17 January Sunday

5 രൂപ അലവൻസ്‌ വാങ്ങിയ പ്രസിഡന്റ്‌

കെ കെ ശ്രീജിത്ത്‌Updated: Monday Nov 30, 2020

പേരാവൂർ 

അര നൂറ്റാണ്ടിനുമപ്പുറമുള്ള തദ്ദേശ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്റെ ഓർമകൾ അയവിറക്കുകയാണ്‌ കേളകത്തെ ജോർജുകുട്ടി മുക്കാടൻ എന്ന എൺപത്തിനാലുകാരൻ. തുടർച്ചയായി ഒന്നര പതിറ്റാണ്ടോളം പഞ്ചായത്ത്‌ പ്രസിഡന്റ്‌. ഒരോ തെരഞ്ഞെടുപ്പ്‌ വരുമ്പോഴും പഴയകാലം മനസിൽ നിറയും. ഇപ്പോൾ കേളകത്തെ വീട്ടിൽ ഭാര്യ മറിയാമ്മയുമൊത്ത് വിശ്രമ ജീവിതം നയിക്കുന്നു. 
   1964 ജനുവരി ഒന്നുമുതൽ 1978 വരെയാണ്‌ പ്രസിഡന്റ്‌ പദവിയിലിരുന്നത്‌.  ആദ്യകാലത്ത്‌ പ്രസിഡന്റിനും അംഗങ്ങൾക്കും അഞ്ചു രൂപയായിരുന്നു മാസ അലവൻസ്‌. നിലവിലുള്ള കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകൾ ചേർന്ന കാപ്പാട് പഞ്ചായത്തിന്റെ പ്രസിഡന്റായി ആദ്യം. പിന്നീട്‌, കാപ്പാട് വിഭജിച്ച് രൂപീകരിച്ച കൊട്ടിയൂർ പഞ്ചായത്തിന്റെയും. 1963 നവംബർ 23-ന്‌ നടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മലനാട് കർഷക യൂണിയനെയാണ്‌ ജോർജുകുട്ടിയും കൂട്ടരും പ്രതിനിധീകരിച്ചത്‌. കോൺഗ്രസായിരുന്നു പ്രധാന എതിരാളി. 
പ്രചാരണത്തിന് വാഹനമില്ലാത്ത കാലം. കുന്നും ഇടവഴികളും കയറിയിറങ്ങും.   മെഗാഫോൺ പ്രചാരണവും നടത്തും. കൊട്ടിയൂരിൽ കുടിയിറക്കുഭീഷണിയുള്ള കാലമായിരുന്നു. 1964 ജനുവരി ഒന്നിന് ഫലം വന്നപ്പോൾ ആകെയുള്ള എട്ട് വാർഡിലും മലനാട് കർഷക യൂണിയൻ വിജയിച്ചു. ഒന്നാം വാർഡിൽ പട്ടികവർഗ സംവരണമടക്കം രണ്ട് അംഗങ്ങളുണ്ടായിരുന്നു. അങ്ങനെ ഒമ്പതുപേർ. ഒരു വനിതയെ ഭരണസമിതിയിലേക്ക് നാമനിർദേശംചെയ്തു. 
അന്നുമുതൽ 1969 വരെ ജോർജുകുട്ടി കാപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റായി. 1969ൽ കാപ്പാട് വിഭജിച്ച് കൊട്ടിയൂർ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ തെരഞ്ഞെടുപ്പ് നടത്താതെ ജോർജുകുട്ടിയടക്കം കാപ്പാട് പഞ്ചായത്ത് ഭരണസമിതിയിലെ മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തി കൊട്ടിയൂർ പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ചു.  1978വരെ കൊട്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റുമായി. 
പഞ്ചായത്തിന് സർക്കാരിൽനിന്ന് പദ്ധതിച്ചെലവിന്‌  ലഭിച്ചിരുന്നത് പ്രതിവർഷം അയ്യായിരം രൂപയിൽതാഴെ. ഓലക്കുടിലുകൾ മാത്രമുണ്ടായിരുന്ന മലയോരത്ത് പഞ്ചായത്തിന് നികുതിവരുമാനമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ അധികാര വികേന്ദ്രീകരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങളും വലിയ വികസനസാധ്യതകളുമാണ്‌ നൽകിയതെന്ന്‌ ജോർജുകുട്ടി പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top