25 April Thursday

സ്വപ്നവീട് പിളർന്ന് ദുരന്തത്തിന്റെ രണ്ടാമൂഴം

സതീഷ‌്ഗോപിUpdated: Wednesday Aug 29, 2018
കണ്ണൂർ
കോൺക്രീറ്റ് സാമഗ്രികൾ ചുമന്ന് എത്തിക്കാനാകാത്ത ചെങ്കുത്തായ മലഞ്ചെരിവിൽ വീട് പണിയുമ്പോൾ കൊട്ടിയൂർ കണ്ടപ്പുനത്തെ ഈന്തുങ്കൽ മത്തായി ഇരുമ്പ് കമ്പികൊണ്ട് മേൽക്കൂരയുണ്ടാക്കിയാണ് ഷീറ്റിട്ടത‌്. 'നമ്മുടെ മക്കൾക്ക് അമ്പതുകൊല്ലം ഈ വീട്ടിൽ ജീവിക്കണം' ആ മലയോരകർഷകൻ ഭാര്യ ജാൻസിയോട് പറഞ്ഞു. എന്നാൽ, ആറുമാസം മുമ്പ് വീടിന്റെയും മക്കളുടെ പഠനവായ്പയുടെയും കടം പെരുകിയപ്പോൾ ആ കമ്പിക്കഴുക്കോലിൽ കയറിട്ട് അയാൾ ജീവിതം അവസാനിപ്പിച്ചു. കഴിഞ്ഞദിവസങ്ങളിലെ പ്രകൃതിക്ഷോഭം ആ കുടുംബത്തിന്റെ സ്വപ്നവീടിനെയും ഭൂമിയെയും നെടുകെ പിളർന്നു. കിടപ്പാടം വിട്ട് പുനരധിവാസത്തിനായി സർക്കാർ അനുവദിച്ച താൽക്കാലിക താമസസ്ഥലത്തേക്ക് മാറാനൊരുങ്ങുമ്പോൾ ജാൻസിക്കും മക്കൾക്കും തീരാദു:ഖമാകുകയാണ് തിരിച്ചുപിടിക്കാനാകാത്ത നഷ്ടങ്ങൾ. 
കണ്ടപ്പുനത്തും തൊട്ടടുത്ത നെല്ലിയോടിയിലും സമാനമായ രീതിയിൽ വീടും ഭൂമിയും ആപത് ലക്ഷണമായി നെഞ്ചുപിളർന്ന് കിടക്കുന്നത് ആരെയും നിസ്സഹായരാക്കുന്ന നൊമ്പരക്കാഴ്ച. മലമുകളിൽ മണ്ണ് തെന്നിമാറി ഏതുനിമിഷവും താഴേക്ക് പൊട്ടിയടരാമെന്ന നിലയിലായതിനാൽ ഇവിടുത്തെ താമസക്കാർ ഒഴിഞ്ഞുപോകുകയാണ്. പ്രതികൂല കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും പടവെട്ടി മണ്ണിൽ പൊന്നുവിളയിച്ചവരുടെ ഉള്ളിൽ ഇപ്പോഴുള്ളത് പേടിസ്വപ്നങ്ങൾ. 
മക്കൾക്കായി ജീവിച്ച ഈന്തുങ്കൽ മത്തായി നേരിട്ട ദുരന്തവും നാട്ടുകാരുടെ നൊമ്പരമാണ്. കെട്ടിടനിർമാണം അടക്കം എല്ലാ ജോലികൾക്കും പോകുമായിരുന്നു. ഭാര്യ തൊഴിലുറപ്പ് പദ്ധതിക്കും. മൂത്തമകൾ അബിന എറണാകുളത്ത് എൻജിനിയറിങ് വിദ്യാർഥിയാണ്. മക്കളായ അമൽ പ്ലസ്ടുവും അജിത് എസ്എസ്എൽസിയും പാസായി ഉപരിപഠനത്തിന് ശ്രമിക്കുകയാണ്. 46,000 രൂപ ഭൂപണയബാങ്കിൽനിനും വായ്പയെടുത്താണ് വീട് നിർമിച്ചത്. അടച്ചുറപ്പുള്ള വീട് എന്നതായിരുന്നു സ്വപ്നം. സാധനങ്ങൾ കിലോമീറ്ററോളം ചുമന്നാണ് എത്തിച്ചത്. കല്ല് പറമ്പിൽനിന്നും പൊട്ടിച്ചെടുത്തു. കോൺക്രീറ്റ് സാമഗ്രികൾ മലയിലേക്ക് എത്തിക്കുന്നത് അസാധ്യം. മകളുടെ പഠനത്തിനും വീടിനുമെടുത്ത വായ്പ പലമടങ്ങായി വർധിച്ചപ്പോൾ ആധി പൂണ്ടാണ് മത്തായി ജീവിതം അവസാനിപ്പിച്ചത്. വീട്ടിൽ ആരുമിലാത്ത നേരത്തായിരുന്നു തൂങ്ങിമരണം. 
ഗൃഹനാഥന്റെ മരണം ഈ കുടുംബത്തിന് താങ്ങാവുന്നതിലും വലുതായിരുന്നു. അമ്പത് സെന്റ് ഭൂമി മാത്രമാണ് ആകെ സമ്പാദ്യം. വേദനിപ്പിക്കുന്ന ഓർമകളുമായി എങ്ങനെയെങ്കിലും മുന്നോട്ടുപോകുമ്പോഴാണ് പ്രകൃതിക്ഷോഭത്തിന്റെ രൂപത്തിൽ ദുരന്തത്തിന്റെ രണ്ടാമൂഴം. മക്കളുടെ പഠനം എങ്ങനെ തുടരുമെന്ന കാര്യത്തിൽ ആധിയാണ് ഈ വീട്ടമ്മയ്ക്ക്. ഈ ഭൂമി താമസത്തിന് സുരക്ഷിതമല്ലെന്നാണ് കരുതപ്പെടുന്നത്. ഓർമകൾ ബാക്കിയാക്കി സ്വന്തം മണ്ണിൽനിന്നും നാളെ പറിച്ചെറിയപ്പെടുമെന്നതും കുടുംബത്തിന് ദുഖമാകുന്നു. കനിവുള്ളവർ തങ്ങളുടെയും കണ്ണീരൊപ്പാൻ കൂടെനിൽക്കുമെന്ന പ്രതീക്ഷയിലാണ് ജാൻസിയും മക്കളും.
പ്രധാന വാർത്തകൾ
 Top