20 October Sunday
യുവജനജാഥയ്‌ക്ക്‌ ജില്ലയിൽ ആവേശോജ്വല വരവേൽപ്‌

‘വർഗീയത വേണ്ട ജോലി മതി’

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2019

യൂത്ത് സ്ട്രീറ്റിന്റെ പ്രചാരണാർഥമുള്ള വടക്കൻ മേഖലാജാഥയ്‌ക്ക‌് പയ്യന്നൂരിൽ നൽകിയ സ്വീകരണം

പയ്യന്നൂർ
‘വർഗീയത വേണ്ട ജോലി മതി’ എന്ന മുദ്രാവാക്യമുയർത്തി 
ഡിവൈഎഫ്ഐ ആഗസ്ത് 15ന്  നടത്തുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചാരണാർഥമുള്ള  വടക്കൻ മേഖലാജാഥയ്‌ക്ക‌്  ജില്ലയിൽ  ആവേശകരമായ വരവേൽപ്‌.  ജില്ലാ അതിർത്തിയായ കാലിക്കടവിൽനിന്ന്‌  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ എന്നിവർ ജാഥാ ലീഡർ  എ എ റഹീമിനെ ഹാരാർപ്പണം നടത്തി കണ്ണൂരിലേക്ക്‌ വരവേറ്റു.   തുടർന്ന‌് ചുവപ്പ‌്മുണ്ടും വെള്ള ഷർട്ടുമിട്ട‌് നക്ഷത്രാങ്കിത തൂവെള്ള പതാകയുമേന്തിയ നൂറുകണക്കിന‌്  പ്രവർത്തകരുടെയും  ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ പയ്യന്നൂരിലേക്ക്‌.  
അനശ്വരരായ കരിവെള്ളൂർ രക്തസാക്ഷികളുടെ ചോരവീണ‌് ചുവന്ന  കരിവെള്ളൂരിന്റെയും വെള്ളൂരിന്റെയും  കണ്ടോത്തിന്റെയും  അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ‌് ജാഥ പയ്യന്നൂരിലെത്തിയത‌്.  
 സംഘാടകസമിതി  കൺവീനർ ജി ലിജിത്ത‌്, സരിൻ ശശി എന്നിവർ ജാഥാ ലീഡറെ സെൻട്രൽ ബസാറിൽ മാലയിട്ട‌് സ്വീകരിച്ചു. തുടർന്ന‌്   നൂറുകണക്കിന‌് പ്രവർത്തകർ ചെണ്ടമേളത്തിന്റെയും മുദ്രാവാക്യം വിളികളോടെയും  ജാഥ ലീഡറെ സ്വീകരണകേന്ദ്രമായ ഷേണായ‌് സ‌്ക്വയറിലേക്ക‌് ആനയിച്ചു.  മുത്തുക്കുടകളും നക്ഷത്രശോഭ പടർത്തിയ പൂക്കുറ്റികളും ജാഥാ സ്വീകരണത്തിന‌്  കൊഴുപ്പേകി. വർഗബഹുജന സംഘടനാ നേതാക്കൾ ജാഥാ ലീഡറെ ഹാരാർപ്പണം നടത്തി.  ഉണ്ണി കാനായി നിർമിച്ച സ്വാമി ആനന്ദതീർഥന്റെ  ശിൽപം സംഘാടകസമിതി ചെയർമാൻ കെ പി മധു, കൺവീനർ ജി ലിജിത്ത‌് എന്നിവർ ജാഥാ ലീഡർക്ക‌് സമ്മാനിച്ചു. ജാഥാംഗങ്ങളെ കെ പി മധു ഷാളണിയിച്ചു. സമാപനത്തിൽ കെ പി മധു അധ്യക്ഷനായി. 
ജാഥാ ലീഡർ എ എ റഹീം,  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എന്നിവർ സംസാരിച്ചു . പി പി അനിഷ സ്വാഗതം പറഞ്ഞു. ചൊവ്വാഴ‌്ച രാവിലെ 8.30ന‌് ജാഥാംഗങ്ങൾ പയ്യന്നൂർ റൂറൽ ബാങ്ക‌് ഓഡിറ്റോറിയത്തിൽ  പിഎസ‌്സി, യുപിഎസ‌്സി റാങ്ക‌് ഹോൾഡൾമാരുമായി സംവദിക്കും. 
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം സരിൻ ശശി, ജില്ല വൈസ് പ്രസിഡന്റ് എ വി രഞ്ജിത്ത്‌ തുടങ്ങിയവർ കാലിക്കടവിൽ ജാഥയെ വരവേൽക്കാനെത്തി.
പ്രധാന വാർത്തകൾ
 Top