29 November Tuesday
തലയുയർത്താൻ ‘കുറ്റ്യാടി ’ റെഡി

തൈ പത്തുവച്ചാൽ "ഫലസമൃദ്ധി'

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
പഴയങ്ങാടി
കായ്ക്കാൻ അൽപ്പം വൈകിയാലും കുറ്റ്യാടി തെങ്ങിൻ തൈകളോടാണ്‌ കർഷകർക്കിന്നും പ്രിയം. ഇതറിഞ്ഞ്‌ ‘ഫല സമൃദ്ധി’യേകാൻ തൈകളൊരുക്കി കർഷകരെ  കാത്തിരിക്കുകയാണ്‌ ചെറുതാഴം സർവീസ്‌ സഹകരണ ബാങ്ക്‌. തെങ്ങൊന്നിന് ശരാശരി 120 തേങ്ങ ഉൽപ്പാദനം. 15 മുതൽ 25 മീറ്റർ വരെ ഉയരം. മികച്ച ഫലസമൃദ്ധി. രുചിയുള്ള തേങ്ങ.  നൂറ്റാണ്ടുകളായി വിശേഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കുറ്റ്യാടി ഇനത്തിന്റെ മികവ്‌ തിരിച്ചറിഞ്ഞാണ്‌  ബാങ്കിന്റെ നഴ്‌സറിയിൽ തൈകൾ തയ്യാറാക്കിയത്‌. കാമ്പ് കൂടുതലുള്ളതും ഗുണമേന്മയുള്ള വെളിച്ചെണ്ണയുമാണ്‌ കുറ്റ്യാടി തെങ്ങിൽനിന്ന്‌ ലഭിക്കുക. 
      വിത്തുതേങ്ങകള്‍ക്കായും ഇവ വ്യാപകമായി ഉപയോഗിക്കുന്നു.  ‘വെസ്റ്റ് കോസ്റ്റ് ടോൾ’  (WCT) അഥവാ പശ്ചിമതീര നെടിയൻ ഇനം തെങ്ങാണിത്‌. വർഷങ്ങളായി കാർഷികമേഖലയിൽ  സജീവ ഇടപെടൽ നടത്തുന്ന  ബാങ്ക് മട്ടുപ്പാവ് കൃഷി ഒരുക്കിയാണ് മേഖലയിലേക്കിറങ്ങിയത്‌. പിന്നീട് നേന്ത്രവാഴ,  പച്ചക്കറി കൃഷിയും ചെയ്‌തു. വിവിധ പാടശേഖരങ്ങളിൽ നെൽകൃഷിയും നടത്തി. 300 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിച്ച് 3000 ടിഷ്യു കൾച്ചർ വാഴ തൈകകളും വളവും ‘മുറ്റൊത്തൊരു വാഴ’  പദ്ധതിയിലൂടെ ബേങ്ക് നൽകി. 
ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഒഴിവുസമയങ്ങളിലാണ് തെങ്ങിൻ തൈ ഉൽപ്പാദനത്തിന്‌ നേതൃത്വം നൽകിയത്‌.   വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന്‌ തൈ വിൽപ്പന പ്രസിഡന്റ്‌  സി എം വേണുഗോപാലൻ ഉദ്‌ഘാടനംചെയ്യും. പിലാത്തറയിൽ ദേശീയപാതയോരത്ത് അഗ്രികൾച്ചർ നഴ്സറി, കാർഷിക ഉപകരണ–-  ഉൽപ്പന്നങ്ങൾ  വിപണനത്തിന് അഗ്രി മാർക്കറ്റിന്റെ പ്രവൃത്തിയും നടക്കുകയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top