23 November Monday

ജില്ലാ പഞ്ചായത്ത്‌ എൽഡിഎഫ്‌ സീറ്റ്‌ വിഭജനമായി

പ്രത്യേക ലേഖകൻUpdated: Thursday Oct 29, 2020

 കണ്ണൂർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക്‌ എൽഡിഎഫ്‌ സീറ്റ് വിഭജനം പൂർത്തിയാക്കി. ആകെയുള്ള 24 മണ്ഡലങ്ങളിൽ സിപിഐ എം 15ലും സിപിഐ മൂന്നിലും കേരള കോൺഗ്രസ്‌–-എം, ലോക്‌ താന്ത്രിക്‌ ജനതാദൾ, എൻസിപി, ഐഎൻഎൽ, ജനതാദൾ–-എസ്, കോൺഗ്രസ്‌–-എസ്‌ എന്നിവ ഓരോ സീറ്റിലുമാണ്‌ മത്സരിക്കുകയെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
   വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഏതെങ്കിലുമൊരു മുന്നണി ജില്ലാ പഞ്ചായത്ത്‌ സീറ്റുവിഭജനം പൂർത്തിയാക്കുന്നത്‌. എം വി ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗമാണ് സീറ്റുവിഭജനം നടത്തിയത്‌. ഇത്തവണ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന്‌ നേതാക്കൾ പറഞ്ഞു. 2015 നേക്കാൾ വോട്ടും സീറ്റും തദ്ദേശസ്ഥാപനങ്ങളും മുന്നണിക്ക്‌ ലഭിക്കും. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ എൽഡിഎഫ് സർക്കാർ മാതൃകയാണ്. ജില്ലയിൽ എൽഡിഎഫ് ഭരിക്കുന്ന 30 തദ്ദേശ സ്ഥാപനങ്ങൾ ദേശീയ–-സംസ്ഥാന പുരസ്കാരങ്ങളും മാധ്യമ അവാർഡുകളും നേടി. ഈ വികസനമുന്നേറ്റത്തിന് തുടർച്ച വേണമെങ്കിൽ എൽഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതികൾ തന്നെ തദ്ദേശസ്ഥാപനങ്ങളിൽ അധികാരത്തിലെത്തണം. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്‌. വർഗീയതക്കും ആഗോളവൽക്കരണത്തിനുമെതിരെ ജനപക്ഷ വികസന കാഴ്ചപ്പാടുയർത്തിപ്പിടിക്കുന്ന എൽഡിഎഫിന്റെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും കെ പി സഹദേവൻ അഭ്യർഥിച്ചു. 
    മുന്നണി നേതാക്കളായ എം വി ജയരാജൻ, അഡ്വ. പി സന്തോഷ്‌കുമാർ, സി രവീന്ദ്രൻ, പി ടി ജോസ്, വി കെ ഗിരിജൻ, കെ കെ രാജൻ, മഹമ്മൂദ് പറക്കാട്ട്, പി പി ദിവാകരൻ, കെ കെ ജയപ്രകാശ്, അഡ്വ. എ ജെ ജോസഫ്, ജോസ് ചെമ്പേരി, ജോയി കൊന്നക്കൽ, കെ സി ജേക്കബ്,  വി രാജേഷ് പ്രേം, ജോജി അനത്തോട്ടം, എം പ്രഭാകരൻ, സിറാജ് തയ്യിൽ, സജി കുറ്റ്യാനിമറ്റം, രതീഷ് ചിറക്കൽ, കെ മനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top