03 July Friday

കാലിക്കടവിൽ പ്രതിരോധ പ്രവർത്തനം താളംതെറ്റിക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
തൃക്കരിപ്പൂർ
കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുമ്പോഴും  പ്രതിരോധ പ്രവർത്തനം താളംതെറ്റിക്കാൻ യുഡിഎഫ്‌  നീക്കം. കണ്ണൂർ –- കാസർകോട്‌ ജില്ലാഅതിർത്തിയായ കാലിക്കടവിലെ  ആരോഗ്യ വിഭാഗം പരിശോധന കേന്ദ്രത്തിലാണ് വ്യാഴാഴ്‌ച  പ്രദേശിക യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ ബഹളമുണ്ടാക്കാനും പ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായത്‌. ദുബായി,  കുവൈത്ത്‌  എന്നിവിടങ്ങളിൽനിന്ന്‌ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ കാസർകോട് ജില്ലയിലേക്കുള്ള 14 യാത്രക്കാരുടെ ആരോഗ്യ പരിശോധന നടക്കുമ്പോഴാണ്‌ നാടകീയ രംഗങ്ങൾ അരങ്ങേറിയത്‌. ബസ്സെത്തി നിമിഷ നേരത്തിനുള്ളിൽ പ്രദേശത്തെ പഞ്ചായത്ത് മെമ്പറടക്കമുള്ള യുഡിഎഫ് നേതാക്കളും ചാനൽ പ്രവർത്തകരും സ്ഥലത്തെത്തി. ഇതോടെ മൂൻകൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ ചില യാത്രക്കാരുടെ പ്രതിഷേധം. ക്വാറന്റൈൻ സൗകര്യത്തിന്റെ പേരിലായിരുന്നു തുടക്കം. പിന്നീട്‌ ബസ്‌ ഏറെനേരം പിടിച്ചിട്ടുവെന്നാരോപിച്ച്‌ ബഹളമായി. പകൽ പന്ത്രണ്ടോടെയാണ്‌ മൂന്ന്‌ കെഎസ്ആർടിസി ബസ്സുകളിലായി ഒരു സ്ത്രീയടക്കം 14 പേർ എത്തിയത്.  ഇവരിൽ മൂന്നുപേർ  സ്വന്തം ചെലവിൽ ക്വാറന്റൈൻ ചെയ്യാൻ തയ്യാറായി. ഇവർക്ക് നീലേശ്വരത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ സൗകര്യം ഏർപ്പെടുത്തി. മുറി വാടകയിൽ  അമ്പത് ശതമാനം കുറവ് വരുത്തിയാണ്‌  നൽകിയത്. മറ്റുള്ളവർ സർക്കാർ ക്വാറന്റൈൻ ആവശ്യപ്പെട്ടതിനാൽ റവന്യൂ ഉദ്യോഗസ്ഥർ ചന്തേരയിലെ എയ്ഡഡ് സ്കൂൾ  തയ്യാറാക്കിയെങ്കിലും ശുചിമുറികളുടെ  കുറവുപറഞ്ഞ് അവിടെ കഴിയാൻ തയ്യാറായില്ല. തുടർന്ന് അതത് പഞ്ചായത്തുകളിൽ സംവിധാനമൊരുക്കി. മടിക്കൈ, പനത്തടി, ഈസ്റ്റ് ഏളേരി പഞ്ചായത്ത് പരിധിയിലേക്ക് പോകേണ്ടവർക്ക് കാഞ്ഞങ്ങാടുനിന്നും ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഉറപ്പുവരുത്തി. ക്വാറന്റൈൻ സൗകര്യമൊരുക്കുന്ന സമയം ബസ് കാലിക്കടവിൽ പിടിച്ചിടേണ്ടി വന്നതിനാൽ യാത്രക്കാർക്ക്  ഭക്ഷണവും വെള്ളവുമടക്കം എത്തിച്ചുകൊടുത്തു. ചിലർ കഴിക്കാൻ തയ്യാറായില്ല. ബസ്സിൽനിന്നിറങ്ങി ഭക്ഷണം കഴിക്കാൻ സൗകര്യം വേണമെന്ന്‌ ആക്രോശിച്ചായി പിന്നീട്‌‌‌ ബഹളം. സർക്കാർ ചെലവിൽ ക്വാറന്റൈൻ ചെയ്യാൻ സൗകര്യമില്ലങ്കിൽ വീടുകളിൽ അവസരം ഒരുക്കണമെന്നായി ചിലർ. ബോധപൂർവം കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ  യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top