21 October Monday

കോർപറേഷൻ അവിശ്വാസപ്രമേയം കൗൺസിലർമാർക്ക്‌ സുരക്ഷ ഒരുക്കണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
കണ്ണൂർ
കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരായ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കൗൺസിലർമാർക്ക്‌ മതിയായ പൊലീസ്‌ സുരക്ഷയൊരുക്കണമെന്ന്‌ ഹൈക്കോടതി. സ്വതന്ത്ര കൗൺസിലർ ടി കെ അഷ്‌റഫിന്റെ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ കെ വിനോദ്‌ ചന്ദ്രന്റെ ഉത്തരവ്‌. തിങ്കളാഴ്‌ചയാണ്‌ അവിശ്വാസപ്രമേയം ചർച്ചചെയ്യാൻ കൗൺസിലിന്റെ പ്രത്യേക യോഗം. 
കലക്ടർക്ക്‌ അവിശ്വാസപ്രമേയ നോട്ടീസ്‌ നൽകിയതുമുതൽ രാഗേഷ്‌ തന്നെയും മറ്റു കൗൺസിലർമാരെയും ഭീഷണിപ്പെടുത്തുകയാണെന്ന്‌ കാണിച്ചാണ്‌ അഷ്‌റഫ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. രാഗേഷിന്റെ ദുർഭരണത്തിനും കൂറുമാറ്റത്തിനുമെതിരെയാണ്‌ എൽഡിഎഫ്‌ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌. അവിശ്വാസ പ്രമേയം ചർച്ചചെയ്യുന്ന യോഗത്തിൽ പങ്കെടുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ്‌ ഭീഷണി.  യുഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ അഡ്വ. ടി ഒ മോഹനനും  ഭീഷണി മുഴക്കുന്നുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഹർജി പരിഗണിച്ച കോടതി, പ്രശ്‌നങ്ങളൊന്നുമില്ലാതെ യോഗം നടത്താനും  ഹർജിക്കാരനും മറ്റു കൗൺസിലർമാർക്കും പങ്കെടുക്കാനും  ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന്‌ പൊലീസിന്‌ നിർദേശം നൽകി. 
നേരത്തെ മേയർ ഇ പി ലതയ്‌ക്കെതിരെ യുഡിഎഫ്‌ അവിശ്വാസപ്രമേയം കൊണ്ടുവന്ന ഘട്ടത്തിലും അഷ്‌റഫിനെതിരെ ഭീഷണിയുണ്ടായിരുന്നു. ഇതിനെ അതിജീവിച്ചാണ്‌ അദ്ദേഹം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നത്‌. ഇതിലുള്ള വൈരാഗ്യമാണ്‌ പുതിയ ഭീഷണിക്കു പിന്നിൽ. 
എൽഡിഎഫ്‌ പിന്തുണയോടെ ഡെപ്യൂട്ടി മേയറായ പി കെ രാഗേഷ്‌ മറുകണ്ടം ചാടി യുഡിഎഫിനൊപ്പം ചേർന്നാണ്‌ മേയർ ഇ പി ലതയെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയത്‌. ഇ പി ലത മേയർ സ്ഥാനമൊഴിഞ്ഞപ്പോൾ ആ ഭരണ സംവിധാനത്തിന്റെ ഭാഗമായിരുന്ന രാഗേഷും രാജിവയ്‌ക്കേണ്ടതായിരുന്നു. എന്നാൽ, ഒരു തത്വദീക്ഷയുമില്ലാതെ അധികാരത്തിൽ കടിച്ചുതൂങ്ങിയതിനാലാണ്‌ എൽഡിഎഫ്‌ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്‌. 
പ്രധാന വാർത്തകൾ
 Top