03 July Friday

ബർഖാ ദത്ത് പറഞ്ഞു ‘ലോകത്തെ അറിയിക്കും ഈ കേരള മാതൃക’

സ്വന്തം ലേഖികUpdated: Monday Jun 1, 2020
കണ്ണൂർ
"വൊ കഹാ ഥാ.. തും ലോഗ് സോ ജാഓ... സോ ജാഓ ..... ഹം നഹീ സോയേഗാ...ഹം ഹമാരേ ജനതാ കേ സേവാ കേ ലിയേ കൈസെ കൈസെ കർന പടേഗാ...വൊ സബ് കുച്ച് കരേഗാ...’ (അവർ പറഞ്ഞു. നിങ്ങൾ ഉറങ്ങിക്കോളൂ... ഞങ്ങൾ ഉറങ്ങില്ല... ഞങ്ങളുടെ ജനതയെ സേവിക്കാൻ ഞങ്ങളാൽ കഴിയുന്നതെന്തും ചെയ്യും).  ചെറുവാഞ്ചേരി ചീരാറ്റ റഹ്മത്ത് മൻസലിന്റെ വരാന്തയിലിരുന്ന് ഷംസുദ്ദീൻ ഇത് പറയുമ്പോൾ മുഖത്ത് യൂട്യൂബ്‌ ചാനലായ മോജോയുടെ ക്യാമറയാണ്. മുന്നിൽ മൈക്കുമായി പ്രശസ്ത മാധ്യമ പ്രവർത്തക ബർഖ ദത്ത്.
കഴിഞ്ഞ 26 ന്‌ ‘ഓൺ ദ റോഡ് വിത്ത് പാൻഡമിക്’ എന്ന പരിപാടിയുടെ ഭാഗമായാണ് പത്ത് പേർക്ക് രോഗം ബാധിച്ച വീട്ടിൽ ബർഖയെത്തിയത്. കോവിഡിനെ അതിജീവിക്കാൻ കേരളം നൽകിയ കരുതലിനെക്കുറിച്ച് ആ എൺപത്തിരണ്ടുകാരൻ വാതോരാതെ സംസാരിച്ചു. വർഷങ്ങളോളം കപ്പൽ ജീവനക്കാരനായും മുംബൈയിൽ ബിസിനസ് നടത്തിയും ജീവിച്ച ഷംസുദ്ദീന് ഹിന്ദി ഒരു പ്രശ്നമേ ആയിരുന്നില്ല. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും  മുന്നിൽനിന്ന്‌ കൊറോണയെ ജാഗ്രതയോടെ പ്രതിരോധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വീടിനു സമാനമായ പരിചരണത്തെക്കറിച്ചും അദ്ദേഹം വാചാലനായി. 
എങ്ങനെ ധൈര്യത്തോടെ പിടിച്ചു നിന്നുവെന്ന ബർഖയുടെ ചോദ്യത്തിന് 42 ദിവസം തനിക്ക് ചുറ്റുമുണ്ടായ ആരോഗ്യ പ്രവർത്തകരും തന്റെ വിശ്വാസങ്ങളുമാണ് കരുത്തായതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക പോലുള്ള രാജ്യങ്ങൾ പകച്ചു നിൽക്കുമ്പോൾ കേരളം അതിജീവിക്കുന്നത് എങ്ങനെയെന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചു കുട്ടികളെയും ബർഖ ദത്ത് ഇന്റർവ്യൂ ചെയ്തു.
കൊറോണ ബാധിതനായിരുന്നപ്പോൾ എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യത്തിന് ചിത്രം വരച്ചുവെന്ന മറുപടിയാണ് പത്ത് വയസ്സുകാരൻ ആദിൽ നൽകിയത്. കൊറോണയെ അതിജീവിക്കാൻ ഷംസുദ്ദീന്റെ കുടുംബത്തെ സഹായിച്ച കേരള മാതൃക ലോകത്തെ അറിയിക്കുമെന്ന് പറഞ്ഞാണ് ബർഖാ ദത്ത് മടങ്ങിയത്.
പ്രധാന വാർത്തകൾ
 Top