19 September Thursday
സർക്കാർ ഇടപെടൽ

ആന്ധ്രയിൽ വനംവകുപ്പ്‌ പിടികൂടിയ മത്സ്യത്തൊഴിലാളികളെ വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
കണ്ണൂർ
പുഴയിൽനിന്ന്‌ കല്ലുമ്മക്കായ പറിക്കുന്നതിനിടെ ആന്ധ്രപ്രദേശ്‌ വനംവകുപ്പുദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്ത കണ്ണൂർ സ്വദേശികളടക്കമുള്ള മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തെറ്റിദ്ധാരണമൂലമാണ്‌ കസ്‌റ്റഡിയിലെടുത്തതെന്നും ഇവർ കുറ്റമൊന്നും ചെയ്‌തില്ലെന്നു ബോധ്യമായതായും വിജയവാഡ ഡിഎഫ്‌ഒ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഫലപ്രദ ഇടപെടലാണ്‌ മത്സ്യത്തൊഴിലാളികൾക്ക്‌  രക്ഷയായത്‌. 
ഞായറാഴ്‌ചയാണ്‌ കൃഷ്‌ണ നദിയിൽനിന്ന്‌ കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കണ്ണൂർ കടലായിയിലെ സമീർ, സൽമാൻ ഫാരിസ്‌, നിസാമുദ്ദീൻ,  താഴെചൊവ്വയിലെ നവാസ്‌ എന്നിവരെയും രണ്ട്‌ അസം സ്വദേശികളെയും ആന്ധ്ര വനംവകുപ്പുദ്യോഗസ്ഥർ പിടികൂടിയത്‌. വനമേഖലയിൽനിന്ന്‌ അനധികൃതമായി പ്രകൃതിവിഭവങ്ങൾ ശേഖരിച്ചെന്ന പേരിലായിരുന്നു നടപടി. 
വിവരമറിഞ്ഞ കണ്ണൂർ കലക്ടർ ടി വി സുഭാഷും സിപിഐ എം  ജില്ലാ സെക്രട്ടറി എം വി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട്‌ അടിയന്തര നടപടി നീക്കി. 
ഉന്നത പൊലീസ്‌–- വനംവകുപ്പുദ്യോഗസ്ഥർ വിജയവാഡ ഡിഎഫ്‌ഒ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു. പുഴയിൽനിന്ന്‌ കല്ലുമ്മക്കായ ശേഖരിക്കുന്നത്‌ കുറ്റമല്ലെന്നും വനമേഖലയായതുകൊണ്ടുണ്ടായ സംശയമാണെന്നും ആന്ധ്ര അധികൃതർ വ്യക്തമാക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top