22 October Tuesday

കണ്ണൂർ –- തലശേരി റൂട്ടിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
കണ്ണൂർ
താഴെചൊവ്വ, നടാൽ റെയിൽവേ ഗേറ്റുകൾ കൂടുതൽ സമയം അടച്ചിടുന്നതിൽ പ്രതിഷേധിച്ച്‌ കണ്ണൂർ –- തലശേരി റൂട്ടിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കി. അനാവശ്യമായി കൂടുതൽ സമയം അടച്ചിടുന്നതിനാൽ ബസ്‌ സർവീസുകളെ ബാധിക്കുന്നുവെന്നാരോപിച്ചാണ്‌ ബസ്സുടമകളും തൊഴിലാളികളും സംയുക്തമായി പണിമുടക്കിയത്‌. 
ഗേറ്റ്‌ 20 മുതൽ 30 മിനുട്ടുവരെ അടച്ചിടുന്നുവെന്നാണ്‌ ബസ്സുടമകളുടെ പരാതി. പണിമുടക്ക്‌ യാത്രക്കാരെ ബാധിച്ചു. ദീർഘദൂര ബസ്സുകളും ട്രെയിനുമാണ്‌ യാത്രക്കാർ ആശ്രയിച്ചത്‌. പോളിടെക്‌നിക്‌, ഐടിഐ, സ്‌കൂൾ വിദ്യാർഥികളും തൊഴിൽ സ്ഥാപനങ്ങളിലുള്ളവരുമാണ്‌ പ്രയാസത്തിലായത്‌. 
കണ്ണൂർ –- തലശേരി റൂട്ടിൽ താഴെ ചൊവ്വ, നടാൽ ഗേറ്റുകളാണുള്ളത്‌. ജൂലൈയിൽ ഗേറ്റടക്കാതെ എൻജിൻ കടന്നുപോയ സംഭവത്തിനുശേഷമാണ്‌ അനാവശ്യമായി കൂടുതൽ സമയം ഗേറ്റ്‌ അടച്ചിടുന്നതെന്നാണ്‌ ആരോപണമുയർന്നത്‌.  കൂടുതൽ സമയം ഗേറ്റ്‌ അടച്ചിടുന്നതിനാൽ ഈ റൂട്ടിൽ സമയക്രമം പാലിക്കാനാവുന്നില്ലെന്ന്‌ ബസ്‌ തൊഴിലാളികൾ പറയുന്നു.  സമയത്ത്‌ എത്താനാവാതെ യാത്രക്കാരും ദുരിതത്തിലാണ്‌. 
അനാവശ്യമായി ഗേറ്റ്‌ അടച്ചിടുന്നത്‌ ഒഴിവാക്കണമെന്നും താഴെചൊവ്വയിലും നടാലിലും മേൽപാലം പണിയണമെന്നും ആവശ്യപ്പെട്ട്‌ ബസ്സുടമകളും തൊഴിലാളികളും കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. കെ കെ നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. 
എം വി വത്സലൻ അധ്യക്ഷനായി. കെ രാജ്‌കുമാർ സ്വാഗതം പറഞ്ഞു. കെ ജയരാജൻ, കെ കെ ശ്രീജിത്ത്‌, പി ജനാർദനൻ, താവം ബാലകൃഷ്‌ണൻ, സി പി സന്തോഷ്‌ കുമാർ, എം കെ ഗോപി, എൻ മോഹനൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top