03 August Monday

പായം പഞ്ചായത്തിനെതിരെ ഹീനമായ രാഷ്‌ട്രീയക്കളി: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
ഇരിട്ടി
പായം പഞ്ചായത്തിൽ ഒരാളുടെ ക്ഷേമപെൻഷൻ വിതരണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയെ രാഷ്‌ട്രീയ ആയുധമാക്കി യുഡിഎഫും ബിജെപിയും നടത്തുന്ന ഹീനസമരങ്ങൾ വിലപ്പോവില്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. പരാതി ഉയർന്ന ഘട്ടത്തിൽതന്നെ ഇരിട്ടി റൂറൽ ബാങ്ക് ഇതേപ്പറ്റി വിശദമായി പരിശോധിക്കാനായി കലക്‌ഷൻ ഏജന്റിനെ സസ്‌പെൻഡ്‌ ചെയ്‌തു. തുടരന്വേഷണത്തിലൂടെ വസ്തുത കണ്ടെത്തി തീരുമാനമെടുക്കും. പാർടിയും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തി സംഘടനാപരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ്–- ബിജെപി അപവാദ പ്രചാരണങ്ങൾക്കും  സമരാഭാസങ്ങൾക്കുമെതിരെ സിപിഐ എം ഇരിട്ടിയിൽ നടത്തിയ പ്രതിഷേധ സദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.
കോൺഗ്രസ് ശൈലിയിലല്ല ഇത്തരം വിഷയങ്ങളിൽ സിപിഐ എമ്മിന്റെ നിലപാട്. തെറ്റ് കണ്ടെത്തിയാൽ തിരുത്തിക്കുന്ന തരത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്തും വിധം തീരുമാനമെടുക്കും. കോൺഗ്രസ് ഭരിച്ച തുണ്ടിയിൽ വനിതാ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേടുണ്ടായി. കോൺഗ്രസ് നേതൃത്വം അനങ്ങിയില്ല. അഴിമതിക്കാരെ രക്ഷിച്ചു. പൂളക്കുറ്റി ബാങ്കിൽ മൂന്നു കോടിയുടെ നിക്ഷേപ വെട്ടിപ്പിനെതിരെയും ആ പാർടിക്ക് മിണ്ടാട്ടമില്ല. ഇതല്ല സിപിഐ എം നിലപാടെന്ന് ജനങ്ങൾക്കറിയാം. 
പായം പഞ്ചായത്ത് പ്രസിഡന്റിനെ ഈ വിഷയത്തിൽ വലിച്ചിഴച്ച് രാഷ്ട്രീയ നേട്ടത്തിനാണ് യുഡിഎഫ്, ബിജെപി സമരാഭാസം. പഞ്ചായത്തല്ല പെൻഷൻ നൽകുന്നത്. മരിച്ച വിവരം പഞ്ചായത്തിനെ അറിയിച്ചെന്ന് പറയുന്നവർ എന്തുകൊണ്ട് ഇക്കാര്യം പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്ന ബാങ്കിനെ അറിയിച്ചില്ല? അഞ്ചുകൊല്ലംകൊണ്ട് 20 കോടി രൂപയുടെ വികസനംമാത്രം നടത്താൻ ശേഷിയുള്ള പായം പഞ്ചായത്തിൽ നാലരവർഷത്തിനിടെ  130 കോടിയുടെ വികസന മുന്നേറ്റമുണ്ടായി. കേന്ദ്ര സർക്കാരിന്റേതടക്കം ആറ് അവാർഡുകൾ ഇക്കാലയളവിൽ നേടിയ പഞ്ചായത്താണ് പായം. വികസന കുതിപ്പുയർത്തിയ പഞ്ചായത്തിൽ നഗരസഭാ, കോർപ്പറേഷൻ നിലവാരത്തിനുമപ്പുറമുള്ള  വൻകിട പദ്ധതികളാണ് നടപ്പാക്കിയത്. ഇതാണ് യുഡിഎഫിനെയും ബിജെപിയെയും അലോസരപ്പെടുത്തുന്നത്. ഇത് മറികടക്കാൻ പഞ്ചായത്തോ പ്രസിഡന്റോ കക്ഷിയല്ലാത്ത ഒരു വിഷയത്തെ രാഷ്ടീയ ആയുധമാക്കുകയാണെന്നും  എം വി ജയരാജൻ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top