04 July Saturday

‘സുഭിക്ഷ കേരളം’ പദ്ധതി കാങ്കോൽ–- ആലപ്പടമ്പ്‌ പഞ്ചായത്തിൽ‌ 24 ഏക്കറിൽ കൃഷി

സ്വന്തം ലേഖകൻUpdated: Sunday May 31, 2020
പയ്യന്നൂർ
‘സുഭിക്ഷ കേരളം’ പദ്ധതിയിലും മാതൃകയാകാൻ കാങ്കോൽ–- ആലപ്പടമ്പ്‌ പഞ്ചായത്ത്‌. ഏറ്റുക്കുടുക്ക പായത്തെ 24 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. എടാട്ട് വിജയൻ എന്നയാളുടെ കുടുംബ സ്വത്തായ, കാടുമൂടി തരിശായിക്കിടന്ന കുന്നിൻ പ്രദേശമാണ്‌ ജനകീയകൂട്ടായ്മയിലൂടെ കൃഷിസ്ഥലമാക്കി മാറ്റിയത്. 12 ഏക്കറിൽ നെൽകൃഷി ചെയ്യും. കുന്നിൻ മുകളിലായതിനാൽ പുനം കൃഷിയായിരിക്കും. തെണ്ണൂറാൻ, പ്രത്യാശ നെൽവിത്തുകളാണ് ഉപയോഗിക്കുന്നത്. മാത്തിൽ സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഫാർമേഴ്സ് ക്ലബ്ബിന്റെ രണ്ട് ഗ്രൂപ്പുകളും കർഷകസംഘം ആലപ്പടമ്പ് വില്ലേജ് കമ്മിറ്റിക്കുമാണ് നെൽകൃഷിയുടെ ചുമതല. 
പത്തേക്കർ സ്ഥലത്ത് കപ്പ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, മുളക് അടക്കമുള്ള പച്ചക്കറികൾ കൃഷിചെയ്യും. ഡിവൈഎഫ്ഐ, കർഷകത്തൊഴിലാളി യൂണിയൻ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കാണ് ചുമതല. രണ്ടേക്കറിൽ മാത്തിൽ ബാങ്ക് നേരിട്ട് കപ്പയും നെല്ലും കൃഷിചെയ്യും. 
വിത്തിടൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. കെ വി ഗോവിന്ദൻ അധ്യക്ഷനായി. ടി ഐ മധുസൂദനൻ, സി സത്യപാലൻ, എം ഷാജർ, പി ഉഷ, എൻ വി സുനിൽകുമാർ, കെ എം ബാലകേശവൻ എന്നിവർ സംസാരിച്ചു. പി ശശിധരൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top