24 October Thursday
കണ്ണൂർ വിമാനത്താവളംവഴി സ്വർണക്കടത്ത്‌

3 കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർകൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
കൊച്ചി
കണ്ണൂർ വിമാനത്താവളംവഴി സ്വർണം കടത്താൻ സഹായിച്ച മൂന്ന്‌ യുവ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെക്കൂടി ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസ്‌ (ഡിആർഐ) കൊച്ചി യൂണിറ്റ്‌ അറസ്‌റ്റുചെയ്‌തു. കഴിഞ്ഞ ദിവസം ഡിആർഐ ചോദ്യം ചെയ്യാൻ കസ്‌റ്റഡിയിലെടുത്ത ഡൽഹി സ്വദേശികളായ രോഹിത്ശർമ, കൃഷൻകുമാർ, ജാർഖണ്ഡ്‌ സ്വദേശി സകേന്ദ്ര പാസ്വാൻ എന്നിവരുടെ അറസ്‌റ്റാണ്‌ രേഖപ്പെടുത്തിയത്‌. ബുധനാഴ്‌ച അറസ്‌റ്റിലായ കോഴിക്കോട്‌ കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം ഇൻസ്‌പെക്ടർ രാഹുൽ പണ്ഡിറ്റിന്റെ കൂട്ടാളികളാണിവർ. ഇതോടെ കേസിൽ പിടിയിലാകുന്ന കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ എണ്ണം നാലായി.
  പത്തൊമ്പതിന്‌ കണ്ണൂർ വിമാനത്താവളത്തിൽ നാലു കോടിയിലേറെ വിലമതിക്കുന്ന 11 കിലോഗ്രാം സ്വർണവുമായി മൂന്നുപേർ പിടിയിലായ കേസിലാണ്‌ നടപടി. വടക്കൻ കേരളത്തിലെ ജ്വല്ലറികളിലേക്ക്‌ സ്വർണമെത്തിക്കുന്ന സംഘത്തിനുവേണ്ടിയാണ്‌ നാലുപേരും പ്രവർത്തിച്ചത്‌. 
വിദേശത്തുനിന്ന്‌ സ്വർണമെത്തിക്കുന്നവരെക്കുറിച്ച്‌ രാഹുൽ പണ്ഡിറ്റിന്‌ വാട്‌സാപ്‌ വഴി സംഘം വിവരം നൽകും. രാഹുൽ ഇവ മറ്റു കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർക്ക്‌ കൈമാറും. സ്വർണവുമായെത്തുന്നവരെ  കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരിലൊരാൾ വിമാനത്താവളത്തിലെ പരിശാേധനകളിൽനിന്ന്‌ ഒഴിവാക്കിവിടും. ഇതിന്‌ കള്ളക്കടത്ത്‌ സംഘത്തിൽനിന്നു ലഭിക്കുന്ന പ്രതിഫലം വീതിച്ചു നൽകിയിരുന്നതും രാഹുലായിരുന്നു. 
  രാഹുലും അറസ്‌റ്റിലായ മൂന്നുപേരും 2015ൽ ഒരേ ബാച്ചിലാണ്‌ സർവീസിൽ കയറിയത്‌. രാഹുൽ ഒരുവർഷമാണ്‌ കോഴിക്കോട്‌ പ്രവർത്തിച്ചത്‌. മറ്റു മൂന്നുപേരെയും കണ്ണൂർ വിമാനത്താവളം ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ്‌ നിയമിച്ചത്‌.
   അറസ്‌റ്റിലായ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ എറണാകുളം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ (സാമ്പത്തിക കുറ്റകൃത്യങ്ങൾ) കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. ഇവരെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ഡിആർഐ അപേക്ഷ നൽകും. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന്‌ കസ്‌റ്റംസ്‌ കമീഷണർ (പ്രിവന്റീവ്‌) സുമിത്‌കുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top