24 October Thursday

ദേശീയപാതാ വികസനം സ്ഥലമെടുപ്പിന്‌ 41 കോടികൂടി അനുവദിച്ചു

പ്രത്യേക ലേഖകൻUpdated: Thursday Aug 29, 2019
കണ്ണൂർ
ദേശീയപാത വികസന സ്ഥലമെടുപ്പിനായി ജില്ലയ്‌ക്ക്‌ 41 കോടി രൂപകൂടി അനുവദിച്ചു. ചൊവ്വാഴ്‌ചയാണ്‌ ദേശീയപാത അതോറിറ്റിയിൽനിന്ന്‌  ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചത്‌. ഇതോടെ മൊത്തം ലഭിച്ച തുക 647 കോടിയായി. കരിവെള്ളൂർ മുതൽ മുഴപ്പിലങ്ങാടുവരെയുള്ള ദേശീയപാത വികസനത്തിന്‌ രണ്ടായിരത്തിൽപ്പരം കോടി രൂപയാണ്‌ സ്ഥലമെടുപ്പിനു മാത്രം വേണ്ടത്‌.   
തളിപ്പറമ്പ്‌ ലാൻഡ്‌ അക്വിസിഷൻ സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടറുടെ പരിധിയിൽ  വരുന്ന സ്ഥലമെടുപ്പിനായാണ്‌ 41 കോടി രൂപ അനുവദിച്ചത്‌. കരിവെള്ളൂർ മുതൽ പാപ്പിനിശേരിവരെയുള്ള 12 വില്ലേജുകളിലാണ്‌ ഇവിടെ സ്ഥലമെടുപ്പു നടപടികൾ ദ്രുതഗതിയിൽ മുന്നോട്ടുപോകുന്നത്‌. ആകെ ഏറ്റെടുക്കേണ്ടത്‌ 121.94 ഹെക്ടർ. ഇതിൽ 108.69 ഹെക്ടർ ഭൂമിയുടെ 3ഡി വിജ്ഞാപനം കഴിഞ്ഞതാണ്‌. ഒടുവിൽ സ്ഥലനിർണയം പൂർത്തിയാക്കിയ 13.24 ഹെക്ടർ സ്ഥലത്തിന്‌ 3എ വിജ്ഞാപനമായതേയുള്ളൂ. 
തളിപ്പറമ്പ്‌ താലൂക്കിലെ കരിവെള്ളൂർ, വെള്ളൂർ, കോറോം, പരിയാരം,  മൊറാഴ, തളിപ്പറമ്പ്‌, കണ്ണൂർ താലൂക്കിലെ കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, ഏഴോം, കല്യാശേരി, പാപ്പിനിശേരി വില്ലേജുകളിലാണ്‌ സ്ഥലമെടുപ്പ്‌. ഭൂമിവിലയായി 412.14 കോടി രൂപ ദേശീയപാത അതോറിറ്റി നേരത്തേ അനുവദിച്ചിരുന്നു. ഇതിൽ 277.34 കോടി വിതരണം ചെയ്‌തു.  വിലനിർണയം പൂർത്തിയാക്കി പുതുതായി ആവശ്യപ്പെട്ട 241.12 കോടിയിലാണ്‌ 41 കോടി കഴിഞ്ഞദിവസം  അനുവദിച്ചത്‌. 
കണ്ണൂർ താലൂക്ക്‌ ലാൻഡ്‌ അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാരുടെ പരിധിയിൽ വരുന്ന എളയാവൂർ, ചേലോറ, എടക്കാട്‌, ചെമ്പിലോട്‌, കടമ്പൂർ, മുഴപ്പിലങ്ങാട്‌ വില്ലേജുകൾക്കായി 194 കോടി രൂപ ഇതിനകം അനുവദിച്ചു. ചിറക്കൽ, പുഴാതി, വലിയന്നൂർ വില്ലേജുകളുടെ വിലനിർണയ നടപടികൾ പൂർത്തിയാകുന്നതേയുള്ളൂ. ഒമ്പതു വില്ലേജുകളിലുമായി 79.89 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. എല്ലാം 3ഡി വിജ്ഞാപനം പൂർത്തിയായവ. രണ്ട്‌ ഹെക്ടർകൂടി എടുക്കേണ്ടിവരുമെന്നും റവന്യൂ അധികൃതർ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top