23 January Thursday

അനസൂയ ഓർക്കുന്നുണ്ടോ ഈ മകനെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

തലശേരിയിൽ സന്ദർശനത്തിനെത്തിയ സ്വിറ്റ്‌സർലൻഡ് എം പി സാമുവൽ നിക്കോളസ് ഗൂഗറിനെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പൊന്നാട അണിയിക്കുന്നു

തലശേരി

അരനൂറ്റാണ്ട് മുമ്പ്‌ മലയാളിയായ അമ്മ ആശുപത്രിയിലുപേക്ഷിച്ച കുഞ്ഞ് വേരുകൾതേടി വീണ്ടും കേരളത്തിൽ. ആൾക്കൂട്ടത്തിനിടയിൽനിന്ന് വാത്സല്യത്തോടെ മോനേ എന്നൊരുവിളി സ്വിറ്റ്‌സർലൻഡുകാരനായ സാമുവൽ നിക്കോളസ് ഗൂഗർ ഇപ്പോഴും പ്രതീക്ഷിക്കുന്നു. അനസൂയയെന്ന മലയാളി ബ്രാഹ്മണസ്ത്രീയുടെ മകനായി പിറന്ന് ജർമൻ ദമ്പതിമാരുടെ ദത്തുപുത്രനായി വളർന്ന നിക്കോളസ് എന്ന നിക് ഇന്ന് സ്വിറ്റ്‌സർലൻഡ് പാർലമെന്റംഗവും  വ്യവസായ സംരംഭകനുമാണ്. 
സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയിലെ നായകൻ. അനാഥനായി ഒടുങ്ങുമായിരുന്ന കുഞ്ഞിന്റെ ജീവിതമാണ് ജർമൻ ദമ്പതിമാരുടെ ദത്തെടുക്കലിൽ കീഴ്‌മേൽ മറിഞ്ഞത്.  പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ പിന്നീട് അനാഥബാലനെ തേടിയെത്തി. 1970 മെയ് ഒന്നിന് രാത്രി 1.20ന് ഉഡുപ്പിയിലെ ലെംബാർഡ് മൊമ്മോറിയൽ ആശുപത്രിയിൽ ജനനം. ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏൽപിക്കണമെന്ന അഭ്യർഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടർ ഫ്‌ളൂക്‌ഫെല്ലിന് കൈമാറി അമ്മ ആശുപത്രിയിൽനിന്ന് പോയി.
തലശേരി നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിങ്ങ് ഫൗണ്ടേഷനിൽ പഠിപ്പിച്ചിരുന്ന ജർമൻകാരൻ എൻജിനിയർ ഫ്രിറ്റ്‌സ് ഗൂഗറും ഭാര്യ എലിബസത്തും മലേറിയക്ക് ചികിത്സതേടി ലെംബാർഡ് ആശുപത്രിയിലെത്തിയപ്പോഴാണ് ദത്തെടുത്തത്. അമ്മ തിരികെയെത്തുമോയെന്ന് കാത്തിരുന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ മലയാളപത്രങ്ങളിൽ പരസ്യം നൽകി. പക്ഷേ, അനസൂയ വന്നില്ല. ജർമൻ ദമ്പതിമാർ ദത്തെടുത്ത മകൻ വളർന്നതും അമ്പതാംവയസ്സിൽ തന്നെ തേടി കേരളത്തിൽ വന്നതും ആ അമ്മ അറിയുന്നുണ്ടോ ആവോ? 
അമ്മയെതേടി നിക് മുമ്പും കേരളത്തിലെത്തിയിട്ടുണ്ട്. 2017 മേയിലാണ്‌ ഒടുവിൽവന്നത്. ഉഡുപ്പിയടക്കം പലയിടത്തും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സ്വിറ്റ്‌സർലൻഡുകാരി ബിയാട്രീസാണ് ഭാര്യ. അമ്മയുടെ ഓർമയ്‌ക്ക് മൂത്തമകൾക്ക് അനസൂയയെന്ന് പേരിട്ടു. ലെ ആന്ത്രോ, മി ഹാറബി എന്നിവരാണ് മറ്റുമക്കൾ. അഞ്ച്‌വയസ്സുവരെ പിച്ചവച്ചുനടന്ന നാടിന്റെ സ്‌നേഹവാത്സല്യങ്ങൾക്കിടയിലേക്ക് തിങ്കളാഴ്ച സന്ധ്യക്കാണ് നിക്കോളസ് എന്ന നിക് വന്നിറങ്ങിയത്.
വിമാനത്താവളത്തിൽ എ എൻ ഷംസീർ എംഎൽഎ, സബ്കലക്ടർ ആസിഫ് കെ യൂസഫ്, ഡിടിപിസി സെക്രട്ടറി ജിതീഷ്‌ ജോസ് എന്നിവർ സ്വീകരിച്ചു. പ്രണാംമൂസയുടെ ആയിഷ മൻസിലിലാണ് താമസം.  നിക് ആഗസ്ത് ഒന്നിന് മടങ്ങും.  സാമുവൽ നിക്കോളസ് ഗൂഗറിനെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top