18 October Friday

കൃഷി വെള്ളത്തിൽ വേങ്ങാട്ടെ കർഷകർക്ക്‌ കണ്ണീരോണം

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2019
പിണറായി 
തോരാമഴയിലും പ്രളയ ജലത്തിലും കൃഷി മുങ്ങിയ വേങ്ങാട് പഞ്ചായത്തിലെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. ചാമ്പാട് മേഖലയിലാണ് വ്യാപകമായി കൃഷി നശിച്ചത്. ഏക്കർ കണക്കിന് സ്ഥലത്തെ നെൽകൃഷിയാണ്‌  വെള്ളം കയറി നശിച്ചത്‌. ഓണത്തിനു വിളവെടുക്കാൻ പാകത്തിൽ കൃഷിയിറക്കിയ കപ്പ, വാഴ വിളകൾക്കും നാശമുണ്ട്. 
ചാമ്പാടെ കന്നിപൊയ്യിൽ കെ പി അസീസിന്റെ ഓണ വിപണി ലക്ഷ്യമാക്കി നട്ട ആയിരത്തിലധികം നേന്ത്ര വാഴയും കപ്പക്കൃഷിയും നശിച്ചു. വിളവെടുപ്പിന്‌  ഒരു മാസം ബാക്കിനിൽക്കെയാണിത്‌. കൃഷി ഉപജീവന മാർഗമാക്കിയ അസീസിന് വരുമാനം മുട്ടിയ സ്ഥിതിയാണ്. 
കഴിഞ്ഞ വർഷവും മഴക്കെടുതിയിൽ കൃഷി നശിച്ചിരുന്നു. ശ്രേയാലയത്തിൽ കെ വി ബാബുവിന്റെ വാഴകൃഷിയും നെൽകൃഷിയും പടന്നക്കണ്ടി ഗോവിന്ദന്റെയും ഊർപ്പള്ളിയിലെ ഹരിദാസന്റെയും രാജഗോപാലന്റെയും വാഴയും മരച്ചീനികൃഷിയും വട്ടപ്പാറ ബാലകൃഷ്ണൻ, ടി പി അശോകൻ, പി വി പുഷ്പാങ്കതൻ, കെ വേണുഗോപാലൻ എന്നിവരുടെ വാഴക്കൃഷിയും നശിച്ചു. 
ചാമ്പാട് പാടശേഖരത്തിനു കീഴിലെ മൂന്നേക്കർ നെൽകൃഷി പൂർണമായും ഒരു ഏക്കറിലെ കൃഷി ഭാഗികമായും നശിച്ചു. തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ വയലിൽ ഒരാഴ്ചയോളം വെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് കൃഷി നശിച്ചത്. 
കോട്ടായി ശശീന്ദ്രന്റെ രണ്ടേക്കറിലെയും കോട്ടായി രവീന്ദ്രൻ, ഷീജ എന്നിവരുടെ  50 സെന്റ് സ്ഥലത്തെയും കൃഷിയാണ് പൂർണമായും നശിച്ചത്. വി വിജയൻ, യശോദ, ശാരദ, നാരായണി എന്നിവരുടെ കൃഷിയാണ് ഭാഗികമായി നശിച്ചത്. 
സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ സ്ഥലത്ത് ബാങ്ക് വായ്‌പിലൂടെയും മറ്റും ജൂലൈ ആദ്യമാണ് ഇവർ കൃഷിയിറക്കിയത്. ഒക്ടോബറിൽ വിളവെടുക്കാനിരിക്കെയാണ് ഇവരുടെ പ്രതീക്ഷകൾ കലിതുള്ളിയെത്തിയ കാലവർഷം തല്ലിക്കെടുത്തിയത്. വെയിലേൽക്കുമ്പോൾ ചില സ്ഥലത്തെ നെല്ല് കരിഞ്ഞു പോകുന്നുമുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top