11 October Friday

വെള്ളിത്തിരയിൽ കാണാം മലയോരത്തിന്റെ ഫ്രെയിം

മനോഹരൻ കൈതപ്രംUpdated: Friday Aug 30, 2024

"കവി ഉദ്ദേശിച്ചത്’ സിനിയുടെ ചിത്രീകരണത്തിന് പടിയൂർ 
ഗവ. എച്ച്എസ്എസ് മൈതാനിയിൽ ഒരുക്കിയ വോളിബോൾ സ്റ്റേഡിയം (ഫയൽ ചിത്രം)

ഇരിട്ടി

സിനിമാ ഷൂട്ടിങ്‌ കാണാൻ ചെന്നൈയിലും കോടമ്പാക്കത്തും തിരുവനന്തപുരത്തുമൊക്കെ പോയത്‌ പഴങ്കഥ. ഇന്ന്‌ സിനിമയുടെ പിറവിയും അതിന്റെ കഷ്ടപ്പാടും ആഘോഷങ്ങളും കൺമുന്നിൽ കാണുകയാണ്‌ മലയോരം. യാത്രാക്ലേശവും പശ്ചാത്തല സൗകര്യമില്ലായ്‌മയും  അവഗണിച്ച ഇരിട്ടിയിലെ മലമ്പ്രദേശങ്ങളെത്തേടി ഇപ്പോൾ സിനിമകളുടെ പൂക്കാലമാണ്‌. മട്ടന്നൂരിൽ വിമാനത്താവളം വന്നതോടെയുള്ള യാത്രാ, താമസസൗകര്യവും  ജനങ്ങളുടെ  സഹകരണവും ഇവിടം സിനിമാക്കാരുടെ ഇഷ്ടകേന്ദ്രമാക്കുന്നു. മൂന്ന്‌ ചിത്രങ്ങൾ  ഷൂട്ട്‌ ചെയ്യുന്നതിന്‌ ഇതിനകം ക്രമീകരണങ്ങളുമായി. 
മലയോരത്തെ ഗ്രാമങ്ങളും നഗരങ്ങളും സ്ഥാപനങ്ങളും ഇപ്പോൾ തുടർച്ചയായി  ബിഗ്‌ ബജറ്റ്‌ സിനിമകളുടെ ലൊക്കേഷനുകളാണ്‌. ഷാഹി കബീർ സംവിധാനംചെയ്യുന്ന ത്രില്ലർ ഡ്രാമ സിനിമയുടെ ചിത്രീകരണമാണ്‌ ഇപ്പോൾ പടിയൂരിലും ഇരിട്ടിയിലുമായി പുരോഗമിക്കുന്നത്‌. ദിലീഷ്‌ പോത്തൻ, റോഷൻ മാത്യു തുടങ്ങിയവരാണ്‌ അഭിനേതാക്കൾ. 
ഫഹദ്‌, ശ്യാം പുഷ്കരൻ, ദിലീഷ്‌ പോത്തൻ എന്നിവരുടെ   കമ്പനിയായ ഭാവന സ്റ്റുഡിയോസ് നിർമിച്ച്‌ പടിയൂരിലെ സംഗീത്‌ പി രാജൻ സംവിധാനംചെയ്ത ‘പാൽത്തൂ ജാൻവർ’ സിനിമ കോളിത്തട്ടുമുതൽ  കുടിയാന്മലവരെയുള്ള  കുന്നിൻചരിവുകളിലാണ്‌ ചിത്രീകരിച്ചത്‌. 1985ൽ പുറത്തിറങ്ങിയ ഭരതന്റെ ‘ഒഴിവുകാല’ത്തിലെ ചില പുറംകാഴ്ചകൾ ഇരിട്ടി പരിസരങ്ങളിലാണ്‌ ചിത്രീകരിച്ചത്‌. ഹരിഹരന്റെ ‘പഴശ്ശിരാജ’യിൽ മുഴക്കുന്ന്‌ മൃദംഗശൈലേശ്വരീ ക്ഷേത്രം, 
ഉളിയിൽ ബംഗ്ലാവ്‌, കണ്ണവം വനം എന്നിവയും  പതിഞ്ഞു. ആസിഫ്‌ അലി നായകനായ ‘കവി ഉദ്ദേശിച്ചത്‌’ സിനിമയിലെ വോളിബോൾ ടൂർണമെന്റിന്‌  വേദിയായത്‌ പടിയൂർ ഗവ. ഹൈസ്കൂൾ മൈതാനമാണ്‌.  വിനീത്‌ ശ്രീനിവാസന്റെ ‘വർഷങ്ങൾക്ക്‌ ശേഷം’,  മാടത്തിയിലെ എം സി ജിതിൻ സംവിധാനംചെയ്ത ‘നോൺസെൻസ്‌’, നിരവധി മേളകളിൽ പുരസ്കാരംനേടിയ  ഇരിട്ടി നേരമ്പോക്കിലെ രാഗേഷ്‌ നാരായണൻ സംവിധാനംചെയ്ത ‘തണുപ്പ്‌,’ ധ്യാൻ ശ്രീനിവാസന്റെ ‘സൂപ്പർ സിന്ദഗി’ എന്നിവയും മലയോരം ലൊക്കേഷനാക്കി.
പ്രകൃതിമനോഹാരിതയും കഥയാവശ്യപ്പെടുംവിധം സെറ്റൊരുക്കാനുള്ള പശ്ചാത്തലവുമാണ്‌ സിനിമാപ്രവർത്തകരെ  ഇവിടേക്ക്‌ ആകർഷിക്കുന്നതെന്ന്‌ കവി ഉദ്ദേശിച്ചത്‌, പാൽത്തൂ ജാൻവർ തുടങ്ങിയ സിനിമകളിലെ ലൊക്കേഷൻ മാനേജരും നടനുമായ പ്രിനു പടിയൂർ പറഞ്ഞു.  സിനിമാ ചിത്രീകരണം പ്രധാന നഗരങ്ങളിൽ പതിവുകാഴ്‌ചയായതിനാൽ ജനങ്ങൾ ശ്രദ്ധിക്കാറില്ല.  ഇവിടെ ഷൂട്ടിങ് ജനങ്ങൾക്ക്‌ കൗതുകവും സന്തോഷവും പകരുന്ന അനുഭവമാണ്‌.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top