15 October Tuesday

ആയുർവേദ തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

കണ്ണൂർ

കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ശനിയാഴ്‌ച കണ്ണൂർ സി കണ്ണൻ സ്മാരക  ഹാളിൽ നടക്കും. സംസ്ഥാനത്തെ മൂന്ന്‌ ലക്ഷം  ആയുർവേദ തൊഴിലാളികളെ പ്രതിനിധീകരിച്ച്‌ 150 പേർ പങ്കെടുക്കും. രാവിലെ പത്തിന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്യും. നവതിയിലെത്തിയ, യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ എം എം ലോറൻസിനെ സമ്മേളനത്തിൽ ആദരിക്കും. 
    ആയുർവേദ, സിദ്ധ, യുനാനി, കളരി, മർമ, നാട്ടുവൈദ്യ, പാരമ്പര്യവൈദ്യ 
 മേഖലയിലുള്ള വൈദ്യന്മാരും  തൊഴിലാളികളും ഉൾപ്പെടുന്ന സംസ്ഥാനത്തെ ഏക സംഘടനയാണ്‌  ആയുർവേദ തൊഴിലാളി യൂണിയൻ. 
   ഔഷധസസ്യ കൃഷി സംരക്ഷണം ഉറപ്പാക്കുക, ആയുർവേദ മേഖലയ്‌ക്ക്‌ പ്രത്യേക ക്ഷേമനിധി  ഏർപ്പെടുത്തുക, പാരമ്പര്യ വൈദ്യന്മാരുടെയും ഗുരുക്കന്മാരുടെയും ചികിത്സയ്‌ക്ക്‌ നിയമ സംരക്ഷണം നൽകുക, പ്രായോഗിക പരിജ്ഞാനമുള്ള ഫാർമസിസ്‌റ്റ്‌, തെറാപ്പിസ്‌റ്റ്‌, നേഴ്‌സ്‌  എന്നിവരുടെ  തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭങ്ങൾക്ക്‌ സമ്മേളനം രൂപംനൽകും. 
   വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അരക്കൻ ബാലൻ, യൂണിയൻ  സംസ്ഥാന പ്രസിഡന്റ്‌ കെ സന്തോഷ്‌, ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ്‌, ജോയിന്റ്‌ സെക്രട്ടറി എം രാമചന്ദ്രൻ ഗുരുക്കൾ, കെ അശോകൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top