കണ്ണൂർ
പ്രളയത്തിൽ നെൽകൃഷി നശിച്ച കർഷകർക്ക് സർക്കാർ സൗജന്യമായി നെൽ വിത്ത് നൽകും. 1800 കിലോ നെൽവിത്താണ് ജില്ലയിലെത്തിയത്. നെൽകൃഷി
പൂർണമായി ലഭിച്ചവരുടെ പട്ടിക കൃഷിഭവനിൽനിന്ന് ലഭിച്ചശേഷം വിത്ത് വിതരണം ചെയ്യും. ഒന്നാംവിള നെൽകൃഷി നശിച്ചിടത്ത് രണ്ടാംവിളയ്ക്കാണ് വിത്ത് നൽകുന്നത്. കൃഷി വകുപ്പിന്റെ സീഡ് ബാങ്കുകളിൽനിന്നുള്ള വിത്താണ് കണ്ണൂരിലെത്തിയത്. വേങ്ങാട്, കാങ്കോൽ സീഡ് ബാങ്കുകളിൽ രണ്ടാംവിളയ്ക്കുള്ള നെൽവിത്തുകൾ നശിച്ചതിനാൽ പട്ടാമ്പിയിൽനിന്നാണ് വിത്ത് കൊണ്ടുവന്നത്.
കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ നെൽകൃഷി നശിച്ചത് മയ്യിൽ പഞ്ചായത്തിലാണ്. 80 ഹെക്ടറിൽ. കുറുമാത്തൂർ, കൊളച്ചേരി പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും 30 ഹെക്ടർ നെൽകൃഷി നശിച്ചു. പാപ്പിനിശേരി, ചെങ്ങളായി പഞ്ചായത്തുകളിൽ 15 ഹെക്ടറും കുറ്റ്യാട്ടൂരിൽ 12 ഉം കീഴല്ലൂരിൽ പത്തും വേങ്ങാട് ഏഴും ഹെക്ടർ കൃഷി നശിച്ചു. പേരാവൂർ, ചേലോറ, മുണ്ടേരി പഞ്ചാത്തുകളിൽ അഞ്ച് ഹെക്ടർ നെൽകൃഷി നശിച്ചു. അഞ്ചരക്കണ്ടിയിൽ മൂന്നും മൊകേരിയിൽ രണ്ടും ഹെക്ടറാണ് നശിച്ചത്.
വിത്തിന് പുറമെ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരവും ലഭിക്കും. ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി സെപ്തംബർ ഏഴാണെങ്കിലും മിക്കവാറും അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. വിത്തിന് പുറമെ വളം ഉൾപ്പെടെ മറ്റ് ചെലവുകൾ ജനകീയാസൂത്രണ പദ്ധതിയിൽ നൽകുന്ന കാര്യം പരിഗണനയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..