16 January Saturday

നന്മയുടെ മാതൃക

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

കണ്ണൂർ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഐസിയു

കണ്ണൂർ 
ജനങ്ങളിലേക്കിറങ്ങിവന്ന തദ്ദേശഭരണ സംവിധാനത്തിന്റെ മികച്ച മാതൃകയാണ്‌ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌. പദ്ധതി രൂപീകരണഘട്ടംമുതൽ ജനങ്ങളുടെ അഭിപ്രായം ‌മുൻനിർത്തിയുള്ള ആസൂത്രണമികവാണ്‌‌ കഴിഞ്ഞ അഞ്ചുവർഷത്തെ വ്യത്യസ്‌തമാക്കിയത്‌. കൂട്ടായ പ്രവർത്തനത്തിൽ ഐഎസ്ഒ 9001 : 2015 അംഗീകാരവും 2018–--19 വർഷത്തെ സ്വരാജ് ട്രോഫി രണ്ടാം സ്ഥാനവും നേടി.
ചുവടുവച്ചത്‌ കാർഷിക സ്വയംപര്യാപ്‌തതയിലേക്ക്‌
37 പഞ്ചായത്തുകളിൽ കാർഷിക സ്വയംപര്യാപ്‌ത ഗ്രാമം പദ്ധതി നടപ്പാക്കി. തരിശിട്ട 250 ഏക്കർ കൈപ്പാട് നിലം കൃഷിയോഗ്യമാക്കി 310 ടൺ നെല്ല്‌ ഉൽപ്പാദിപ്പിച്ചു. നെല്ല്ലുൽപ്പാദനം 14890 ടണ്ണായി. 160 ഹെക്ടർ തരിശുഭൂമിയിൽ നെൽകൃഷിയും 35 ഹെക്ടറിൽ പച്ചക്കറികൃഷിയും നടത്തി. 1450 ടൺ അധിക ഉൽപാദനമാണുണ്ടായത്‌. 60 ലക്ഷം രൂപയുടെ കാർഷിക യന്ത്രോപകരണം നൽകി. 
വിദ്യാഭ്യാസരംഗത്ത്‌  മികവ്‌
പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ ‘തിരികെ തിരുമുറ്റത്തേക്ക്’ പദ്ധതി തരംഗം സൃഷ്‌ടിച്ചു. എസ്‌എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ കുറഞ്ഞ ഗ്രേഡ് ബി പ്ലസ് ആയി ഉയർത്താനുള്ള ‘ബി പോസിറ്റീവ്‌’ പദ്ധതിയും അക്കാദമിക്‌ നിലവാരമുയർത്താനുള്ള ‘ഇ–- മുകുള’വും വിജയശതമാനം വർധിപ്പിക്കാനുള്ള ‘നൂറിൽ നൂറ്‌’ പദ്ധതിയും വിജയം കണ്ടു. 23 സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്കൊപ്പം പഞ്ചായത്തുകളുമായി ചേർന്ന് ‘ഒന്നാം ക്ലാസ്‌ ഒന്നാംതരം’ പദ്ധതിയും നടപ്പാക്കി. 
ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി
ജില്ലാ ആശുപത്രി വികസനത്തിനായി ജില്ലാ പഞ്ചായത്ത്‌ തയ്യാറാക്കിയ 56 കോടി രൂപയുടെ മാസ്‌റ്റർപ്ലാനിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കുയർത്തി. സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ്‌സ് വെൽഫെയർ സൊസൈറ്റി നടത്തുന്ന ഡയാലിസിസ്‌ യൂണിറ്റിലെ ഷിഫ്റ്റുകൾ വർധിപ്പിച്ച്‌ 123 രോഗികൾക്ക് പ്രതിമാസം 1550 ഡയാലിസിസ് ചെയ്യാൻ സൗകര്യമുണ്ടാക്കി. വൃക്ക മാറ്റിവച്ച 245 രോഗികൾക്ക് സൗജന്യ മരുന്നുവിതരണമുണ്ട്‌. 
പിന്നോക്കവിഭാഗത്തിന്‌ കരുതൽ
ആറളം നവജീവൻ കോളനിയിലുള്ള 24 വീടുകളുടെ അടിസ്ഥാനസൗകര്യം ഉയർത്തി. മേഖലയിലെ പട്ടികജാതി ബിപിഎൽ കുടുംബങ്ങൾക്ക്‌ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കി. ആദിവാസി സമഗ്രവിദ്യാഭ്യാസ പദ്ധതി, ആറളം ഫാം ഹൈസ്‌കൂൾ ‌ വിദ്യാർഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം, ഗർഭിണികൾക്ക്‌ പോഷകാഹാരം വിതരണം, വയോജനങ്ങൾക്ക് ആയുർവേദ മെഡിക്കൽ ക്യാമ്പ്‌ എന്നിവ നടപ്പാക്കി.
എന്നും മാതൃക 
കേരളത്തിൽ ആദ്യമായി ട്രാൻസ്‌ജെൻഡേഴ്‌സിനായി പദ്ധതി നടപ്പാക്കിയ തദ്ദേശ സ്ഥാപനം കണ്ണൂർ ജില്ലാ പഞ്ചായത്താണ്‌. സ്‌ത്രീസുരക്ഷയ്‌ക്കായി ഷീനൈറ്റ് ഹോമും 30 പൊതു ഇടങ്ങളിൽ മുലയൂട്ടൽകേന്ദ്രങ്ങളും സ്ഥാപിച്ചു. പൊതുജന നിർദേശം സ്വീകരിക്കാൻ എന്റെ പദ്ധതി മൊബൈൽ ആപ്‌, പൂകൃഷി, തേൻ ജില്ല, ജില്ലാ കേന്ദ്രത്തിൽ അക്വാ ഗ്രീൻമാർട്ട്‌ , കണ്ണൂർ നഗരത്തിൽ വിത്ത്‌ പത്തായം, പുഴകളെ വീണ്ടെടുക്കാൻ അഴുക്കിൽനിന്ന് അഴകിലേക്ക്, തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി, ജില്ലാ പഞ്ചായത്തിൽ ഡിജിറ്റൽ മീറ്റിങ്‌ ഹാൾ, മേൽക്കൂരയിൽ ഗ്രിഡ്ബന്ധിത സോളാർ പവർ പ്ലാന്റ് തുടങ്ങി അനേകം മാതൃകാപദ്ധതികളും നടപ്പാക്കി. 
   ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള അവകാശം പൂർണമായും സംരക്ഷിച്ചുകൊണ്ടാണ്‌ ഭരണസമിതി പ്രവർത്തിച്ചതെന്ന് ‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന കെ വി സുമേഷ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top