26 January Tuesday

ഇത്‌ പാടമാണ്‌, പാഠവുമാണ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
കണ്ണൂർ
സമ്പൂർണ നെൽകൃഷി പഞ്ചായത്തായി മയ്യിലിനെ മാറ്റിയ മാതൃക ജില്ലയിലാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ റൈസ്‌ പ്രൊഡ്യൂസർ കമ്പനി. ഇതിന്റെ ഭാഗമായി കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാമ്പറമ്പിൽ  20 ഏക്കറിലും  കൊളച്ചേരി പഞ്ചായത്തിൽ 15 ഏക്കറിലും  ഈ വർഷം കമ്പനി പാട്ടത്തിനെടുത്ത്‌ നെൽകൃഷി നടത്തുന്നുണ്ട്‌. പരീക്ഷണം വിജയമായാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന്‌ കമ്പനി എംഡി  ടി കെ ബാലകൃഷ്‌ണൻ പറഞ്ഞു.  കൃഷിക്കാർ കമ്പനിയിൽ  കൃഷിച്ചെലവിനുള്ള പണമടച്ചാൽ വീട്ടിൽ അരിയെത്തിക്കുന്ന സംവിധാനമാണ്‌ ആലോചിക്കുന്നത്‌. നെൽകൃഷി ആദായകരമാണെന്ന്‌ കർഷകരെ ബോധ്യപ്പെടുത്തുകയാണ്‌ ലക്ഷ്യം.  കൃഷിക്കാരെ  വയലിൽ ഇറക്കുകയും അവിടെ പിടിച്ചുനിർത്തുകയുമാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കൃഷിക്കുള്ള പണമടച്ച്‌ അരി നൽകുന്ന ഏജൻസിപ്പണിയല്ല ഇത്‌. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നബാർഡിന്റെയും സഹായത്തോടെയാണിത്‌ നടപ്പാക്കുക. ഒരു ഏക്കർ കൃഷി നടത്താൻ 30,000 രൂപയാണ്‌ വാങ്ങുക. തിരിച്ചുനൽകുന്നത്‌ 1200 കിലോ അരി. ഇതിൽ 1000 കിലോ പുഴുങ്ങലും 200 കിലോ പച്ചരിയുമായിരിക്കും. 
പുഴുങ്ങലരിക്ക്‌ 40 രൂപയും പച്ചരിക്ക്‌ 30 രൂപയുമാണ്‌ വില നിശ്‌ചയിച്ചത്‌. ഇതിലൂടെ 46,000 രൂപയുടെ അരി കർഷകന്‌ ലഭിക്കും. ഇതിനുപുറമെ 9,000 രൂപയുടെ സർക്കാർ സബ്‌സിഡിയും കിട്ടും. 30,000 രൂപ ചെലവാക്കുന്ന കർഷകന്‌ സബ്‌സിഡികൂടി ചേർത്താൽ 25, 000 രൂപ ലാഭം കിട്ടും. അരി ആവശ്യമില്ലെങ്കിൽ കമ്പനി കിലോവിന്‌  10 രൂപ അധികം നൽകി തിരിച്ചെടുക്കും.  ഇതിലൂടെ 1200 കിലോ അരിക്ക്‌ കർഷകന്‌ 58000 രൂപ ലഭിക്കും. ലാഭം 28,000 രൂപയായി വർധിക്കും. പാടശേഖരം ഒരുയൂണിറ്റായി തെരഞ്ഞെടുത്ത്‌ രണ്ടാംവിള മുതൽ ഇത്‌ പരീക്ഷിക്കും.
ജൈവവളം പ്രാദേശികമായി നിർമിക്കും
കർഷകർക്ക്‌ കൃഷിക്കുള്ള മൂലധനം കണ്ടെത്തുന്നതിനും കമ്പനി സഹായിക്കും. ഭക്ഷ്യ, തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതിനാണ്‌ ഊന്നൽ. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച്‌ വിപണനം ഉറപ്പുവരുത്തുകയും ചെയ്യും. നെൽപ്പാടങ്ങൾ തരംമാറ്റാതിരിക്കാനുള്ള  മുൻകരുതലുണ്ടാവും. 
കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച്‌ കൃഷിരീതിയിൽ മാറ്റം വരുത്തും.  ഹ്രസ്വകാല നെല്ലിനങ്ങൾ പാടത്തിറക്കും. വിത്തുഗ്രാമം പദ്ധതി നടപ്പാക്കും.ജൈവ വളം പ്രാദേശികമായി നിർമിക്കാൻ കർഷകരെ  പ്രോത്സാഹിപ്പിക്കും. ജൈവ വളം കമ്പനി വാങ്ങി അതത്‌ പാടശേഖരങ്ങളിൽ  ഉപയോഗിക്കാൻ തിരിച്ചു നൽകും. നെൽകൃഷി ഇല്ലാത്ത സീസണിൽ കർഷർക്ക്‌ ഇത്‌ തൊഴിലായി മാറും.
കാലത്ത്‌ വിതച്ചാൽ നേരത്ത്‌ കൊയ്യാം എന്നതാണ്‌ മയ്യിൽ റൈസ്‌ പ്രൊഡ്യൂസർ കമ്പനിയുടെ  തത്വശാസ്‌ത്രം. ചേറ്റിൽ കൈ കുത്തിയാൽ ചോറ്റിലും കൈകുത്താമെന്ന്‌ ഇവർ തെളിയിക്കുന്നു. 
(അവസാനിച്ചു)
അടിത്തറ നീർത്തടാധിഷ്ടിത പദ്ധതി: ജയിംസ്‌ മാത്യു
തളിപ്പറമ്പ്‌ മണ്ഡലത്തിൽ നടപ്പിലാക്കിയ നിർത്തടാധിഷ്‌ഠത പദ്ധതികളാണ്‌ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനികളുടെ അടിത്തറയെന്ന്‌ ജയിംസ്‌ മാത്യൂ എംഎൽഎ പറഞ്ഞു. 88 നിർത്തടങ്ങളാണ്‌ നിർമിച്ചത്‌.  32,000 ഹെക്ടർ സ്ഥലം സമ്പൂർണ തരിശുരഹിതമാക്കാനായി. ആറ്‌ പ്രൊഡ്യൂസർ  കമ്പനികളാണ്‌  മണ്ഡലത്തിൽ പ്രവർത്തിക്കുന്നത്‌. ഇതിൽ ഏറ്റവും മികച്ച രീതിയിൽ  പ്രവർത്തിക്കുന്ന കമ്പനികളിലൊന്നാണ്‌ മയ്യിൽ റൈസ്‌  പ്രൊഡ്യൂസർ കമ്പനിയെന്നും ജയിംസ്‌ മാത്യു പറഞ്ഞു.
സംസ്‌കരണം വികേന്ദ്രീകരിച്ചത്‌ നേട്ടമായി: പി ബാലൻ
മയ്യിലിനെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ നെൽകൃഷി പഞ്ചായത്താക്കുന്നതിൽ റൈസ്‌  പ്രൊഡ്യൂസർ കമ്പനിയുടെ പങ്ക്‌ മഹത്തരമാണെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാലൻ പറഞ്ഞു. 
പ്ലാൻ ഫണ്ടിന്റെ 63 ശതമാനം കൃഷിക്ക്‌ നീക്കിവയ്‌ക്കാൻ പഞ്ചായത്തിനായി. ഈ വർഷം 1.85 കോടി രൂപയാണ്‌ നീക്കിവച്ചത്‌. സംഭരണം, സംസ്‌കരണം, വിപണനം എന്നീ  മേഖലകളിൽ കമ്പനിക്ക്‌ നേട്ടമുണ്ടാക്കാനായി. സംസ്‌കരണം വികേന്ദ്രീകരിച്ചതാണ്‌ ഏറ്റവും വലിയ പ്രത്യേകതയെന്നും പി ബാലൻ വ്യക്തമാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top