24 September Friday

കുട്ടുക്കയുടെ കൂട്ടിൽ ഒടവാഴക്ക ഹിറ്റ്‌

പി ദിനേശൻUpdated: Thursday Jul 29, 2021

ഒടവാഴക്ക

തലശേരി

യുട്യൂബും ഇൻസ്‌റ്റഗ്രാമും തുറന്നാൽ ഇപ്പോൾ ‘ഒടവാഴക്ക’യാണ്‌  ഹിറ്റ്‌. അത്‌ തലശേരിയിലെ വി കെ കുട്ടു ഉണ്ടാക്കിയാലോ. തലശേരിയുടെ രുചിപ്പെരുമ കാക്കുന്ന ഒടവാഴക്കയുണ്ടാക്കൻ ഇപ്പോഴും കുട്ടുക്ക കേമനാണ്‌.  സുഗന്ധവ്യജ്ഞനങ്ങൾക്കൊപ്പം ഉണക്കി സംസ്‌കരിച്ച്‌ ഒരു വർഷംവരെ കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ്‌ ഇതിന്റെ പ്രത്യേകത. മൂത്തുപഴുത്ത നേന്ത്രപ്പഴം ചെത്തിയിട്ട്‌ ഏഴുദിവസം വെയിലിൽ ഉണക്കിയാണ്‌ ‘ഒടവാഴക്ക’ (സൺഡ്രൈഡ്‌ ബനാന) തയാറാക്കുന്നത്‌. പഞ്ചസാര ലായനിയിൽ മുക്കി, കുരുമുളക്‌, ഏലക്ക, ചുക്ക്‌ പൊടികൾ ചേർത്ത്‌ സൂക്ഷിക്കുന്നു. പഞ്ചസാര ലായനിക്ക്‌ പകരം ആദ്യകാലത്ത്‌ തേനാണ്‌ ഉപയോഗിച്ചത്‌. ഓടവാഴക്കയാണ്‌ ലോപിച്ച്‌ ഒടവാഴക്കയായത്‌. 
ഏഴാംവയസിൽ 1941ലാണ്‌ ആദ്യമായി ഒടവാഴക്ക ആസ്വദിച്ചു കഴിച്ചതെന്ന്‌ വി കെ കുട്ടു പറഞ്ഞു. ഉമ്മാമ്മയുടെ ജ്യേഷ്‌ഠത്തിക്ക്‌ അറക്കൽ കുടുംബവുമായി വിവാഹബന്ധവുമുണ്ടായിരുന്നു. അന്നത്തെ അറക്കൽ ബീവിക്കായി വയ്യപ്പുറത്ത്‌ കുന്നത്ത്‌ തറവാട്ടിൽ ഒടവാഴക്കയുണ്ടാക്കുന്നതാണ്‌ ആദ്യം കണ്ടത്‌.  
ഹജ്ജിന്‌ പോണോ; ഒടവാഴക്കയില്ലാതെ വയ്യ
ഹജ്ജ്‌ തീർഥാടനവുമായി ബന്ധപ്പെട്ടതാണ്‌ ഒടവാഴക്കയുടെ കഥ. പായക്കപ്പലിൽ മാസങ്ങൾ നീളുന്നതായിരുന്നു അന്നത്തെ ഹജ്ജ്‌യാത്ര. പുരുഷന്മാർക്കൊപ്പം സ്‌ത്രീകളുമുണ്ടാകും. യമനിലെ തുറമുഖ പട്ടണമായ ഏഡനിലിറങ്ങി അവിടെനിന്ന്‌ മാസങ്ങൾ നീണ്ട ഒട്ടകപ്പുറത്തുള്ള യാത്രക്കിടയിൽ ഉണക്ക മാംസം, ഉണക്ക റൊട്ടി,  ഈത്തപ്പഴം എന്നിവയായിരുന്നു ഭക്ഷണം. 
   ഭക്ഷണവുമായി പൊരുത്തപ്പെടാൻ കഴിയാതിരുന്ന തലശേരിയിലെ സ്‌ത്രീകളുടെ പാചക പരീക്ഷണത്തിലാണ്‌ ഒടവാഴക്കയുടെ പിറവിയെന്ന്‌ കുട്ടു പറയുന്നു. ഇരിട്ടിക്കടുത്ത പുന്നാട്‌ താമസിക്കുന്ന വി കെ കുട്ടു തലശേരിയുടെ കഥപറയുന്ന ഗ്രന്ഥങ്ങളുടെ കർത്താവ്‌കൂടിയാണ്‌. മദിരാശി വെറ്ററിനറി കോളേജിലാണ്‌ പഠനം. വടക്കൻ കേരളത്തിലെ വിവിധ വെറ്ററിനറി ആശുപത്രികളിൽ ജോലിചെയ്‌തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top