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 14, നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ഒരാൾ, നീലേശ്വരം ബാലകൃഷ്‌ണൻ മെമ്മൊറിയൽ ആശുപത്രിയിൽ ഒരാൾ, ചെറുവത്തൂർ യൂണിറ്റി ആശുപത്രിയിൽ എട്ട് പേർ എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ ഒപിയിൽ ചികിത്സ തേടി. ഡെപ്യൂട്ടി ഡിഎംഒ ഗീത ഗുരുദാസ് ചെറുവത്തൂർ ഗവ. ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി ജനാർദനൻ, ഏരിയാ സെക്രട്ടറി കെ സുധാകരൻ എന്നിവർ ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ചു.
വീടുകളിൽ പരിശോധന നടത്തും
ചെറുവത്തൂർ
തിമിരി കോട്ടുമൂലയിലെ ഉത്സവത്തിലനെത്തിയവർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഭക്ഷ്യവിഷബാധ എങ്ങനെ ഉണ്ടായി എന്നറിയുന്നതിനും ആവശ്യമുള്ളവർക്ക് വീടുകളിലെത്തി ചികിത്സ ലഭ്യമാക്കാനും ചെറുവത്തൂർ ഗവ. ആശുപത്രിയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
പ്രദേശത്തെ മുഴുവൻ വീടിലും ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക ടീം സന്ദർശിക്കും. ഒരു കുടുംബത്തിലെ ഭക്ഷണം കഴിച്ചവർ, കഴിക്കാത്തവർ, ഏതൊക്കെ വിഭവം കഴിച്ചു എന്നിങ്ങനെ വ്യക്തമായ റിപോർട് തയ്യാറാക്കും. ഏത് വിഭവത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഏതിൽ നിന്നാണെന്ന് കണ്ടെത്തുന്നതിനാണ് സമഗ്ര വിവര ശേഖരണം നടത്തുന്നത്.
ആവശ്യമുള്ളവർക്ക് ചികിത്സയും വീട്ടിൽ ലഭ്യമാക്കും. ക്ലോറിനേഷൻ ആവശ്യമുള്ള സ്ഥലങ്ങളിൽ അതും ചെയ്യും. ഡെപ്യൂട്ടി ഡിഎംഒ ഗീത ഗുരുദാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് അധികൃതരുടെ സംഘം ഉത്സവം നടന്ന സ്ഥലം സന്ദർശിച്ചതിന് ശേഷമാണ് യോഗം ചേർന്നത്.
ഉത്സവം നടന്ന സമീപത്തെ വീടുകളിൽ നിന്നുള്ള ഭക്ഷണ സാമ്പിൾ, കുടിവെള്ളം എന്നിവയും ശേഖരിച്ച് പരിശോധനക്ക് അയച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, മെഡിക്കൽ ഓഫീസർ ഡി ജി രമേഷ്, പൊതുജനാരോഗ്യ വിദഗ്‌ദൻ ഡോ. ഹരിശങ്കർ, ഡോ. ഡാൽമിറ്റ നിയ ജെയിംസ്, പി കുഞ്ഞികൃഷ്‌ണൻ നായർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി കെ മധു, കെ രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി വി മഹേഷ്‌കുമാർ, മഹേഷ് വെങ്ങാട്ട് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..